Gulf

ഹജ്ജ് വേളകളിലെ ഓര്‍മകള്‍ പങ്കുവച്ച് മുന്‍ കോണ്‍സുല്‍ ജനറല്‍മാര്‍

ജിദ്ദയിലെ മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍മാരായ സയ്യിദ് അഹമ്മദ് ബാബയും ഫായിസ് അഹമ്മദ് കിദ്വായിയുമാണ് ഗ്ലോബല്‍ വെബ് മീറ്റില്‍ ഹജ്ജ് വേളകളില്‍ അരുടെ ഔദ്യോഗികജോലികള്‍ക്കിടയിലുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചത്.

ഹജ്ജ് വേളകളിലെ ഓര്‍മകള്‍ പങ്കുവച്ച് മുന്‍ കോണ്‍സുല്‍ ജനറല്‍മാര്‍
X

ജിദ്ദ: കഴിഞ്ഞ കാലങ്ങളിലെ ഹജ്ജ് വേളകളില്‍ ഇന്ത്യയില്‍നിന്നുള്ള ഹാജിമാരുടെ സേവനങ്ങള്‍ക്ക് ഔദ്യോഗിക നേതൃത്വം നല്‍കിയ കോണ്‍സുല്‍ ജനറല്‍മാര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച ഹജ്ജ് വളന്റിയര്‍മാരുടെ ഗ്ലോബല്‍ വെബ് മീറ്റില്‍ ഓര്‍മകള്‍ പങ്കുവച്ചു. ജിദ്ദയിലെ മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍മാരായ സയ്യിദ് അഹമ്മദ് ബാബയും ഫായിസ് അഹമ്മദ് കിദ്വായിയുമാണ് ഗ്ലോബല്‍ വെബ് മീറ്റില്‍ ഹജ്ജ് വേളകളില്‍ അരുടെ ഔദ്യോഗികജോലികള്‍ക്കിടയിലുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചത്. 2008 ലെ ഹജ്ജിനായിരുന്നു ഏറ്റവും കൂടുതല്‍ സജ്ജീകരണങ്ങള്‍ വേണ്ടിവന്നതെന്നും സൗദി ഗവണ്‍മെന്റ് ആ വര്‍ഷം മുതലാണ് പുതിയ പല ക്രമീകരണങ്ങളും ആരംഭിച്ചതെന്നും സയ്യിദ് അഹമ്മദ് ബാബ പറഞ്ഞു.


മിനയിലെയും മുസ്ദലിഫയിലേയുമൊക്കെ ക്രമീകരണങ്ങള്‍ ഹാജിമാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതില്‍ ഫ്രറ്റേണിറ്റി ഫോറം വഹിച്ച പങ്ക് മറക്കാനാവാത്തതാണെന്നും ബാബ അനുസ്മരിച്ചു. 2011 മുതല്‍ 2014 വരെയുള്ള ജിദ്ദയിലെ കാലഘട്ടം മനസ്സിലിപ്പോഴും പുളകം നല്‍കുന്ന ഓര്‍മകളാണെന്ന് ഫായിസ് അഹമ്മദ് കിദ്വായി പറഞ്ഞു. ഹജ്ജ് വളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍ കേവലമൊരു സേവനപ്രവര്‍ത്തനത്തിനപ്പുറം അതൊരു വലിയ നേതൃത്വപരിശീലനമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനങ്ങളും നടപടികളുമായി ഫ്രറ്റേണിറ്റി ഫോറം ആ മേഖലയില്‍ മികച്ചുനില്‍ക്കുന്നു.

ഹജ്ജിനെത്തുന്ന വിവിധ ദേശക്കാര്‍ക്ക് മുഴുവന്‍ സഹായമെത്തിച്ച് ഇന്ത്യക്കാര്‍ മാതൃകയാവുമ്പോള്‍ ഫോറത്തിന്റെ പങ്കാളിത്തം അതില്‍ മികച്ചതായിരുന്നു. അറഫയിലും മുസ്ദലിഫയിലും വഴിതെറ്റി ഒറ്റപ്പെട്ടുപോയ ഹാജിമാരെ കണ്ടെത്തുന്നതിന് ഫോറം സ്വീകരിച്ച രീതി തെല്ലൊന്നുമല്ല ഹാജിമാര്‍ക്ക് സഹായകരമായതെന്നും ഫായിസ് കിദ്വായി അനുസ്മരിച്ചു. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം വളന്റിയര്‍മാരുമായി വീണ്ടും സംഗമിക്കാനും സംവദിക്കാനും സാധിച്ചതിലെ സന്തോഷം പങ്കുവച്ചാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്. ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ വൈ. സാബിര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു.

വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലരായി സേവനത്തിനിറങ്ങാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഫ്രറ്റേണിറ്റി ഫോറം സൗദി സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. ഐപിഡബ്ല്യൂഎഫ് പ്രസിഡന്റ് അയ്യൂബ് ഹക്കിം, മുന്‍ പ്രസിഡന്റുമാരായ അബ്ദുല്‍ ഖാദിര്‍ ഖാന്‍, മുഹമ്മദ് അബ്ദുല്‍ അസീസ് കിദ്വായ്, സകരിയ ബിലാദി, ഖമര്‍ സാദ, അഷറഫ് മൊറയൂര്‍, അബ്ബാസ് ചെമ്പന്‍, സലാഹ് കാരാടന്‍, ഷമിം കൗസര്‍, നൂറുദ്ദീന്‍ ഖാന്‍, ബഷീര്‍ ഈങ്ങാപ്പുഴ, അബ്ദുസ്സലാം മാസ്റ്റര്‍, സലിം മംഗലാപുരം,വിമന്‍സ് ഫ്രറ്റേണിറ്റി പ്രതിനിധി അസ്മ ഇഖ്ബാല്‍ സംസാരിച്ചു.

ഫോറം സോണല്‍ സെക്രട്ടറി ഷംസുദ്ദീന്‍ മലപ്പുറം ഹജ്ജ് സേവനം വിശദീകരിക്കുന്ന വീഡിയോ ഡോക്യുമെന്ററി അവതരിപ്പിച്ചു. വളന്റിയര്‍മാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യന്‍ പ്രസിഡന്റ് ഫമയാസുദ്ദീന്‍ ചെന്നൈ ആമുഖപ്രസംഗം നടത്തി. ഇഖ്ബാല്‍ ചെമ്പന്‍ അവതാരകനായിരുന്നു.

Next Story

RELATED STORIES

Share it