World

ഇറാനിലെ മാധ്യപ്രവര്‍ത്തകയെ അമേരിക്ക അറസ്റ്റ് ചെയ്തു

അര്‍ബുദം ബാധിച്ച സഹോദരന്റെ ചികില്‍സയ്ക്കായി മകള്‍ക്കും മാതാവിനുമൊപ്പം അമേരിക്കയിലെത്തിയപ്പോഴാണ് മര്‍സിയ ഹാഷെമിയെ അറസ്റ്റ് ചെയ്തത്.

ഇറാനിലെ മാധ്യപ്രവര്‍ത്തകയെ അമേരിക്ക അറസ്റ്റ് ചെയ്തു
X

തെഹ്‌റാന്‍: അമേരിക്കന്‍ വംശജയും ഇറാനിലെ ഇംഗ്ലീഷ് ഭാഷാ ചാനലായ പ്രസ് ടിവി പ്രതിനിധിയുമായ വനിതാ മാധ്യമപ്രവര്‍ത്തകയെ അമേരിക്ക അറസറ്റ് ചെയ്തു. 59 കാരിയായ മര്‍സിയ ഹാഷെമിയെയാണ് സെന്റ് ലൂയിസ് ലാംബെര്‍ട്ട് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എഫ്ബിഐ അധികൃതര്‍ പിടികൂടി അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി ഇവര്‍ക്ക് ബന്ധുക്കളുമായി സംസാരിക്കാനോ മറ്റോ ആയിട്ടില്ല. എന്നാല്‍, തന്നെ ഒരു ക്രിമിനലിനെ പോലെ കൊണ്ടുപോയതായി മകളോട് മര്‍സിയ ഹാഷെമി പറഞ്ഞതായി പ്രസ് ടിവി റിപോര്‍ട്ട് ചെയ്തു. വാഷിങ്ടണ്‍ മേഖലയിലെ ജയിലുകളിലൊന്നും ഇവരെ പാര്‍പ്പിച്ചിട്ടില്ല. എന്നാല്‍ എഫ്ബിഐ അധികൃതര്‍ അറസ്റ്റിനെ കുറിച്ച് മൗനം പാലിക്കുകയാണ്. മെലാനീ ഫ്രാങ്ക്‌ലിന്‍ ഇസ്്‌ലാം ആശ്ലേഷിച്ച ശേഷമാണ് മര്‍സിയ ഹാഷെമി എന്ന പേര് സ്വീകരിച്ചിരുന്നത്. ഇറാന്‍ പൗരനെയാണ് വിവാഹം കഴിച്ചത്. കസ്റ്റഡിയിലെടുത്ത മര്‍സിയ ഹാഷെമിയോട് ഇസ്്‌ലാം വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചതായും ആരോപണമുണ്ട്. ഹിജാബ് അഴിക്കാനും ചെറിയ കൈകളുള്ള ഷര്‍ട്ട് ധരിക്കാനും ആവശ്യപ്പെട്ടു. ഹലാല്‍ ഭക്ഷണം മാത്രം കഴിക്കുന്ന ഇവര്‍ക്ക് ഇസ്്‌ലാം നിഷിദ്ധമാക്കിയ പന്നി മാംസമാണു നല്‍കിയതെന്നും ആരോപിച്ചു. അമേരിക്കന്‍ നടപടിയെ ഇറാന്‍ വിദേശമന്ത്രാലയം വക്താവ് ബഹ്‌റം ഖാസ്മി അപലപിച്ചു. അനധികൃതമായി അറസ്റ്റ് ചെയ്തതും ജയിലില്‍ മനുഷ്യത്വരഹിതമായി പെരുമാറിയതും അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം ദേശീയ ചാനലായ ഇര്‍നയോട് പറഞ്ഞു. സംഭവം ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്നാണു വിലയിരുത്തല്‍. കുറഞ്ഞത് അഞ്ച് അമേരിക്കക്കാരെയെങ്കിലും ഇറാന്‍ വിവിധ കുറ്റങ്ങള്‍ ചുമത്തി തടഞ്ഞുവച്ചിട്ടുണ്ടെന്നാണ് അമേരിക്ക പറയുന്നത്. ചിലരെ ജിവപര്യന്തം തടവിനു വരെ ശിക്ഷിച്ചിട്ടുണ്ട്. ഒരാളെ ദശകങ്ങളായി കാണാനില്ലെന്നും അമേരിക്ക പറയുന്നു. ഇറാന്റെ ഇത്തരം നടപടികള്‍ക്കെതിരേ സമ്മര്‍ദ തന്ത്രം എന്ന നിലയിലാണ് മര്‍സിയ ഹാഷെമിയെ അറസ്റ്റ് ചെയ്തതെന്നാണു സൂചന. അറസ്റ്റ് അംഗീകരിക്കാനാവില്ലെന്നും അമേരിക്ക രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പറഞ്ഞു. അര്‍ബുദം ബാധിച്ച സഹോദരന്റെ ചികില്‍സയ്ക്കായി മകള്‍ക്കും മാതാവിനുമൊപ്പം അമേരിക്കയിലെത്തിയപ്പോഴാണ് മര്‍സിയ ഹാഷെമിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഉപാധികളില്ലാതെ ഹാഷെമിയെ വിട്ടയക്കണമെന്നും ഇതിന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇടപെടണമെന്നും പ്രസ് ടിവി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it