Pravasi

വിവിധ കേസുകളില്‍ അകപ്പെട്ട് ജയിലിലായിരുന്ന 300 ഫിലിപ്പീന്‍സ് പൗരന്മാരെ നാടുകടത്തി

ഫിലിപ്പീന്‍സ് എംബസിയുമായി സഹകരിച്ചാണ് കുവൈത്ത് തൊഴിലാളികളെ തിരിച്ചയക്കാന്‍ നടപടി സ്വീകരിച്ചത്.

വിവിധ കേസുകളില്‍ അകപ്പെട്ട് ജയിലിലായിരുന്ന 300 ഫിലിപ്പീന്‍സ് പൗരന്മാരെ നാടുകടത്തി
X

കുവൈത്ത് സിറ്റി: വിവിധ കേസുകളില്‍ അകപ്പെട്ട് കുവൈത്തില്‍ ജയിലിലായിരുന്ന 300 ഫിലിപ്പീന്‍സ് പൗരന്മാരെ നാടുകടത്തി. തല്‍ഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 151 ഫിലിപ്പീനി വനിതകളേയും 16 പുരുഷന്‍മാരേയുമാണ് നാടുകടത്തിയത്. ഒളിച്ചോടിയ 41 ഗാര്‍ഹികത്തൊഴിലാളികളെയും മാന്‍പവര്‍ അതോറിറ്റിക്കു മുന്നില്‍ കീഴടങ്ങിയ 91 അനധികൃത താമസക്കാരെയും ഇതോടൊപ്പം നാടുകടത്തി.

ബുധനാഴ്ച ഉച്ചക്ക് 1.30നാണ് കുവൈത്ത് എയര്‍വേസ് ടെര്‍മിനലില്‍ നിന്ന് ഇവര്‍ വിമാനം കയറിയത്. ഫിലിപ്പീന്‍സ് എംബസിയുമായി സഹകരിച്ചാണ് കുവൈത്ത് അധികൃതര്‍ തൊഴിലാളികളെ തിരിച്ചയക്കാന്‍ നടപടി സ്വീകരിച്ചത്. കുവൈത്താണ് വിമാനം ഏര്‍പ്പെടുത്തിയതും മുഴുവന്‍ യാത്രാചെലവ് വഹിച്ചതും.

കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തൊഴിലാളികളെ സ്വീകരിക്കുന്നതിന് ഫിലിപ്പീന്‍സ് നിബന്ധന വെച്ചിരുന്നു. രാജ്യത്തെ ജയിലുകള്‍ നിറഞ്ഞതിനെ തുടര്‍ന്നാണ് അതത് രാജ്യങ്ങള്‍ക്ക് തടവുകാരെ കൈമാറി തിരക്ക് കുറക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഏതാനും തടവുകാരെ അതത് രാജ്യങ്ങള്‍ അംഗീകരിക്കുന്ന മുറക്ക് വൈകാതെ കയറ്റി അയക്കാനിരിക്കുകയാണ്. ഇന്ത്യയും തിരിച്ചുവരുന്നവര്‍ വൈറസ് മുക്തമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ജയിലില്‍ നല്ലനടപ്പിലുമായിരുന്ന 115 തടവുകാരെ വിട്ടയച്ചു.

Next Story

RELATED STORIES

Share it