Gulf

രാഷ്ട്രീയ മുതലെടുപ്പിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; അബൂദബിയിലെ ഇന്ത്യന്‍ ബിസിനസ് പ്രഫഷനല്‍ ഗ്രൂപ്പുമായി സംവദിച്ച് രാഹുല്‍

രാഷ്ട്രീയ മുതലെടുപ്പിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; അബൂദബിയിലെ ഇന്ത്യന്‍ ബിസിനസ് പ്രഫഷനല്‍ ഗ്രൂപ്പുമായി സംവദിച്ച് രാഹുല്‍
X

അബൂദബി: രാഷ്ട്രീയ മുതലെടുപ്പിനായി സര്‍ക്കാര്‍ സംവിധാനങ്ങളും ഭരണസംവിധാനങ്ങളും ദുരുപയോഗം ചെയ്യുന്നത് ഇന്ത്യയുടെ നിലനില്‍പിനുതന്നെ ഭീഷണിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സാമ്പത്തികനിലയില്‍ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും ഭരണസംവിധാനങ്ങളും താളംതെറ്റുന്ന കാഴ്ചയും ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുഎഇയില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി, അബൂദാബിയില്‍ ഇന്ത്യന്‍ ബിസിനസ് പ്രഫഷനല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് തൊഴിലില്ലായ്മയാണ്. നോട്ടുനിരോധനമാണ് തൊഴിലില്ലായ്മയ്ക്ക് വഴിവച്ചത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കും. സാമ്പത്തികമേഖലയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നുവരികയാണ് എന്നതിന്റെ ഉദാഹരണമാണ് റാഫേല്‍ ഇടപാട്. വൈമാനികരംഗത്ത് പരിചയമില്ലാത്ത അംബാനിയും കമ്പനിയും എങ്ങനെ ഈ കരാര്‍ ഒപ്പിച്ചെടുത്തു എന്നത് അതിശയകരമാണ്. ഭരണകക്ഷിയെ രൂക്ഷമായി വിമര്‍ശിക്കാറൂണ്ട്. എന്നാല്‍, അസഭ്യവാക്കുകള്‍ ഉപയോഗിക്കാറില്ല. മാന്യവും സഭ്യവുമായ വിമര്‍ശനങ്ങളാണ് താനാഗ്രഹിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ ബിജെപി കുതന്ത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. എന്നാല്‍, സത്യം എന്നും നിലനില്‍ക്കുമെന്ന് രാഹുല്‍ ഓര്‍മിപ്പിച്ചു. ഇപ്പോഴും അവിവാഹിതനായി തുടരുന്നത് മോദിയെ മാതൃകയാക്കിയാണോ എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി രസകരമായിരുന്നു. ഞാന്‍ അദ്ദേഹത്തെ മാതൃകയാക്കുന്നില്ല. കാരണം മോദി വിവാഹിതനാണ്- രാഹുല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it