Gulf

വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ നഷ്ടപരിഹാര തുക തട്ടിയതായി പരാതി

കോടതി വിധിച്ച നഷ്ടപരിഹാര തുകയായ 1,16, 666 ദിര്‍ഹ(22 ലക്ഷത്തിലേറെ രൂപ)ത്തില്‍ നിന്ന് 73,000 ദിര്‍ഹം(11 ലക്ഷത്തിലേറെ രൂപ) തട്ടിയെടുത്തതെന്ന് സഹോദരന്‍ ബിനു ജോണ്‍ ആണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതിപ്പെട്ടത്

വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ നഷ്ടപരിഹാര തുക തട്ടിയതായി പരാതി
X

ദുബയ്: വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ നഷ്ടപരിഹാര തുകയില്‍ നിന്ന് വന്‍ സംഖ്യ റാസല്‍ഖൈമയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനും ചേര്‍ന്ന് തട്ടിയെടുത്തതായി പരാതി. തൊടുപുഴ പൂമാല സ്വദേശി പി കെ ജോണ്‍-മേഴ്‌സി ദമ്പതികളുടെ മകന്‍ ബിബിന്‍ ബാബു(25) 2016 ജനുവരി 6ന് റാസല്‍ഖൈമയില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ കടക്കുമ്പോള്‍ വാഹനമിടിച്ച് മരിച്ച കേസില്‍ കോടതി വിധിച്ച നഷ്ടപരിഹാര തുകയായ 1,16, 666 ദിര്‍ഹ(22 ലക്ഷത്തിലേറെ രൂപ)ത്തില്‍ നിന്ന് 73,000 ദിര്‍ഹം(11 ലക്ഷത്തിലേറെ രൂപ) തട്ടിയെടുത്തതെന്ന് സഹോദരന്‍ ബിനു ജോണ്‍ ആണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതിപ്പെട്ടത്.

ബിബിന്‍ ബാബുവിന് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന് വേണ്ടി അദ്ദേഹം ജോലി ചെയ്തിരുന്ന റാസല്‍ഖൈമയിലെ റാക് ലാബ് അധികൃതരാണു ആദ്യം കോടതിയെ സമീപിച്ചത്. ഇതില്‍ 66,666 ദിര്‍ഹം(12 ലക്ഷത്തിലേറെ രൂപ) ദിയാധനം വിധിച്ചു. കമ്പനിയിലെ ഏതെങ്കിലുമൊരു ജീവനക്കാരന്റെ പാസ്‌പോര്‍ട്ട് ജാമ്യം വച്ച് തുക പിന്‍വലിക്കാമെന്ന് അധികൃതര്‍ ബിബിന്‍ ജോണിന്റെ കുടുംബത്തെ അറിയിച്ചു. എന്നാല്‍, ഇതിനിടെയാണു റാസല്‍ഖൈമയില്‍ സാമൂഹിക പ്രവര്‍ത്തകനെന്ന് അറിയപ്പെടുന്ന കൊല്ലം സ്വദേശിയുടെ രംഗപ്രവേശം. ഇയാള്‍ ബിബിന്റെ മൃതദേഹം നാട്ടിലേയ്ക്കു കയറ്റി അയക്കാന്‍ ഇടപെടുകയും കോടതി വിധിച്ച നഷ്ടപരിഹാര തുക കുറവാണെന്നും അപ്പീല്‍ നല്‍കിയാല്‍ കൂടുതല്‍ തുക ലഭിക്കുമെന്നും അറിയിക്കുകയും ചെയ്തു. ഇതിനായി അയാളുടെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാനും ആവശ്യപ്പെട്ടു. പിന്നീട് ഇയാള്‍ നാട്ടിലെത്തിയപ്പോള്‍, 2016 ആഗസ്ത് 20ന് ഇയാളുടെ കൊല്ലത്തെ വീട്ടില്‍ പോയി പവര്‍ ഓഫ് അറ്റോര്‍ണിയും കേസ് ഫയല്‍ ചെയ്യാന്‍ ആവശ്യമായ രേഖകളും നേരിട്ടുകൈമാറി. അപ്പീല്‍ നല്‍കാന്‍ വേണ്ടി നഷ്ടപരിഹാര തുക കോടതിയില്‍ നിന്ന് പിന്‍വലിക്കരുതെന്ന് അയാള്‍ ബിബിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. പക്ഷേ, പിന്നീട് പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് ഇയാള്‍ തന്നെ തുക പിന്‍വലിക്കുകയും അതില്‍ നിന്ന് 43,000 ദിര്‍ഹം മണി എക്‌സ്‌ചേഞ്ച് വഴി ബിബിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയക്കുകയും ചെയ്തു. തുക കോടതിയില്‍ നിന്ന് പിന്‍വലിക്കാന്‍ അഭിഭാഷക ഫീസും മറ്റുമായി 23,000 ദിര്‍ഹം(നാല് ലക്ഷത്തിലേറെ രൂപ) ചെലവായെന്നായിരുന്നു സാമൂഹിക പ്രവര്‍ത്തകന്‍ പറഞ്ഞത്.

എന്നാല്‍ യുഎഇയില്‍ തിരിച്ചെത്തിയ ഇയാള്‍ അപ്പീലിന് പോവുന്ന കാര്യത്തില്‍ അമാന്തം കാണിച്ചു. കേസിനെ കുറിച്ച് അന്വേഷിച്ചപ്പോഴെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ബിനു ജോണ്‍ ആരോപിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം 2018 നവംബറില്‍ അപ്പീല്‍ നല്‍കിയതിന്റെ വിധി വന്നെന്നും ഇതില്‍ 66,666 ദിര്‍ഹം വീണ്ടും ലഭിച്ചെന്ന് പറഞ്ഞെങ്കിലും, രണ്ടാഴ്ച കഴിഞ്ഞ് ഇതു തെറ്റാണെന്നും 50,000 ദിര്‍ഹം മാത്രമാണ് വിധിച്ചതെന്നും വിധി മാറിപ്പോയതാണെന്നും അറിയിച്ചു. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കേസ് കൈകാര്യം ചെയ്ത അഭിഭാഷകനുമായി സംസാരിച്ചപ്പോള്‍, പരുഷമായ വാക്കുകളില്‍ യുഎഇയിലെ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയും സാമൂഹിക പ്രവര്‍ത്തകനെ പിന്തുണച്ച് സംസാരിക്കുകയും ചെയ്‌തെന്ന് ബിനു ആരോപിച്ചു. ആദ്യം വിധിച്ച നഷ്ടപരിഹാര തുക പിന്‍വലിക്കാനായി ചെലവായ 23,000 ദിര്‍ഹത്തിന്റെ ഒരു ബില്ലും അയച്ചുതന്നു. യഥാര്‍ഥത്തില്‍ രണ്ട് കേസുകളിലായി 1,16,666 ദിര്‍ഹമാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇതില്‍ നിന്ന് 43,000 ദിര്‍ഹം(എട്ട് ലക്ഷം രൂപ) മാത്രമാണ് ബിബിന്‍ ജോണിന്റെ കുടുംബത്തിന് ലഭിച്ചത്.




Next Story

RELATED STORIES

Share it