Gulf

കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തെ അപലപിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

സന്യാസിനിമാര്‍ പോലിസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ 150 ലധികം സംഘപരിവാര അക്രമികള്‍ സംഘടിച്ചെത്തിയത് ഇതു സംബന്ധിച്ച ഗൂഢാലോചന വ്യക്തമാക്കുന്നു.

കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തെ അപലപിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

മനാമ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ക്രൈസ്തവ യുവസന്യാസിനിമാര്‍ക്ക് നേരെ സംഘപരിവാരം നടത്തിയ ആക്രമണം അപലപനീയമാണെന്നും മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ സംഘപരിവാര അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ മുമ്പോട്ടുവരണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റയ്ന്‍ കേരള ഘടകം ആവശ്യപ്പെട്ടു.

വിചാരധാരയുടെ പ്രായോഗിക പരീക്ഷണ ശാലയായി യുപി മാറിയതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. മുന്‍ഗണനാ പട്ടിക അനുസരിച്ച് ഓരോ വിഭാഗത്തിനെയും ആക്രമിച്ച് ഇല്ലാതാക്കുകയാണ് സംഘപരിവാര അക്രമികള്‍. ത്സാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് വനിതാ പോലിസുകാരില്ലാതെ പുറത്തിറങ്ങില്ലെന്ന് സന്യാസിനികള്‍ പറഞ്ഞെങ്കിലും അവരെ ബലമായി പുറത്തിറക്കിയ നടപടി സംഘപരിവാരവത്തിന്റെ കൂലിത്തൊഴിലാളികളായി പോലിസ് മാറിയതിന്റെ തെളിവാണ്. ആധാര്‍ ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ രേഖകളെല്ലാം കാണിച്ചെങ്കിലും അക്രമികള്‍ക്കൊപ്പം കൂടി പോലിസും മോശമായി പെരുമാറുകയായിരുന്നുവെന്ന സന്യാസിനിമാരുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്.

സന്യാസിനിമാര്‍ പോലിസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ 150 ലധികം സംഘപരിവാര അക്രമികള്‍ സംഘടിച്ചെത്തിയത് ഇതു സംബന്ധിച്ച ഗൂഢാലോചന വ്യക്തമാക്കുന്നു. സംഘപരിവാര അക്രമികള്‍ ഏതു സമയത്തും ന്യൂനപക്ഷങ്ങളുടെ മേല്‍ ചാടി വീഴാന്‍ തയ്യാറായി സര്‍വായുധസജ്ജരായി നില്‍ക്കുന്നു എന്ന സൂചനയാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്.

ത്സാന്‍സിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂര്‍വവുമായ ഇടപെടല്‍ കൊണ്ടു മാത്രമാണ് സന്യാസിനിമാരുടെ ജീവന്‍ രക്ഷിക്കാനായത്. രാജ്യത്തെ ജനാധിപത്യ, മതേതതര വിശ്വാസികളും ന്യൂനപക്ഷങ്ങളും ഈ അപകടം തിരിച്ചറിയണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു .

Next Story

RELATED STORIES

Share it