Gulf

ബഹ്‌റൈന്‍-യുഎഇ 'വണ്‍സ്‌റ്റോപ്പ്' യാത്രാസംവിധാനം പ്രാബല്യത്തില്‍

ബഹ്‌റൈന്‍-യുഎഇ വണ്‍സ്‌റ്റോപ്പ് യാത്രാസംവിധാനം പ്രാബല്യത്തില്‍
X

ദുബയ്: ബഹ്‌റൈനും യുഎഇയും തമ്മിലുള്ള വിമാനയാത്ര കൂടുതല്‍ ലളിതവും വേഗത്തിലുമാക്കുന്ന 'വണ്‍സ്‌റ്റോപ്പ്' യാത്രാസംവിധാനത്തിന്റെ ആദ്യഘട്ടം ഔദ്യോഗികമായി നിലവില്‍ വന്നു. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പുതിയ സംവിധാനപ്രകാരം യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍തന്നെ എമിഗ്രേഷന്‍, കസ്റ്റംസ്, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാം. അതുവഴി ലക്ഷ്യസ്ഥാനത്ത് വീണ്ടും പരിശോധനകള്‍ക്ക് വിധേയരാകേണ്ട സാഹചര്യം ഒഴിവാകും. യാത്രക്കാരുടെ സമയലാഭവും നടപടികളുടെ ലളിതീകരണവും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

ആദ്യഘട്ടത്തില്‍ അബൂദബിയിലെ സായിദ് ഇന്റര്‍നാഷ്ണന്‍ എയര്‍പോര്‍ട്ടും മനാമയിലെ അന്താരാഷ്ട്ര വിമാനത്താവളവും തമ്മിലുള്ള സര്‍വീസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഗള്‍ഫ് എയര്‍, എത്തിഹാദ് എയര്‍വേസ് എന്നീ വിമാനക്കമ്പനികളിലെ യാത്രക്കാര്‍ക്കാണ് സൗകര്യം ലഭിക്കുക. ഇലക്ട്രോണിക് കണക്റ്റിവിറ്റി, ബയോമെട്രിക് വെരിഫിക്കേഷന്‍, ഇഗേറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. വിമാനമിറങ്ങുന്ന രാജ്യത്ത് കാത്തുനില്‍ക്കാതെ യാത്രക്കാര്‍ക്ക് നേരിട്ട് പുറത്തേക്കിറങ്ങാനാകുന്നതാണ് പ്രത്യേകത.

യുഎഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജിസിസി ജനറല്‍ സെക്രട്ടറിയേറ്റിന്റെ പിന്തുണയും പദ്ധതിക്കുണ്ട്. ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ നടപ്പാക്കാനിരിക്കുന്ന ഏകീകൃത വിസ സംവിധാനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പായാണ് ഇതിനെ വിലയിരുത്തുന്നത്. മേഖലയിലെ ടൂറിസം, വ്യാപാരം, സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്ക് പദ്ധതി ഊര്‍ജം നല്‍കുമെന്നാണു പ്രതീക്ഷ.

പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരിക്കുന്ന ആദ്യഘട്ടത്തിന്റെ ഫലപ്രാപ്തി വിലയിരുത്തിയശേഷം കൂടുതല്‍ വിമാനക്കമ്പനികളിലേക്കും വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജിസിസി രാജ്യങ്ങളിലുടനീളം യാത്രകള്‍ ലളിതമാക്കുന്ന ഏകീകൃത 'ഗ്രാന്‍ഡ് ടൂര്‍സ്' വിസ ഈ വര്‍ഷാവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി ജിസിസി രാജ്യങ്ങളുടെ സഹകരണ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് ഫെഡറല്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതില്‍ ഇത് നിര്‍ണായക മുന്നേറ്റമാണെന്നും ആധുനിക സാങ്കേതിക വിദ്യകളിലൂടെ മേഖലാതലത്തിലും ആഗോളതലത്തിലും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it