World

ഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ വംശജനായ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

ഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന്‍ കൊല്ലപ്പെട്ടു
X


ഗസ: ഫലസ്തീനില്‍ അതിക്രമം തുടരുന്ന ഇസ്രായേല്‍ സൈന്യത്തിനെതിരെയുള്ള ഹമാസിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ മന്ത്രിയുടെ മകനും. മാസ്റ്റര്‍ സെന്‍ജന്റ് ഗാല്‍ മെയര്‍ ഐസെന്‍കോട്ട് (25) ആണ് മരിച്ചത്. ഹെര്‍സ്ലിയയിലെ 699മത് ബറ്റാലിയനിലെ 551മത് ബ്രിഗേഡില്‍ അംഗമാണ് ഗാല്‍ മെയര്‍.

ഇസ്രായേല്‍ മന്ത്രിയും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് മുന്‍ മേധാവിയുമായ ഗാഡി ഐസെന്‍കോട്ടിന്റെ മകനാണ് ഗാല്‍ മെയര്‍. 2015 ഫെബ്രുവരി മുതല്‍ 2019 ജനുവരിയാണ് ഗാഡി ഐസെന്‍കോട്ട് മേധാവി സ്ഥാനത്ത് ഉണ്ടായിരുന്നത്. ബെന്നി ഗാന്റ്‌സിന്റെ നാഷണല്‍ യൂണിറ്റി പാര്‍ട്ടി അംഗമായ ഗാഡി 2022ലാണ് നെസെറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

വ്യാഴാഴ്ച വടക്കന്‍ ഗസയിലെ ജബലിയ ക്യാമ്പില്‍ ഹമാസ് നടത്തിയ ബോംബ് സ്‌ഫോടനത്തിലാണ് ഗാല്‍ മെയര്‍ ഐസെന്‍കോട്ട് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ സൈനികനെ ഇസ്രയേലിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് ആണ് മരണവിവരം പുറത്തുവിട്ടത്.തെക്കേ മുനമ്പില്‍ നടത്തിയ ആക്രമണത്തില്‍ സെര്‍ജന്റ് മേജറായ ജൊനാഥന്‍ ഡേവിഡ് (34) ഡീച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസ് തിരിച്ചടിയില്‍ മൂന്നു സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. ഒക്ടോബര്‍ ഏഴിന് ശേഷം ഇതുവരെ 88 ഇസ്രായേല്‍ സൈനികരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച ഗസയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ വംശജനായ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ കുടുംബവേരുള്ള ഗില്‍ ഡാനിയെല്‍സ് (34) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ പത്തിനാണ് ഗില്‍ റിസര്‍വ് സൈന്യത്തോടൊപ്പം ചേര്‍ന്നത്.അതേസമയം, ഗസക്ക് പുറമെ വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് കൗമാരക്കാരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. ജെനിന്‍ നഗരത്തില്‍ 16കാരനും തൂബാസില്‍ രണ്ട് സഹോദരന്മാരും നാബുലസില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. കൂടാതെ, വീടുകളില്‍ വ്യാപക പരിശോധന നടത്തി 60ഓളം ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.

ബെത്‌ലഹേമിന് സമീപം ഐദ അഭയാര്‍ഥി ക്യാമ്പ്, സിലാത് അല്‍ ദഹ്ര്‍, അല്‍ അതാര, അല്‍ ജലാമ, അല്‍ അര്‍ഖ എന്നിവിടങ്ങളിലുമാണ് വ്യാപക റെയ്ഡ് സേന നടത്തുന്നത്. ഒക്ടോബര്‍ ഏഴിനുശേഷം 3,640 ഫലസ്തീനികളെ വെസ്റ്റ്ബാങ്കില്‍ നിന്ന് ഇസ്രായേല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.






Next Story

RELATED STORIES

Share it