Gulf

ഏറനാട്- പൂക്കോട്ടൂര്‍ കലാപങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വ്യത്യസ്തമായ പോരാട്ടങ്ങള്‍: ചരിത്രകാരന്‍ സി അബ്ദുല്‍ഹമീദ് (വീഡിയോ)

മലബാര്‍ സമരപോരാട്ടങ്ങളുടെ നായകനും ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളിയുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 98ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 'വാരിയന്‍കുന്നനും ഏറനാടന്‍ വീരചരിതവും' വെബിനാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറനാട്- പൂക്കോട്ടൂര്‍ കലാപങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വ്യത്യസ്തമായ പോരാട്ടങ്ങള്‍: ചരിത്രകാരന്‍ സി അബ്ദുല്‍ഹമീദ് (വീഡിയോ)
X

ദമ്മാം: ഏറനാട്- പൂക്കോട്ടൂര്‍ കലാപങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ തന്നെ വ്യത്യസ്തമായ പോരാട്ടങ്ങളായിരുന്നെന്ന് ചരിത്രകാരന്‍ സി അബ്ദുല്‍ഹമീദ് മാസ്റ്റര്‍. മലബാര്‍ സമരപോരാട്ടങ്ങളുടെ നായകനും ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളിയുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 98ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 'വാരിയന്‍കുന്നനും ഏറനാടന്‍ വീരചരിതവും' വെബിനാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാര്‍ കലാപത്തെ വിമര്‍ശിക്കുന്നവര്‍ തുര്‍ക്കി ഖിലാഫത്തിന്റെ ഭാഗമായി ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുന്നുണ്ട്.



എന്നാല്‍, മലബാര്‍ കേന്ദ്രീകരിച്ചുള്ള സമരങ്ങള്‍ തുര്‍ക്കി ഖിലാഫത്തിന്റെ വളരെ മുമ്പുതന്നെ തുടങ്ങിയിട്ടുണ്ട്. മുസ്‌ലിം സമൂഹം ഇന്ത്യയിലെ ഹിന്ദുസമൂഹവുമായി കൂടിച്ചേര്‍ന്നുകൊണ്ട് പണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ ആദ്യകാലത്തുതന്നെ പങ്കെടുത്തിരുന്നു. അത് ഖിലാഫത്ത് പ്രസ്ഥാനത്തോടെ സാക്ഷ്യപ്പെട്ടുവെന്നതാണ് വാസ്തവമെന്ന് അബ്ദുല്‍ഹമീദ് മാസ്റ്റര്‍ പറഞ്ഞു. കൈയില്‍ തോക്കുമേന്തി ഉമ്മറത്തേയ്ക്ക് കയറിവന്ന ബ്രിട്ടീഷ് പട്ടാളത്തെ വിറപ്പിച്ച വാരിയംകുന്നന്‍, സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയവരില്‍ പ്രമുഖനും ഖിലാഫത്ത് നേതാവും ജനങ്ങള്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിച്ച പോരാളിയുമായിരുന്നു.



മലബാര്‍ ഭാഗത്ത് ഇതരസമുദായങ്ങള്‍ക്കിടയിലും മുസ്‌ലിം പണ്ഡിതര്‍ക്കിടയിലും ബ്രിട്ടീഷ് അനുകൂലപ്രവര്‍ത്തനങ്ങളുണ്ടായിരുന്നത് ആലി മുസ്‌ല്യാര്‍, വാരിയംകുന്നന്‍ തുടങ്ങിയ നേതാക്കള്‍ക്ക് വെല്ലുവിളിയായി മാറി. അഭിപ്രായഭിന്നതകള്‍ മാന്യമായി നേരിട്ടെങ്കിലും ചതിപ്രയോഗങ്ങള്‍ പോരാളികള്‍ക്ക് നേരിടേണ്ടിവന്നു. ഏറനാടും പൂക്കോട്ടൂരിലുമുണ്ടായ പോരാട്ടങ്ങള്‍ ഇന്ത്യയില്‍തന്നെ സമരങ്ങളില്‍ വ്യത്യസ്തമായിരുന്നു. അവിടെ സമരത്തില്‍ പങ്കെടുത്തവര്‍ സാധാരണക്കാരായിരുന്നു എന്നതാണ് പ്രത്യേകത. നീതിയിലധിഷ്ഠിതമായ ഒരു മലയാളരാജ്യം സ്വപ്‌നംകണ്ട എല്ലാ നാട്ടുകാര്‍ക്കും വിശ്വസ്തനും ബ്രിട്ടീഷ് രാജിന് പേടിസ്വപ്‌നവുമായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം കലകളിലും കായികശേഷിയിലും പൊതുപ്രവര്‍ത്തനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഹജൂര്‍ കച്ചേരിയില്‍ നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോയ ഹാജിക്ക് ഇതരമതസ്ഥരായ ധാരാളം സൈനികരും വിശ്വസ്തരായ ഇതരമത വ്യാപാരികളുമുണ്ടായിരുന്നു എന്നും സി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ ചരിത്രരേഖകള്‍ ഉദ്ധരിച്ച് വിവരിച്ചു. ഇന്ത്യയിലാകമാനം നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധസമരങ്ങള്‍ക്ക് ആവേശവും കരുത്തും നല്‍കുന്നതാണ് വാരിയാകുന്നത്ത് കുഞ്ഞഹമദ് ഹാജിയുടെ പോരാട്ടചരിത്രമെന്നും ആസൂത്രിതമായ മറവിയിലെക്ക് തള്ളപ്പെടേണ്ട ഒന്നല്ല മലബാര്‍ വിപ്ലവചരിത്രമെന്നും പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി അംഗം നസീബ് പത്തനാപുരം പറഞ്ഞു.

തുടര്‍ന്ന് നടന്ന സാമൂഹികപ്രവര്‍ത്തകനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ യാസിര്‍ പൂക്കോട്ടും പാടത്തിന്റെ കവിതാവിഷ്‌കാരവും ശ്രദ്ധേയമായി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഷറഫുദ്ദീന്‍ എടപ്പാള്‍ മോഡറേറ്ററായിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍ പേരൂര്‍, ജനറല്‍ സെക്രട്ടറി ഷാന്‍ ആലപ്പുഴ, ബ്ലോക്ക് കമ്മിറ്റി അംഗം അഷ്‌റഫ് മുക്കം സംസാരിച്ചു.

Next Story

RELATED STORIES

Share it