Gulf

ഉപേക്ഷിക്കപ്പെട്ട ട്രോളികള്‍ വിദ്യാര്‍ഥികള്‍ ഉടമസ്ഥരിലെത്തിക്കും

ഉപേക്ഷിക്കപ്പെട്ട ട്രോളികള്‍ വിദ്യാര്‍ഥികള്‍ ഉടമസ്ഥരിലെത്തിക്കും
X

അജ്മാന്‍: റോഡിലും ഫ്‌ളാറ്റിലെ പാര്‍ക്കിങ് യാര്‍ഡിലുമെല്ലാം വിവിധ സൂപര്‍മാര്‍ക്കറ്റുകളുടെ ഷോപ്പിങ് ട്രോളികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാറില്ലേ. ഇത്തരത്തില്‍ നൂറുകണക്കിന് ട്രോളികള്‍ നഷ്ടപ്പെട്ടാല്‍ ആ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അവ ഉടമസ്ഥര്‍ക്ക് തിരിച്ചെത്തിക്കണമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. യുഎഇയിലെ വിവിധ എമിറേറ്റുകളിലായി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അവ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. അതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗം ഏറെ ഫലപ്രദമാവുമെന്നും ഉറപ്പ്. ഉപേക്ഷിക്കപ്പെട്ട ഷോപ്പിങ് ട്രോളികള്‍ കണ്ടുപിടിച്ച് റിപോര്‍ട്ട് ചെയ്യുന്ന 'സ്‌പോട്ട് ആന്റ് റിപോര്‍ട്ട്' പരിപാടി ഹാബിറ്റാറ്റ് സ്‌കൂള്‍സിന്റെ വിദ്യാര്‍ഥിതല സാമൂഹിക ഉത്തരവാദിത്ത പദ്ധതിയായ 'ഹാബിറ്റാറ്റ് ഫോര്‍ ടുമോറോയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രോളികള്‍ കണ്ടെത്തിയാല്‍ അവയുടെ ചിത്രവും ലൊക്കേഷനും +971 56 14 15 166 എന്ന നമ്പറിലേക്ക് വാട്‌സ്ആപ് ചെയ്യുകയാണു വേണ്ടത്. ഇത് സാമൂഹിക ഉത്തരവാദിത്വ ബോധമുള്ള ഏതൊരാള്‍ക്കും എളുപ്പത്തില്‍ ചെയ്യാനാവുന്ന കാര്യമാണ്. ചിത്രങ്ങള്‍ ലഭിച്ചാലുടന്‍ അവ പരിശോധിച്ച് അതത് ഷോപ്പിങ് സെന്റര്‍ ഗ്രൂപ്പുകളിലേക്ക് വിവരം കൈമാറും. ജീവനക്കാര്‍ക്ക് സ്ഥലത്തെത്തി അവ ഏറ്റെടുക്കാനുമാവും. പ്രമുഖ റീട്ടെയില്‍ നെറ്റ് വര്‍ക്കുകളായ കാര്‍ഫോര്‍, ലുലു, നെസ്‌റ്റോ, ഗ്രാന്‍ഡ് മാള്‍, സഫീര്‍, എക്‌സ്പ്രഷന്‍സ് സ്‌റ്റൈല്‍, സഫാരി, അജ്മാന്‍ കോ-ഓപറേറ്റീവ് മാര്‍കെറ്റ്‌സ് സൊസൈറ്റി, കെന്‍സ് തുടങ്ങിയവ പദ്ധതിയോട് താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഷോപ്പിങ് സെന്ററുകളോടു മാത്രമല്ല, പ്രകൃതി വിഭവങ്ങളോടും പരിസസ്ഥിതിയോടും ചെയ്യുന്ന നീതിയാണ് ഈ ഉദ്യമമെന്ന് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ഥികളും പറയുന്നു. സ്‌കൂളിലെ ഒരു സംഘം വിദ്യാര്‍ഥികളാണ് വാര്‍ത്താസമ്മേളനം നടത്തി പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവച്ചത്.

വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് എന്നിവരടങ്ങുന്ന വിദ്യാലയ സമൂഹത്തെ വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളിലൂടെ സമൂഹത്തിന് സംഭാവനയര്‍പ്പിക്കുന്നവരാക്കി മാറ്റുകയാണ് ഹാബിറ്റാറ്റ് ഫോര്‍ ടുമോറോ പദ്ധതി ലക്ഷ്യമിടുന്നതെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍, മാലിന്യ ക്രമീകരണ പദ്ധതികള്‍, വയോജന-മാനസികാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഒരുക്കുന്നത്. ഒരു സ്‌കൂള്‍ അവിടുത്തെ കുട്ടികളിലൂടെ ഇത്തരം കാര്യങ്ങള്‍ സാധ്യമാക്കുമ്പോള്‍ അതെല്ലാം നിരവധി കുടുംബങ്ങളില്‍ എത്തിക്കാനും സമൂഹത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കാനും വഴിയൊരുക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ സി ടി ഷംസു സമാന്‍ പറഞ്ഞു.Next Story

RELATED STORIES

Share it