World

2017ലെ ഉപരോധത്തിന് ശേഷം ആദ്യമായി സൗദി രാജകുമാരന്‍ ഖത്തറില്‍; നിര്‍ണായക ചര്‍ച്ച

മേഖലയെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഉപരോധത്തിന് ശേഷം ആദ്യമായാണ് സൗദി ഭരണാധികാരി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ഉപരോധം പിന്‍വലിച്ചത്.

2017ലെ ഉപരോധത്തിന് ശേഷം ആദ്യമായി സൗദി രാജകുമാരന്‍ ഖത്തറില്‍; നിര്‍ണായക ചര്‍ച്ച
X

ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തിവരുന്ന സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നേതൃത്വത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ദോഹയില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഇരുനേതാക്കളും ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മേഖലയെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഉപരോധത്തിന് ശേഷം ആദ്യമായാണ് സൗദി ഭരണാധികാരി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ഉപരോധം പിന്‍വലിച്ചത്.

അതേസമയം, ഉപരോധം അവസാനിപ്പിച്ച ശേഷം ആദ്യമായിട്ടാണ് സൗദി കിരീടവകാശി ഖത്തറിലെത്തുന്നത്. മാത്രമല്ല, കിരീടവകാശിയായ ശേഷം ഇത് ബിന്‍ സല്‍മാന്റെ ആദ്യ ഖത്തര്‍ സന്ദര്‍ശനം കൂടിയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഗള്‍ഫ് പര്യടനത്തിന് തുടക്കമിട്ടത്. ഒമാനില്‍ തുടങ്ങിയ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം യുഎഇയിലെത്തി. മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍. ഇനി ബഹ്‌റയ്‌നും കുവൈത്തും സന്ദര്‍ശിച്ച ശേഷം സൗദിയിലേക്ക് മടങ്ങും. ശേഷമായിരിക്കും ജിസിസിയുടെ വാര്‍ഷിക ഉച്ചകോടി നടക്കുക.

2017 ജൂണ്‍ 5നാണ് ഖത്തറിനെതിരേ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ബഹ്‌റയ്‌നും യുഎഇയും ഈജിപ്തുമായിരുന്നു ഉപരോധം പ്രഖ്യാപിച്ച മറ്റു രാജ്യങ്ങള്‍. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഈ വര്‍ഷം ആദ്യത്തില്‍ ഉപരോധം പിന്‍വലിക്കാന്‍ തീരുമാനിച്ചു. അതിന് ശേഷം പലതവണ ഖത്തര്‍ അമീര്‍ സൗദി സന്ദര്‍ശിച്ചിരുന്നുവെങ്കിലും സൗദി കിരീടവകാശി ഖത്തറിലെത്തുന്നത് ആദ്യമായിട്ടാണ്.

ഉപരോധം പിന്‍വലിച്ച ശേഷം സൗദിയും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ യുഎഇയും ബഹ്‌റയ്‌നും ഇതുവരെ അംബാസഡര്‍മാരെ നിയമിച്ചിട്ടില്ല. സൗദി, യുഎഇ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങള്‍ ഖത്തര്‍ പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ബഹ്‌റയ്‌നിലേക്കുള്ള യാത്ര ഇതുവരെ സാധ്യമായിട്ടില്ല. വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

ഇറാനുമായി ശത്രുതയിലുള്ള രാജ്യമാണ് സൗദി അറേബ്യ. ഇറാനുമായി അടുപ്പത്തിലുള്ള രാജ്യമാണ് ഖത്തര്‍. സൗദിയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ബിന്‍ സല്‍മാന്റെ ദോഹ സന്ദര്‍ശനത്തില്‍ ഇറാന്‍ വിഷയം പ്രധാന ചര്‍ച്ചയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ വിഷയത്തില്‍ ജിസിസിയില്‍ ഭിന്നത രൂക്ഷമാണ്. മൂന്ന് രാജ്യങ്ങള്‍ ഇറാനുമായി ബന്ധം തുടരുമ്പോള്‍ മൂന്ന് രാജ്യങ്ങള്‍ ഇറാനെ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നു. സൗദിയും യുഎഇയും ബഹ്‌റൈനും ഇറാനുമായി അകല്‍ച്ചയിലാണ്. കുവൈത്തും ഖത്തറും ഒമാനും ഇറാനുമായി ബന്ധം തുടരുന്നുണ്ട്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സൗദിഖത്തര്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.

Next Story

RELATED STORIES

Share it