Gulf

പ്രവാസികളെ പരിഗണിക്കാത്ത ബജറ്റ്: സമ്മിശ്ര പ്രതികരണം

അതേസമയം, ബജറ്റിനെ പ്രകീര്‍ത്തിച്ച് ഡോ. ആസാദ് മൂപ്പന്‍ രംഗത്തെത്തി

പ്രവാസികളെ പരിഗണിക്കാത്ത ബജറ്റ്: സമ്മിശ്ര പ്രതികരണം
X

ദുബയ്: പ്രവാസി ഇന്ത്യക്കാരെ പരിഗണിക്കാത്ത ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് മലയാളിയും റോയിട്ടേഴ്‌സിന്റെ സാമ്പത്തികകാര്യ മാധ്യമ റിപ്പോര്‍ട്ടറുമായ ഭാസ്‌ക്കര്‍ രാജ് പറഞ്ഞു. പ്രവാസികള്‍ക്ക് അവരുടെ നാട്ടില്‍ നിന്നുള്ള ഓഹരി വില്‍പ്പനയ്‌ക്കെല്ലാം നികുതി കൊടുക്കേണ്ട അവസ്ഥയാണുള്ളത്. അതേസമയം, വ്യക്തികളുടെ ആദായനികുതി പരിധി 5 ലക്ഷമാക്കി ഉയര്‍ത്തിയത് സ്വാഗതാര്‍ഹമാണ്. ബജറ്റ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അവതരിപ്പച്ചതാണങ്കിലും കഷ്ടപ്പെടുന്ന കര്‍ഷകരെ പരിഗണിച്ചത് സ്വാഗതാര്‍ഹമാണെന്ന് പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ വി ശംസുദ്ദീന്‍ പറഞ്ഞു. കേന്ദ്ര ധനമന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റ് സ്വാഗതാര്‍ഹമാണന്ന് ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രഫഷനല്‍ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ശ്രീപ്രിയ കുമാരിയ പറഞ്ഞു. ആരോഗ്യ മേഖലയെയും കാര്‍ഷിക മേഖലയെയും കേന്ദ്രസര്‍ക്കാര്‍ കാര്യമായി പരിഗണിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

അതേസമയം, ബജറ്റിനെ പ്രകീര്‍ത്തിച്ച് ഡോ. ആസാദ് മൂപ്പന്‍ രംഗത്തെത്തി. ഹെല്‍ത്തി ഇന്ത്യ' എന്ന ലക്ഷ്യത്തിലൂടെ 2030 ആവുമ്പോഴേക്കും പ്രയാസരഹിതവും പ്രവര്‍ത്തനപരവും സമഗ്രവുമായ ആരോഗ്യസുരക്ഷയും ക്ഷേമ സംവിധാനവും നിര്‍മിക്കുക എന്ന പദ്ധതിയാണ് ഇടക്കാല ബജറ്റിലെ ഒരു സുപ്രധാന പ്രമേയമായി കാണുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 3000 കോടി രൂപ വകയിരുത്തിയ 'ആയുഷ്മാന്‍ ഭാരത്' പദ്ധതിയുടെ സമാരംഭത്തോടെ നാം ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യക്കുളള നിര്‍ദേശത്തിലൂടെ, ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റല്‍ ഗ്രാമങ്ങളായി മാറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. മികവുറ്റ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിലൂടെ നഗരഗ്രാമ വ്യത്യാസം കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത്. ആരോഗ്യപരിപാലന മേഖലയില്‍ നഗരഗ്രാമീണ വിടവ് കുറയ്ക്കാന്‍ ഇത് ഇടയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ധനകാര്യമന്ത്രി പ്രഖ്യാപിച്ച മറ്റൊരു പ്രഖ്യാപനം, ദേശീയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ ഉടന്‍ ആരംഭിക്കുമെന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്നതിലൂടെ കൂടുതല്‍ കാര്യക്ഷമമായ രോഗനിര്‍ണയവും ചികില്‍സയും സ്വായത്തമാക്കി, ആരോഗ്യ സംരക്ഷണ മേഖക്ക് ഇത് കൂടുതല്‍ പ്രയോജനപ്രദമായി മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ ബജറ്റില്‍ നമ്മള്‍ വിട്ടുപോയ ഘടകം, ആരോഗ്യമേഖലയ്ക്കുളള ബജറ്റ് വിഹിതത്തിലെ വര്‍ധനയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീര്‍ച്ചയായും ഒരു പടികൂടി മുന്നോട്ട് പോവുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it