World

ഗസക്കാരുടെ മനക്കരുത്ത്; അമേരിക്കന്‍ ആക്ടിവിസ്റ്റ് മേഗന്‍ റൈസ് ഇസ്‌ലാം മതം സ്വീകരിച്ചു

@megan_b_rice എന്ന ടിക്ടോക്ക് അക്കൗണ്ടിലൂടെയാണ് അവര്‍ ജനങ്ങളുമായി സംവദിച്ചിരുന്നത്.

ഗസക്കാരുടെ മനക്കരുത്ത്; അമേരിക്കന്‍ ആക്ടിവിസ്റ്റ് മേഗന്‍ റൈസ് ഇസ്‌ലാം മതം സ്വീകരിച്ചു
X
ന്യൂയോര്‍ക്ക്: വര്‍ഷങ്ങളായി ഇസ്രായേല്‍ അതിക്രമത്തില്‍ പതറാതെ പിടിച്ചുനില്‍ക്കുന്ന ഗസക്കാരുടെ മനക്കരുത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് താന്‍ ഇസ്‌ലാം മതം സ്വീകരിക്കുകയാണെന്ന് അമേരിക്കന്‍ ആക്ടിവിസ്റ്റും ടിക് ടോക്കറുമായ മേഗന്‍ റൈസ്. ശഹാദത്ത് കലിമ (സാക്ഷ്യവാചകം) ചൊല്ലി ഇസ്‌ലാം മതം സ്വീകരിക്കുന്നതിന്റെ വിഡിയോ ടിക്ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ അവര്‍ പോസ്റ്റ്‌ചെയ്തിട്ടുണ്ട്.

വംശഹത്യയെ അഭിമുഖീകരിക്കുന്ന ഗസയിലെ മനുഷ്യര്‍ ഖുര്‍ആനികാധ്യാപനങ്ങളില്‍ നിന്നാണ് അതിജീവനത്തിനുള്ള കരുത്ത് നേടുന്നത് എന്ന് അറിഞ്ഞതോടെ മേഗന്‍ റൈസ് ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതാണ് ഇസ്‌ലാമിലേക്ക് വഴിതെളിച്ചതെന്ന് അവര്‍ പറഞ്ഞു. ഹിജാബ് ധരിക്കുന്നത് തനിക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതായും അവര്‍ പറഞ്ഞു.

ഇസ്രായേല്‍ ഗസക്കെതിരെ യുദ്ധം തുടങ്ങിയതുമുതല്‍ ഫലസ്തീനികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി മേഗന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇത് അറബ് ലോകത്ത് അവരെ പ്രശസ്തയാക്കി. @megan_b_rice എന്ന ടിക്ടോക്ക് അക്കൗണ്ടിലൂടെയാണ് അവര്‍ ജനങ്ങളുമായി സംവദിച്ചിരുന്നത്.''ഖുര്‍ആനില്‍നിന്നാണ് ഫലസ്തീനികള്‍ വിശ്വാസ ദൃഢത കൈവരിക്കുന്നത് എന്നറിഞ്ഞതോടെ ഖുര്‍ആന്‍ വായിക്കാനും ഗവേഷണം നടത്താനും പഠിക്കാനും ഞാന്‍ സമയം ചെലവഴിച്ചു. വിശുദ്ധ ഖുര്‍ആന്‍ സൂറത്തുകളുടെ ശൈലിയും സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനും സ്വാതന്ത്ര്യം നല്‍കുന്നതും ആകര്‍ഷിച്ചു'' -ടിക്ടോക്കില്‍ പങ്കിട്ട വീഡിയോയില്‍ മേഗന്‍ റൈസ് പറഞ്ഞു. ഇസ്‌ലാമിനെക്കുറിച്ചും മറ്റ് മതങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്നതിനായി ഇവര്‍ ടിക് ടോക്കില്‍ ഖുറാന്‍ ബുക് ക്ലബ് എന്ന അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ദിവസവും പഠിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം അന്നന്ന് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മേഗന്‍ വിവരിക്കാറുണ്ട്.

ഇസ്ലാമോഫോബിയക്കും വംശീയതക്കുമെതിരെ പോരാടുകയും എന്തുകൊണ്ടാണ് ഫലസ്തീനികള്‍ ഖുര്‍ആനെയും അതിന്റെ അധ്യാപനങ്ങളെയും ഇത്രമാത്രം നെഞ്ചോട് ചേര്‍ക്കുന്നത് എന്ന് മനസ്സിലാക്കുകയുമാണ് കാമ്പയിനിന്റെ ലക്ഷ്യമെന്ന് അവര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു. ഇസ്ലാമികാധ്യാപനങ്ങള്‍ തന്റെ വ്യക്തിപരമായ വീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മേഗന്‍ വ്യക്തമാക്കി.





Next Story

RELATED STORIES

Share it