World

കൊറോണ വൈറസ്: സാംസങ്ങിന്റെ കൊറിയന്‍ ഫാക്ടറി പൂട്ടി, ഉല്‍പാദനം ഇനി വിയറ്റ്‌നാമില്‍

കൊറിയന്‍ ഫാക്ടറിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാക്ടറി അടയ്‌ക്കേണ്ടിവന്നതോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് കമ്പനി വക്താവ് അറിയിച്ചു.

കൊറോണ വൈറസ്: സാംസങ്ങിന്റെ കൊറിയന്‍ ഫാക്ടറി പൂട്ടി, ഉല്‍പാദനം ഇനി വിയറ്റ്‌നാമില്‍
X

സോള്‍: സാംസങ്ങ് ഇലക്ട്രോണിക്‌സിന്റെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി ദക്ഷിണ കൊറിയയില്‍നിന്ന് വിയറ്റ്‌നാമിലേക്ക് മാറ്റുന്നു. കൊറിയന്‍ ഫാക്ടറിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാക്ടറി അടയ്‌ക്കേണ്ടിവന്നതോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് കമ്പനി വക്താവ് അറിയിച്ചു. ദക്ഷിണ കൊറിയയിലെ ഗുമിയിലുള്ള ഫാക്ടറിയാണ് അടച്ചിട്ടത്. സാംസങ്ങിന്റെ എസ്- 20, സെഡ് ഫഌപ്പ് ഫോള്‍ഡബിള്‍ ഫോണ്‍ എന്നിവ നിര്‍മിക്കുന്നത് ഇവിടെയാണ്. ഈ പ്രീമിയം ഫോണുകളുടെ വിതരണത്തില്‍ തടസ്സമുണ്ടാവാതിരിക്കാനാണ് നിര്‍മാണം വിയറ്റ്‌നാമിലേക്ക് മാറ്റിയത്.

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഫലപ്രദവും സുസ്ഥിരവും സമയബന്ധിതവുമായി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യും. കോവിഡ് 19 നിയന്ത്രണവിധേയമായാല്‍ ഗുമി ഫാക്ടറിയിലേക്ക് തിരികെപ്പോവുമെന്ന് സാംസങ് അറിയിച്ചു. ഫെബ്രുവരി അവസാനം ഫാക്ടറിയിലെ ആറ് തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ സാംസങ്ങിന്റെ വലിയൊരു ഭാഗം ഫോണ്‍ നിര്‍മാണവും വിയറ്റ്‌നാമിലേക്ക് മാറ്റിയിരുന്നു. കമ്പനിയുടെ 50 ശതമാനം ഫോണ്‍ നിര്‍മാണവും ഇപ്പോള്‍ വിയറ്റ്‌നാമിലാണ്. ഗുമിയില്‍ ചെറിയൊരു ഭാഗം ഫോണുകള്‍ മാത്രമേ നിര്‍മിക്കുന്നുള്ളൂ.

അതിനിടെ, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കിന്റെ ലണ്ടന്‍ ഓഫിസും സിംഗപ്പൂര്‍ ആസ്ഥാന ഓഫിസിന്റെ ഭാഗവും അടയ്ക്കാന്‍ തീരുമാനിച്ചിരുന്നു. സിംഗപ്പൂര്‍ ഓഫിസിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഫെയ്‌സ്ബുക്കിന്റെ മറീന വണ്‍ ഓഫിസിലെ ജീവനക്കാരനാണ് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തിടെ ലണ്ടന്‍ ഓഫിസ് സന്ദര്‍ശിച്ചിരുന്നു. അതിനാലാണ് ലണ്ടന്‍ ഓഫിസും അടയ്ക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ച് ഒമ്പതുവരെയാണ് ലണ്ടന്‍ ഓഫിസ് അടയ്ക്കുന്നത്. വൈറസ് ബാധ സ്ഥീരീകരിച്ച ഓഫിസുകള്‍ വൈറസ് മുക്തമാക്കുന്നതിനായി ഉടന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതായി ഫെയ്‌സ്ബുക്ക് സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it