World

കെനിയയില്‍ വിമാനാപകടം: 12 വിനോദസഞ്ചാരികള്‍ മരിച്ചു

കെനിയയില്‍ വിമാനാപകടം: 12 വിനോദസഞ്ചാരികള്‍ മരിച്ചു
X

നെയ്റോബി: കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു. തീരദേശ മേഖലയായ ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ മസായി മാര നാഷനല്‍ റിസര്‍വിലേക്കുള്ള യാത്രാമധ്യേ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് അധികൃതര്‍ പറയുന്നത്. മരിച്ചവരിലേറെയും വിനോദസഞ്ചാരികളാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഡയാനി എയര്‍സ്ട്രിപ്പില്‍നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള കുന്നിന്‍ പ്രദേശത്തിനും വനത്തിനടുത്തുമായാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാരെല്ലാവരും വിദേശ വിനോദസഞ്ചാരികളാണെന്നും അവര്‍ ഏതുരാജ്യക്കാരാണെന്നത് പിന്നീട് സ്ഥിരീകരിക്കുമെന്നും ക്വാലെ കൗണ്ടി കമീഷണര്‍ സ്റ്റീഫന്‍ ഒറിന്‍ഡെ പറഞ്ഞു. എത്ര യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നുവെന്നതിന്റെ കൃത്യമായ കണക്കുകള്‍ വ്യക്തമല്ല.

വിനോദസഞ്ചാരകേന്ദ്രമായ ദിയാനിയില്‍നിന്ന് മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പറന്നുയര്‍ന്ന 5വൈ-സിസിഎ എന്ന വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തിനു പിന്നാലെ പോലിസും അടിയന്തര സേനാവിഭാഗങ്ങളും അപകടസ്ഥലത്തെത്തി. തകര്‍ന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളില്‍ തീ പടര്‍ന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം വ്യക്തമല്ല. മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങളാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചത്തിലുള്ള സ്ഫോടനം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു, സംഭവസ്ഥലത്തെത്തിയപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it