Pravasi

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ അപൂര്‍ണം; കുവൈത്തിലെത്തേണ്ട മലയാളികള്‍ക്ക് തിരിച്ചടിയാവുന്നു

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ അപൂര്‍ണം; കുവൈത്തിലെത്തേണ്ട മലയാളികള്‍ക്ക് തിരിച്ചടിയാവുന്നു
X

കുവൈത്ത് സിറ്റി: കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ അപൂര്‍ണമായതിനാല്‍ കുവൈത്തിലെത്തേണ്ട മലയാളി പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്നു. കൊവിഡ് കാരണം ദുരിതത്തിലായ പ്രവാസികള്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താല്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നില്ലെന്നാണ് പരാതി. കേരളത്തില്‍ നിന്ന് കൊറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് കേരള സര്‍ക്കാര്‍ പ്രത്യേകമായി നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ അപൂര്‍ണമായതാണ് കാരണം. നിലവില്‍ കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് നല്‍കുന്ന പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്റെ പേര് കോവിഷീല്‍ഡ് എന്നതിനു പുറമേ കുവൈത്ത് അംഗീകൃത വാക്‌സിനായ ആസ്ട്രസേനേക്ക എന്നു കൂടി രേഖപ്പെടുത്തുന്നുണ്ട്.

എന്നാല്‍, വാക്‌സിന്‍ സ്വീകരിച്ച തിയ്യതിയും വാക്‌സിന്റെ ബാച്ച് നമ്പറും രേഖപ്പെടുത്തുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളിലാകട്ടെ വാക്‌സിന്റെ പേര് കോവിഷീല്‍ഡ് എന്ന് മാത്രമായാണു രേഖപ്പെടുത്തുന്നത്. എങ്കിലും സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ വേളയില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്ന മറ്റു വിവരങ്ങള്‍ എല്ലാം തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നു വാക്‌സിനേഷന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യുന്നതിനു കുവൈത്ത് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പ്രത്യേക ഇമ്മ്യൂണ്‍ ആപ്പ് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം നാട്ടില്‍ കഴിയുന്ന കുവൈത്ത് പ്രവാസികളില്‍ ചിലര്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സര്‍ട്ടിഫിക്കറ്റും മറ്റു ചിലര്‍ കേരള സര്‍ക്കാര്‍ അനുവദിച്ച സര്‍ട്ടിഫിക്കറ്റുമാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത്. വിവരങ്ങള്‍ പൂര്‍ണമാണെങ്കില്‍ മൂന്നു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കുമെന്നാണു കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ രജിസ്‌ട്രേഷന്‍ ചെയതവരില്‍ ഇതുവരെയായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമാണെന്നാണു റിപോര്‍ട്ട്. കേരള സര്‍ക്കാര്‍ അനുവദിച്ച സര്‍ട്ടിഫിക്കറ്റില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂര്‍ണമായി ഇല്ലാത്തതാണ് ഇതിനു കാരണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ കേരള സര്‍ക്കാര്‍ അനുവദിച്ച സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇവ മാറ്റി പകരം കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നതായും പലരും പരാതിപ്പെടുന്നുണ്ട്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രണ്ടാമതായി രജിസ്‌ട്രേഷന്‍ ചെയ്യാനോ അല്ലെങ്കില്‍ നേരത്തേ നല്‍കിയ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനോ നിലവില്‍ ആപ്പില്‍ സൗകര്യമില്ല എന്നതാണു ഇതിനുകാരണം. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്റെ പേര് കോവിഷീല്‍ഡ് എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട് എന്നിരിക്കേ കേരള സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പ്രസക്തിയും ഇല്ലാതാവുകയാണു. ഇത്ുമൂലം കുവൈത്ത് പ്രവാസികള്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ നേരിടേണ്ടി വരുമെന്നും ആശങ്ക ഉയരുന്നുണ്ട്. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംസി, സിജിസിസി കമ്മിറ്റി, കെഡിഎന്‍എ കുവൈത്ത് തുടങ്ങിയ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിട്ടുണ്ട്.

Covid Vaccination Certificate is incomplete; Malayalees go to Kuwait are facing setbacks



Next Story

RELATED STORIES

Share it