World

ആവശ്യങ്ങള്‍ അംഗീകരിച്ചു; ഇസ്രായേല്‍ ജയിലിലെ 103 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ച് ഫലസ്തീന്‍ തടവുകാരന്‍

കഴിഞ്ഞ ജൂലൈയില്‍ ജെനിന്‍ നഗരത്തില്‍നിന്ന് ഇസ്രായേല്‍ പിടികൂടിയ മഹര്‍ അല്‍ അഖ്റാസ് (49) മോചനത്തിനായി ജയിലില്‍ നടത്തിവന്ന നിരാഹാര സമരമാണ് 103 ദിവസം പിന്നിട്ടത്. മഹറിന്റെ ആവശ്യങ്ങള്‍ അധികാരികള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയ്യാറായതെന്നാണ് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നത്.

ആവശ്യങ്ങള്‍ അംഗീകരിച്ചു; ഇസ്രായേല്‍ ജയിലിലെ 103 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ച് ഫലസ്തീന്‍ തടവുകാരന്‍
X

തെല്‍അവീവ്: ഇസ്രായേല്‍ ഭരണകൂടം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫലസ്തീന്‍ തടവുകാരന്‍ നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ജൂലൈയില്‍ ജെനിന്‍ നഗരത്തില്‍നിന്ന് ഇസ്രായേല്‍ പിടികൂടിയ മഹര്‍ അല്‍ അഖ്റാസ് (49) മോചനത്തിനായി ജയിലില്‍ നടത്തിവന്ന നിരാഹാര സമരമാണ് 103 ദിവസം പിന്നിട്ടത്. മഹറിന്റെ ആവശ്യങ്ങള്‍ അധികാരികള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയ്യാറായതെന്നാണ് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നത്.

നാലുമാസത്തെ തടവ് ഇനിയും നീട്ടില്ലെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ്ബാണ് അദ്ദേഹത്തിന് ഉറപ്പുനല്‍കിയത്. അതേസമയം, ഇതുസംബന്ധിച്ച് ഇസ്രായേല്‍ അധികൃതരില്‍നിന്ന് ഇപ്പോള്‍ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് മഹറിന്റെ ഭാര്യ അറിയിച്ചു. ഇസ്രായേല്‍ ആശുപത്രിയില്‍ കഴിയുന്ന മഹറിന് കഠിനമായ നെഞ്ചുവേദനയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദിവസങ്ങളായി ഭക്ഷണമൊന്നും കഴിക്കാത്തതിനെത്തുടര്‍ന്ന് അവശനിലയില്‍ ഇസ്രായേല്‍ മെഡിക്കല്‍ സെന്ററില്‍ കഴിയുന്ന മഹര്‍ അല്‍ അഖ്റാസിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. 'ഞാന്‍ ഏത് നിമിഷവും മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഓരോ ദിവസം കഴിയുന്തോറും ഞാന്‍ കൂടുതല്‍ ക്ഷീണിതനാവുകയാണ്. ഏറെ പ്രയാസകരമായ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോവുന്നത്. ഒന്നുകില്‍ എന്നെ മോചിപ്പിക്കണം. അല്ലാതെ അനിശ്ചിതകാല നിരാഹാരത്തില്‍നിന്ന് പിന്‍മാറില്ല. ഇസ്രായേല്‍ ഭരണകൂടത്തിന്റെ അനീതിയുടെ പേരില്‍ ഞാന്‍ കൊല്ലപ്പെടും'- എന്നാണ് നിരാഹാരം 70 ദിവസം പിന്നിട്ട സമയത്ത് പുറത്തുവന്ന വീഡിയോയില്‍ മഹര്‍ അല്‍ അഖ്റാസ് പറഞ്ഞിരുന്നത്.

ജൂലൈയില്‍ ഇസ്രായേല്‍ ഭരണകൂടം പിടികൂടിയ അഖ്റാസിനെതിരേ ഏതെങ്കിലും കുറ്റങ്ങള്‍ ചുമത്തുകയോ വിചാരണയോ കൂടാതെയാണ് തടങ്കലിലാക്കിയത്. ഇസ്‌ലാമിക് ജിഹാദ് തീവ്രവാദ ഗ്രൂപ്പിന്റെ പ്രവര്‍ത്തകനാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അഖ്റാസിനെ കസ്റ്റഡിയിലെടുത്തതെന്നാണ് ഇസ്രായേലിന്റെ ഷിന്‍ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജന്‍സി ആരോപിക്കുന്നത്. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യ ഈ ആരോപണം നിഷേധിക്കുന്നു.

നവംബര്‍ 26ന് ശേഷം തടവ് നീട്ടേണ്ടതില്ലെന്ന് ഇസ്രായേല്‍ സുപ്രിംകോടതി ഒക്ടോബറില്‍ ഉത്തരവിട്ടെങ്കിലും ഖര ഭക്ഷണം നിരസിക്കുന്നത് തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. തടവ് നീട്ടേണ്ടതില്ലെന്ന് ഇസ്രായേല്‍ ഭരണകൂടം ഭരണപരമായ തീരുമാനമെടുത്തതിനെത്തുടര്‍ന്നാണ് നവംബര്‍ ആറ് മുതല്‍ നിരാഹാരം അവസാനിപ്പിക്കാന്‍ മഹര്‍ തീരുമാനിച്ചത്. ഇസ്രായേലി ജയിലുകളില്‍ അയ്യായിരത്തോളം ഫലസ്തീനികളുണ്ടെന്നും അവരില്‍ 350 പേര്‍ കരുതല്‍ തടങ്കലിലാണെന്നും ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it