Gulf

മര്‍ദ്ദിത വിഭാഗങ്ങളുടെ പൊതുവേദി ഉയര്‍ന്നുവരണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

ഇന്ത്യയില്‍ മര്‍ദ്ദിത പീഡിത വിഭാഗങ്ങളുടെ പൊതുവേദി ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അതിനു ലീഗ് തന്നെ മുന്‍കൈയെടുക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

മര്‍ദ്ദിത വിഭാഗങ്ങളുടെ പൊതുവേദി ഉയര്‍ന്നുവരണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
X

അഹ്മദ് യൂസുഫ്

ദമ്മാം: ഇന്ത്യയില്‍ മര്‍ദ്ദിത പീഡിത വിഭാഗങ്ങളുടെ പൊതുവേദി ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അതിനു ലീഗ് തന്നെ മുന്‍കൈയെടുക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. കോണ്‍ഗ്രസ് സംഘപരിവാരത്തോട് മൃദു സമീപനം സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ ലീഗ് മറ്റുപാര്‍ട്ടികളുമായി ചേര്‍ന്ന് പുതിയൊരു മുന്നണി ഉണ്ടാക്കാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ്് അദ്ദേഹം പൊതുവേദി രൂപീകരിക്കണമെന്ന് അഭിപ്രായപ്പെട്ടത്. മുന്നണി ഉണ്ടാക്കാനുള്ള സാധ്യത പറയാന്‍ പറ്റില്ല. എന്നാല്‍, മര്‍ദ്ദിത പീഡിത വിഭാഗങ്ങളുടെ പൊതുവേദി ഉയര്‍ന്നു വരേണ്ടതുണ്ട്. അതിനു ലീഗ് തന്നെ മുന്‍കൈയെടുത്ത് യോഗം വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കും- ഇടി ബഷീര്‍ പറഞ്ഞു. .

മുസ്ലിംകള്‍ അല്ലാത്ത ആരും ഭയപ്പെടേണ്ട എന്ന പച്ചയായ വര്‍ഗീയതയിലൂന്നിയ നിയമ നിര്‍മ്മാണം നടത്തുന്ന ഒരു സര്‍ക്കാര്‍ ഇതിനു മുമ്പ് രാജ്യത്ത് ഉണ്ടായിട്ടില്ലെന്ന് അദ്ധേഹം പറഞ്ഞു. വളരെ അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം പോയിക്കൊണ്ടിരിക്കുന്നത്. കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് പുറം ലോകം അറിയുന്നില്ല. ഇന്ത്യയില്‍ വാര്‍ത്താ മാധ്യങ്ങള്‍ ഇത്രയധികം വേട്ടയാടപ്പെട്ട ഒരു കാലഘട്ടം മുന്‍പ് ഉണ്ടായിട്ടില്ല.

കശ്മീര്‍ വിഷയത്തില്‍ ജനാധിപത്യവിരുദ്ധ നിലപാടുണ്ടായപ്പോള്‍ പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകാഞ്ഞത് നരേന്ദ്രമോദി എല്ലാ പാര്‍ട്ടികളെയും പേടിപ്പിച്ച് നിര്‍ത്തിയതിനാലാണ്. എന്നാല്‍, ഞങ്ങളുടെ പാര്‍ട്ടി അത് ഒരജണ്ടയായി ഏറ്റെടുത്ത് 'നിര്‍ഭയ ഇന്ത്യ എല്ലാവരുടെയും ഇന്ത്യ' എന്ന പേരില്‍ ദേശീയ കാംപയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍, പ്രതിപക്ഷ കക്ഷികളുടെ യോജിപ്പ് ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണെന്നും എം പി പറഞ്ഞു.


എന്‍ആര്‍സിയെ ലീഗ് ബഹിഷ്‌ക്കരിക്കുമോ എന്ന ചോദ്യത്തിന് ബഹിഷ്‌കരിച്ചാല്‍ ശരിയാവില്ലെന്നായിരുന്നു മറുപടി. പതിനഞ്ചോളം തെളിവുകള്‍ ഹാജരാക്കാനാണു ആവശ്യപ്പെട്ടിട്ടുള്ളത്. ട്രൈബ്യൂണലിന്റെ മുന്‍പില്‍ ചെല്ലുക എന്നത് സാധാരണക്കാരന് കഴിയില്ല. അതുകൊണ്ട് ഞങ്ങളവിടെ ഹെല്‍പ് ഡസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്‍ആര്‍സി വരുന്നതിനു മുന്‍പ് തന്നെ 3000ഓളം ആളുകള്‍ തടങ്കല്‍ ക്യാംപമ്പുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ എത്ര ആളുകള്‍ക്ക് അപ്പീലിന് പോകാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

പാലാരി വട്ടം പാലം അഴിമതിയില്‍ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്നാണ് പാര്‍ട്ടി മനസിലാക്കുന്നത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും. വട്ടിയുര്‍ കാവ്, കോന്നി എന്നിവിടങ്ങളിലും പ്രതീക്ഷയുണ്ട്.

അബ്ദുല്‍ നാസര്‍ മഅ്ദനിയുടേത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്. പാര്‍ലമെന്റില്‍ മദനിയുടെ വിഷയം ആദ്യമായി ഉന്നയിച്ചത് താനാണ്. സഞ്ജീവ് ഭട്ടിന്റെയും ഖഫീല്‍ ഖാന്റെയും മനുഷ്യാവകാശ ലംഘനങ്ങളില്‍ പേരെടുത്തുപറഞ്ഞ് പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും മഅ്ദനിക്ക് വേണ്ടി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ദമ്മാമില്‍ നിന്നു കേരളത്തിലേക്കുള്ള പ്രവാസികളുടെ യാത്രാ പ്രശനം പരിഹരിക്കാന്‍ വിമാന സര്‍വ്വീസിന്റെ കാര്യത്തില്‍ ഇടപെടുമെന്നും ചോദ്യത്തിന് മറുപടിയായി ബഷീര്‍ പറഞ്ഞു..

മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ മീഡിയ ഫോറം പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍ അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ സ്വാഗതം പറഞ്ഞു. അനില്‍ കുറിച്ചിമുട്ടം എംപി യെ ബൊക്കെ നല്‍കി സ്വീകരിച്ചു.

Next Story

RELATED STORIES

Share it