Gulf

ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്സ്: ആദ്യ ഘട്ടത്തിലെ 3 വിമാനങ്ങള്‍ 11, 12 തീയതികളില്‍ ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക്, 990 ദിര്‍ഹം നിരക്ക്, 33 എണ്ണത്തിന് അംഗീകാരം

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍ഗണനാ വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ചു കൊണ്ടാണ് അക്ബര്‍ ട്രാവല്‍സുമായി സഹകരിച്ച് നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതെന്നും മറ്റു വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് സര്‍വീസ് നടത്തുമെന്നും ദുബൈ കെഎംസിസി ഭാരവാഹികള്‍ ഓണ്‍ലൈനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്സ്: ആദ്യ ഘട്ടത്തിലെ 3 വിമാനങ്ങള്‍ 11, 12 തീയതികളില്‍ ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക്, 990 ദിര്‍ഹം നിരക്ക്, 33 എണ്ണത്തിന് അംഗീകാരം
X

ദുബയ്: ദുബയ് കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന 43 വിമാനങ്ങളില്‍ 33 എണ്ണത്തിന് അംഗീകാരം ലഭിച്ചു. ഇതില്‍, ആദ്യ ഘട്ടത്തിലെ മൂന്നു ഇന്‍ഡിഗോ വിമാനങ്ങള്‍ ജൂണ്‍ 11, 12 തീയതികളില്‍ ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തും. 185 വീതം യാത്രക്കാരാണുണ്ടാവുക. 990 ദിര്‍ഹമാണ് നിരക്ക്. 11ന് വ്യാഴാഴ്ചത്തെ ഇന്‍ഡിഗോ വിമാനം ഉച്ച 2.55നും 12ലെ ആദ്യ വിമാനം ഉച്ച 2.25നുമാണ് ഷാര്‍ജയില്‍ നിന്നും പുറപ്പെടുക. 12ാം തീയതിയിലെ രണ്ടാമത്തെ വിമാനം പുറപ്പെടുന്ന സമയം ഉടന്‍ അറിയിക്കുന്നതായിരിക്കും. ഓരോ വിമാനത്തിലെയും നിര്‍ധനരായ 10 പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍ഗണനാ വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ചു കൊണ്ടാണ് അക്ബര്‍ ട്രാവല്‍സുമായി സഹകരിച്ച് നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതെന്നും മറ്റു വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് സര്‍വീസ് നടത്തുമെന്നും ദുബൈ കെഎംസിസി ഭാരവാഹികള്‍ ഓണ്‍ലൈനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്ടേക്കാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നതെങ്കിലും അടുത്ത ഘട്ടത്തില്‍ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും സര്‍വീസ് ഉണ്ടാകുമെന്നും സംഘാടകര്‍ വ്യക്തമാക്കി. നാട്ടില്‍ നിന്നും ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ദുബൈയില്‍ നിന്നും ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റുമാരായ റഈസ് തലശ്ശേരി, എന്‍.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ കെ.പി.എ സലാം, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് രജിസ്ട്രേഷന് അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്. വിവിധ ജില്ലാ കെഎംസിസി കമ്മിറ്റികള്‍ മുഖേന 7,500 പേര്‍ അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് നേരിട്ടെത്തി രജിസ്ട്രേഷന്‍ നടത്തിയിരുന്നു. കെഎംസിസി ഓണ്‍ലൈന്‍ ലിങ്കില്‍ 13,500 പേരും രജിസ്റ്റര്‍ ചെയ്തു. മൊത്തം 21,000 പേരാണ് രജിസ്ട്രേഷന്‍ നടത്തിയത്.

