Gulf

കൊവിഡ്: ഖത്തറില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് മരണം

കോഴിക്കോട് കൊയിലാണ്ടി സ്വദേശി സഫാ മന്‍സിലില്‍ ഇല്ലത്ത് ഹാഷിമിന്റെ ഭാര്യ രഹനാ ഹാഷിം (53), തൃശൂര്‍ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (68) എന്നിവരാണ് കൊവിഡ് ബാധിച്ചുചികില്‍സയിലിരിക്കെ മരണപ്പെട്ട മലയാളികള്‍.

കൊവിഡ്: ഖത്തറില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് മരണം
X

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ കൂടി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സഫാ മന്‍സിലില്‍ ഇല്ലത്ത് ഹാഷിമിന്റെ ഭാര്യ രഹനാ ഹാഷിം (53), തൃശൂര്‍ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (68) എന്നിവരാണ് കൊവിഡ് ബാധിച്ചുചികില്‍സയിലിരിക്കെ മരണപ്പെട്ട മലയാളികള്‍. അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയായിരുന്ന അബ്ദുല്‍ ജബ്ബാര്‍ ആര്‍ട്ടിസ്റ്റ് ജബ്ബാറെന്നാണ് അറിയപ്പെട്ടിരുന്നത്. കൊവിഡ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്നു. ജോലിയില്‍നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമജീവിതത്തിലായിരുന്നു. ഭാര്യ: സാജിദ നേരത്തെ ഹമദില്‍ ജീവനക്കാരിയായിരുന്നു. മക്കള്‍: റീജ (എച്ച്എംസി, ഖത്തര്‍), ഷീജ (ദുബയ്), അജ്‌നാസ്, അജ്മല്‍ (എച്ച്എംസി). ഇളയമകള്‍ ഹനാന്‍ എംഇഎസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖത്തറില്‍ ഖബറടക്കും. കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് കഴിഞ്ഞ 21നാണ് രഹയെ കഴിഞ്ഞ 21നാണ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. നാലുപേര്‍കൂടി മരിച്ചതോടെ ഖത്തറില്‍ ആകെ മരണസംഖ്യ 80 ആയി.

1,201 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് പോസിറ്റീവ് ആയി തുടരുന്നവരുടെ എണ്ണം 21,536 ആയി. അതേസമയം, 1780 പേര്‍ കൂടി പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 60,461 ആയി. 19 പേരെയാണ് പുതുതായി ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 244 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 143 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,147 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.

Next Story

RELATED STORIES

Share it