Latest News

ചിലിയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; നാലു പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

ചിലിയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; നാലു പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്
X

സാന്റിയാഗോ: ചിലിയില്‍ ലിക്വിഡ് ഗ്യാസ് കൊണ്ടുപോയ ട്രക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നാലു പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് സാന്റിയാഗോ മെട്രോപൊളിറ്റന്‍ മേഖലയുടെ ഗവര്‍ണര്‍ ക്ലോഡിയോ ഒറെഗോ പറഞ്ഞു.

റെങ്കയിലെ വടക്കന്‍ സാന്റിയാഗോ കമ്മ്യൂണില്‍ പ്രധാന ഹൈവേയ്ക്കും വ്യവസായിക മേഖലയ്ക്കും സമീപമായിരുന്നു ട്രക്ക് മറിഞ്ഞത്. പ്രാദേശിക ഗ്യാസ് കമ്പനിയായ ഗാസ്‌കോയുടെ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലിസ് മേധാവി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അപകടത്തില്‍ ട്രക്ക് ഡ്രൈവറും മരിച്ചു. അപകടത്തില്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ഏകദേശം 150 മുതല്‍ 200 മീറ്റര്‍ വരെ ചുറ്റളവില്‍ സ്‌ഫോടനം അനുഭവപ്പെട്ടു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അഗ്‌നിശമന സേനാംഗങ്ങള്‍ അറിയിച്ചു. മൂന്നു വ്യാപാര സ്ഥാപനങ്ങളിലേക്ക് അവശിഷ്ടങ്ങള്‍ വീണതായാണ് റിപോര്‍ട്ട്. ഇതുവരെ കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പറഞ്ഞു.

Next Story

RELATED STORIES

Share it