നേരത്തെ ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമാണ് ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ പോകാന്‍ കഴിയുക. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ആളുകളുടെ തെരഞ്ഞെടുപ്പെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. തുടര്‍ന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകളുടെ നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 11നും 12നും കോഴിക്കോട്ടേക്കുള്ള മൂന്നു സര്‍വീസുകള്‍ക്ക് പുറമെ, 30 വിമാന സര്‍വീസുകള്‍ കണ്ണൂരിലേക്കും ബാക്കി 10 എണ്ണം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുമായിരിക്കും നടത്തുക. ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയ ഇന്ത്യന്‍-യുഎഇ സര്‍ക്കാറുകള്‍ക്കും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

കോവിഡ് 19ന്റെ പ്രയാസപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും മികച്ച സേവന പ്രവര്‍ത്തനങ്ങളാണ് ദുബൈ സര്‍ക്കാര്‍ അധികൃതരുമായി ചേര്‍ന്നുകൊണ്ട് ദുബൈ കെഎംസിസി നിര്‍വഹിച്ചു വരുന്നത്. യുഎഇയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് പുറത്തു വന്ന ആദ്യ ദിവസം മുതല്‍ സേവന നിരതമാണ് ദുബൈ കെഎംസിസി. 300ലധികം വളണ്ടിയര്‍മാരാണ് സ്വജീവന്‍ തൃണവത്ഗണിച്ച് മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാന്‍ രാപകല്‍ ഭേദമെന്യേ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു വരുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

അല്‍വര്‍സാനിലെ ഐസൊലേഷന്‍, ക്വാറന്റീന്‍ സെന്ററുകള്‍ സജ്ജീകരിക്കുന്നതില്‍ ഈ പ്രസ്ഥാനം മുഖ്യ പങ്ക് വഹിച്ചു. ദേര നായിഫില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചു. താമസിയാതെ ബര്‍ദുബൈയിലേക്കും കറാമയിലേക്കും ഹെല്‍പ് ഡെസ്‌കുകള്‍ വ്യാപിപ്പിച്ചു. പതിനായിരക്കണക്കിന് ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കി. അത്യാവശ്യ സേവനങ്ങള്‍ ഏറ്റവും മികച്ച നിലയില്‍ ജനങ്ങളിലേക്കെത്തിച്ചതിന്റെ ഫലമായി ദുബൈയിലെ ആറു അംഗീകൃത ചാരിറ്റി പ്രസ്ഥാനങ്ങളിലൊന്നായി ദുബൈ കെഎംസിസിയെ ദുബയ് ഗവണ്‍മെന്റ് ലിസ്റ്റ് ചെയ്തു. റമദാനില്‍ ദുബയ് കെഎംസിസി 20,000ത്തിലധികം ഭക്ഷണ കിറ്റുകള്‍ എത്തിച്ചു കൊടുത്തു. '10 മില്യന്‍ മീല്‍സ്' വിതരണത്തിലും പങ്കാളിത്തം വഹിച്ചു. പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങള്‍ക്കും സഹായം നല്‍കി.

ഈ കൊവിഡ് കാലത്ത് 202 മലയാളികള്‍ ഇതു വരെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചു. ഇതില്‍ 100 മരണം യുഎഇയിലാണുണ്ടായത്. കോവിഡ് മൂലം മരിച്ച പ്രവാസി കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും മരിച്ച ഓരോ പ്രവാസികളുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ സഹായം നല്‍കണമെന്നും ദുബയ് കെഎംസിസി കേരള സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

നിലവില്‍ നാട്ടിലുള്ള പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരിച്ചു വരാന്‍ ഇപ്പോഴുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് തടസ്സമായതില്‍ ആയിരക്കണക്കിനാളുകള്‍ തൊഴില്‍ നഷ്ട ഭീതിയിലുള്ളത്. വിസയില്‍ ഒരു ദിവസമുണ്ടെങ്കില്‍ തിരിച്ചു വരാമെന്ന നിലയില്‍ കഴിഞ്ഞ ദിവസം കോണ്‍സുല്‍ ജനറല്‍ വിപുലിന്റെ പ്രസ്താവന കണ്ടിരുന്നു. അതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുബയ് കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it