Gulf

കെ റെയില്‍ ഇടതുസര്‍ക്കാര്‍ ശ്രമം കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍: പ്രവാസി സാംസ്‌കാരിക വേദി

കെ റെയില്‍ ഇടതുസര്‍ക്കാര്‍ ശ്രമം കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍: പ്രവാസി സാംസ്‌കാരിക വേദി
X

ജിദ്ദ: ജനങ്ങളുടെ താല്‍പര്യത്തെ പൂര്‍ണമായി അവഗണിച്ച് കോര്‍പറേറ്റ് മുതലാളിത്ത ദാസ്യവേലയുടെ ഭാഗമായിട്ടാണ് കേരളത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുന്ന കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേണ്‍ പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. ഇടതുപക്ഷവും മുതലാളിത്തവും ഒരേ ദിശയില്‍ സഞ്ചരിക്കുന്ന അവസ്ഥയാണ് നിലവില്‍ കാണാന്‍ കഴിയുന്നത്. മുതലാളിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ജനകീയ സമരവുമായി രംഗത്ത് ഇറങ്ങുന്നവരെ തീവ്രവാദ മുദ്ര ചാര്‍ത്തിയും വര്‍ഗീയത ആരോപിച്ചും തടയാന്‍ ശ്രമിക്കുന്നത് തികച്ചും ഫാസിസ്റ്റ് സമീപനമാണ്. ജനങ്ങളെ വെല്ലുവിളിച്ച് എന്തുവില കൊടുത്തും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതെന്ന് കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഗെയില്‍ പൈപ്പ് ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കിയ രീതി ഇതിലും സ്വീകരിക്കുമെന്ന അഹങ്കാരത്തോടു കൂടിയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. കോര്‍പറേറ്റ് മുതലാളിമാരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗിച്ചുകൊണ്ടും സമരം ചെയ്യുന്ന ജനങ്ങളെ ഭരണകൂട സംവിധാനങ്ങളായ പോലിസിനെയും മറ്റും ഉപയോഗിച്ച് അടിച്ചമര്‍ത്തിയും തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിലൂടെ പദ്ധതി നടപ്പിലാക്കാനാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

സര്‍ക്കാര്‍ പദ്ധതികള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത സംസ്‌കാരം ബിജെപിയുള്‍പ്പെടെയുള്ള ഫാഷസിസ്റ്റ് ഭരണകൂടത്തിന്റെ രീതിയാണ്. പദ്ധതികളില്‍ നിഗൂഢത സൃഷ്ടിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ പാസാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം തന്നെയാണ് കേരളത്തിലും ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇത്തരം ജനാധിപത്യവിരുദ്ധമായ സമീപനങ്ങളെ കേരളീയ സമൂഹം ശക്തമായി നേരിടണമെന്ന് പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റഹിം ഒതുക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it