Gulf

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഭരണകൂടങ്ങള്‍ തടസ്സപ്പെടുത്തുന്നു: ജിഗീഷ് മോഹന്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഭരണകൂടങ്ങള്‍ തടസ്സപ്പെടുത്തുന്നു: ജിഗീഷ് മോഹന്‍
X

ദമ്മാം: സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഭരണകൂടങ്ങള്‍ തടസ്സപ്പെടുത്തുകയാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു ബിസിനസ് ലൈന്‍ ഡെപ്യൂട്ടി എഡിറ്ററുമായ ജിഗീഷ് മോഹന്‍ അഭിപ്രായപ്പെട്ടു. ദമ്മാം മീഡിയ ഫോറം 'വിചാരണ ചെയ്യപ്പെടുന്ന മാധ്യമങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച മാധ്യമ വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന ആദ്യ മൂന്ന് തൂണുകളും ശക്തമായിരിക്കുമ്പോള്‍ മാത്രമേ നാലാം തൂണായ മാധ്യമങ്ങള്‍ക്കും ശക്തമായി നിലനില്‍ക്കാനാകുകയുള്ളൂ.

ദൗര്‍ഭാഗ്യവശാല്‍ നിയമനിര്‍മ്മാണ സഭകളും, നീതിന്യായ സംവിധാനങ്ങളും, ഭരണ നിര്‍വ്വഹണ സംവിധാനങ്ങളും പലവിധ പുഴുക്കുത്തുകള്‍ക്കും വിധേയമായിരിക്കുന്നു. ഇതിന്റെ സമ്മര്‍ദ്ദം മാധ്യമങ്ങള്‍ക്ക് മേലും ശക്തമായതോടെ മാധ്യമ പ്രവര്‍ത്തന രംഗത്തെ മൂല്യങ്ങള്‍ക്കും ശോഷണം സംഭവിച്ചിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് വെബിനാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പല മേഘലകളും ഇന്ന് മൂല്യച്യുതിയിലാണെന്നും സാമൂഹിക പ്രതിബദ്ധതയോടെയും ഗൗരവമായ ഉത്തരവാദിത്ത ബോധത്തോടെയും നിര്‍വ്വഹിക്കപ്പെടേണ്ട മാധ്യമ പ്രവര്‍ത്തനവും മൂല്യച്ച്യുതിയിലകപ്പെടാന്‍ വിവിധ കാരണങ്ങള്‍ പ്രേരകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല മാധ്യമ സ്ഥാപനങ്ങളേയും ഇന്ന് കോര്‍പ്പറേറ്റുകള്‍ കൈക്കലാക്കിയിരിക്കുന്നു. കോര്‍പ്പറേറ്റുകളും ഭരണകൂടങ്ങളും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടലുകള്‍ പലപ്പോഴും വാര്‍ത്തകളെ അവരുടെ താല്‍പര്യങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതും സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലുകള്‍ ശക്തമാകുകയും ചെയ്തതോടെ മാധ്യമങ്ങള്‍ക്കിടയില്‍ അനാരോഗ്യകരമായ മാല്‍സര്യബുദ്ധിയും പ്രകടമായിരിക്കുന്നു. വാര്‍ത്തകളുടെ ഉറവിടം പോലും കൃത്യമായി ഉറപ്പു വരുത്താതെ വാര്‍ത്ത തങ്ങളുടേതായി അദ്യം പുറം ലോകത്തെത്തിക്കാനുള്ള മല്‍സരം പലവിധ അബദ്ധങ്ങള്‍ക്കും അപകടങ്ങള്‍ക്കും വരെ കാരണമാകുന്നു. പരസ്യവരുമാനം മാധ്യമങ്ങളുടെ പ്രധാനപ്പെട്ട ഒരു വരുമാന മാര്‍ഗ്ഗമായതിനാല്‍ പലപ്പോഴും പരസ്യദായകര്‍ നിശ്ചയിക്കുന്ന രൂപത്തിലും വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതരാകാറുണ്ട്.

മാറിവരുന്ന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടമുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭരണ കൂടങ്ങളുടെ കടിഞ്ഞാണ്‍ കൂടി വീഴുന്നതോടെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം സാധ്യമാകുന്നില്ല എന്ന് മാത്രമല്ല നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കേണ്ടി വരുന്നു എന്നതും ജനാധിപത്യ ഇന്ത്യയില്‍ മാധ്യമ വിചാരണക്കിടവരുത്തുന്നു എന്ന് വെബിനാര്‍ അഭിപ്രായപ്പെട്ടു.

ദമ്മാം മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അദ്ധ്യക്ഷം വഹിച്ച വെബിനാറില്‍ ഫോറം ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട് സ്വാഗത പ്രഭാഷണം നടത്തി. അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ എം റൊയിയെ ഫോറം രക്ഷാധികാരി ഹബീബ് എലംകുളം അനുസ്മരിച്ചു. കേരള ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്മിജന്‍, സുനില്‍ മേനോന്‍, (ഔട്ട് ലുക്ക്) ജമാലുദ്ദീന്‍ (കൈരളി ന്യൂസ് മിഡിലീസ്റ്റ്), ജയന്‍ കൊടുങ്ങല്ലൂര്‍ (റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം) വിവിധ സാമൂഹിക പ്രവര്‍ത്തകര്‍ ആശംസകള്‍ നേര്‍ന്നു. ഫോറം ട്രഷറര്‍ മുജീബ് കളത്തില്‍ നന്ദി രേഘപ്പെടുത്തി. സുബൈര്‍ ഉദിനൂര്‍, നൗഷാദ് ഇരിക്കൂര്‍, ലുഖുമാന്‍ വിളത്തൂര്‍, അഷ്‌റഫ് ആളത്ത്, റഫീഖ് ചെമ്പോത്തറ, പ്രവീണ്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it