Gulf

തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കാനൊരുങ്ങി കുവൈത്ത്

നേരത്തെ വിട്ടയക്കാന്‍ തീരുമാനിച്ചവരും ഗുരുതര കുറ്റകൃത്യം ചെയ്യാത്ത മറ്റുള്ളവരും ഇതില്‍ ഉള്‍പ്പെടും. ചിലരെ ഉപാധികളോടെയായിരിക്കും വിട്ടയക്കുക.

തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കാനൊരുങ്ങി കുവൈത്ത്
X

കുവൈത്ത് സിറ്റി: കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നൂറുകണക്കിന് തടവുപുള്ളികളെ ഉടന്‍ മോചിപ്പിക്കാന്‍ ഒരുങ്ങി അധികൃതര്‍. നേരത്തെ വിട്ടയക്കാന്‍ തീരുമാനിച്ചവരും ഗുരുതര കുറ്റകൃത്യം ചെയ്യാത്ത മറ്റുള്ളവരും ഇതില്‍ ഉള്‍പ്പെടും. ചിലരെ ഉപാധികളോടെയായിരിക്കും വിട്ടയക്കുക.ഒരാഴ്ചക്കകം തടവുകാരുടെ മോചനം ഉണ്ടാവുമെന്നാണ് സൂചന. അതിനിടെ നൂറുകണക്കിന് വിദേശി തടവുകാരെ നാടുകടത്താനും അധികൃതര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

താമസ നിയമലംഘകരായ ഏതാനും തടവുകാരെ വെള്ളിയാഴ്ച കുവൈത്ത് വിമാനത്താവളം അടക്കുന്നതിന് മുമ്പ് ത്വരിതഗതിയില്‍ നാട്ടിലയച്ചിരുന്നു. 350 തടവുകാരെ കൂടി ഈ ആഴ്ച നാടുകടത്തുമെന്നാണ് അറിയുന്നത്. ഇതുകൂടാതെ 450 തടവുകാരെ കയറ്റി അയക്കാന്‍ താമസകാര്യ വകുപ്പ് പ്രാഥമിക നടപടികള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. തടവുകാരെ അതാത് രാജ്യങ്ങളുടെ എംബസിയുമായി സഹകരിച്ച് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്.

തടവുകാര്‍ക്ക് ആര്‍ക്കും ഇതുവരെ കോവിഡ് 19 ബാധിച്ചിട്ടില്ലെന്നും എല്ലാ ആരോഗ്യ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ തടവുകാരെ നിലവിലുള്ളവരില്‍നിന്നു മാറ്റി പ്രത്യേകം പാര്‍പ്പിക്കുകയാണ്. ഇവര്‍ക്കായി കൃത്യമായ ഇടവേളകളില്‍ പ്രത്യേക ആരോഗ്യ പരിശോധനകളും അധികൃതര്‍ നടത്തുന്നുണ്ട്. കുവൈത്തിലെ ജയില്‍ തടവുകാരുടെ ആധിക്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്. 2327 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ മൂവായിരത്തിലേറെ പേരാണ് കഴിയുന്നത്.

Next Story

RELATED STORIES

Share it