World

ലോക്ക് ഡൗണ്‍ നീക്കല്‍ മൂന്ന് ഘട്ടങ്ങളിലായി; കര്‍മപദ്ധതിയുമായി ആസ്‌ത്രേലിയ

പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ബ്രണ്ടന്‍ മര്‍ഫിയുമാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. ആദ്യഘട്ടത്തില്‍ കുടുംബവുമായും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകളും ബിസിനസ്, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കായികമേഖലകള്‍ എന്നിവ തുറക്കുകയാണ് ചെയ്യുക.

ലോക്ക് ഡൗണ്‍ നീക്കല്‍ മൂന്ന് ഘട്ടങ്ങളിലായി; കര്‍മപദ്ധതിയുമായി ആസ്‌ത്രേലിയ
X

കാന്‍ബറ: കൊവിഡ് വൈറസ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ മൂന്നുഘട്ടത്തിലായി നീക്കുന്നതിനുള്ള കര്‍മപദ്ധതിയുമായി ആസ്‌ത്രേലിയ. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ബ്രണ്ടന്‍ മര്‍ഫിയുമാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. ആദ്യഘട്ടത്തില്‍ കുടുംബവുമായും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകളും ബിസിനസ്, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കായികമേഖലകള്‍ എന്നിവ തുറക്കുകയാണ് ചെയ്യുക. ഒരു വീട്ടിലേക്ക് അഞ്ച് അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 10 പേരില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടരുത്. ഒരു വിവാഹത്തില്‍ ദമ്പതികള്‍ക്കും ആഘോഷിക്കുന്നവര്‍ക്കും പുറമെ 10 അതിഥികള്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ.

ഹോട്ടലുകളും റെസ്റ്റോറന്റുകളും കഫേകളും തുറക്കാം. ബാര്‍ബര്‍ ഷോപ്പുകള്‍ക്കും തുറക്കാം. പക്ഷേ, ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ കൃത്യമായി റെക്കോഡ് ചെയ്യണം. ആളുകള്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ തുടരും. പുറത്തുപോയി ജോലിചെയ്യുന്നവര്‍ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം. സ്‌കൂളുകളും കളിക്കളങ്ങളും തുറന്നുപ്രവര്‍ത്തിക്കും. വീടുകളില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. പുറത്താണെങ്കില്‍ അത് 30 വരെയാവാം. 10 പേര്‍ പങ്കെടുക്കുന്ന മതചടങ്ങുകള്‍ നടത്താന്‍ അനുമതിയുണ്ടാവും. അതേസമയം, രാജ്യാന്തരയാത്രകള്‍ക്ക് അനുമതിയില്ല. രണ്ടാംഘട്ടത്തില്‍ ഒത്തുചേരാവുന്നരുടെ എണ്ണം 20 ആക്കി ഉയര്‍ത്തും.

സിനിമാ തിയറ്ററുകള്‍, ജിമ്മുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാം. എന്നാല്‍, വീട്ടിലെ സന്ദര്‍ശകരുടെ എണ്ണം കൃത്യമായി പറയുന്നില്ല. അതത് സംസ്ഥാനങ്ങള്‍ക്ക് ഇത് തീരുമാനിക്കാനുള്ള വിവേചനപരമുണ്ടായിരിക്കും. ലേലം, ഓപണ്‍ ഹോമുകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുടര്‍ന്നും പ്രവര്‍ത്തിക്കും. ഒരേസമയം 20 പേര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. വിവാഹങ്ങളിലും മതപരമായ ഒത്തുചേരലുകളിലും 20 പേര്‍ക്ക് വരെ പങ്കെടുക്കാം. അതേസമയം, സംസ്‌കാര ചടങ്ങിന് 50 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ടാവും. മൂന്നാംഘട്ടത്തില്‍ ഒത്തുചേരാവുന്നരുടെ എണ്ണം 100 ആക്കി ഉയര്‍ത്തും. അതത് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

മൂന്നാം ഘട്ടത്തില്‍ ജീവിതം ഒരുപരിധിവരെ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതായി കാണാനാവും. റെസ്റ്റോറന്റുകള്‍, കഫേകള്‍, ഫുഡ്‌കോര്‍ട്ടുകള്‍, ലേലം, ഓപണ്‍ ഹൗസുകള്‍, സിനിമാ തിയറ്ററുകള്‍, മറ്റ് വിനോദമേഖലകള്‍, വിവാഹങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവിടങ്ങളില്‍ 100 പേര്‍ക്ക് പങ്കെടുക്കാനാവും. എങ്കിലും കൃത്യമായ സാമൂഹിക അകലം പാലിച്ചാവണം ആളുകള്‍ ഒത്തുകൂടേണ്ടത്. ഈ ഘട്ടത്തില്‍ അന്തര്‍സംസ്ഥാന യാത്ര പുനരാരംഭിക്കാാവും. എന്നാല്‍, ഓരോ സ്ഥലത്തെ രോഗവ്യാപനത്തോതും മറ്റ് കാര്യങ്ങളും അതാത് പ്രദേശങ്ങളിലെ ഭരണാധികാരികള്‍ക്ക് മാത്രമേ അറിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it