World

പാകിസ്താന്‍കാരനെ വിവാഹംകഴിച്ച ഇന്ത്യന്‍ യുവതിക്ക് അനുകൂല ഉത്തരവുമായി പാക് ഹൈക്കോടതി

പാകിസ്താന്‍കാരനെ വിവാഹംകഴിച്ച ഇന്ത്യന്‍ യുവതിക്ക് അനുകൂല ഉത്തരവുമായി പാക് ഹൈക്കോടതി
X

ലാഹോര്‍: പാകിസ്താന്‍ പൗരനെ വിവാഹം കഴിച്ച സിഖ് യുവതിക്കെതിരെയുണ്ടായ ആക്രമണങ്ങളില്‍ നടപടിയെടുത്ത് പാകിസ്താന്‍ കോടതി. ഇന്ത്യന്‍ പൗരയായ സരബ്ജീത് കൗര്‍, ഭര്‍ത്താവായ പാകിസ്താന്‍ പൗരന്‍ നാസിര്‍ ഹുസൈന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി പറഞ്ഞത്.ഗുരുനാനാക്കിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് വാഗാ അതിര്‍ത്തി വഴി പാകിസ്താനിലേക്ക് പ്രവേശിച്ച തീര്‍ഥാടകയായിരുന്നു 48 കാരിയായ സരബ്ജീത് കൗര്‍. തീര്‍ഥാടകസംഘം നവംബര്‍ 13-ന് നാട്ടിലേക്ക് തിരിച്ചെങ്കിലും കൗറിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നവംബര്‍ 14-ന് ഇവര്‍ പാകിസ്താനിലെ ഷെയ്ഖുപുര ജില്ലക്കാരനായ നാസിര്‍ ഹുസൈനെ വിവാഹം കഴിച്ചതായി പോലിസ് കണ്ടെത്തി. ഇവരുടെ നിക്കാഹിന്റെ 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പാകിസ്താന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ചൊവ്വാഴ്ച, ഷെയ്ഖുപുരയിലെ ഫറൂഖാബാദിലുള്ള തങ്ങളുടെ വീട്ടില്‍ പോലിസ് നിയമവിരുദ്ധമായി റെയ്ഡ് നടത്തിയെന്നും വിവാഹം തടയാന്‍ ശ്രമിച്ചെന്നും ആരോപിച്ച് കൗറും ഹുസൈനും ലാഹോര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. തന്റെ ഭര്‍ത്താവ് പാകിസ്താന്‍ പൗരനാണെന്നും വിസ നീട്ടാനും പാകിസ്താന്‍ പൗരത്വം നേടാനും ഇന്ത്യന്‍ മിഷനെ സമീപിച്ചിട്ടുണ്ടെന്നും കൗര്‍ ഹരജിയില്‍ പറഞ്ഞു. തുടര്‍ന്നാണ് പോലിസ് ഹരജിക്കാരെ ഉപദ്രവിക്കുന്നത് തടഞ്ഞുകൊണ്ട് എല്‍എച്ച്‌സി ജസ്റ്റിസ് ഫാറൂഖ് ഹൈദര്‍ ഉത്തരവിട്ടത്.

അതേസമയം, ഇന്ത്യയുടെ രാജ്യസുരക്ഷ കണക്കിലെടുക്കുമ്പോള്‍ വിഷയം ഗൗരവകരമാണെന്നും കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് സേന വിഷയം പരിശോധിക്കുന്നുണ്ടെന്നും പഞ്ചാബ് കപൂര്‍ത്തല സീനിയര്‍ പോലിസ് സൂപ്രണ്ട് ഗൗരവ് ടൂറ പറഞ്ഞു. സുല്‍ത്താന്‍പൂര്‍ ലോധിയിലെ അമാനിപുര്‍ എന്ന കൗറിന്റെ ഗ്രാമം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പാകിസ്താന്‍ സന്ദര്‍ശിക്കാനുള്ള ഇവരുടെ ഉദ്ദേശ്യത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തില്‍ സരബ്ജിത്തിന് ക്രിമിനല്‍ ചരിത്രമുണ്ടെന്ന് പഞ്ചാബ് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ബത്തിന്‍ഡയിലും കപൂര്‍ത്തലയിലും ഇവര്‍ക്കെതിരെ മൂന്ന് വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഗ്രാമവാസികളും കുടുംബാംഗങ്ങളും ഇവരെപ്പറ്റി സംസാരിക്കാന്‍ വിസമ്മതിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സാമൂഹ്യമാധ്യമം വഴിയാണ് സരബ്ജീത് കൗറും നാസിര്‍ ഹുസൈനും അടുപ്പത്തിലായത്. തുടര്‍ന്ന് പാകിസ്താനിലെത്തിയ സരബ്ജീത് കൗര്‍ മതംമാറി മുസ്ലിം ആയശേഷമാണ് നാസിര്‍ ഹുസൈനെ വിവാഹംകഴിച്ചത്. അന്വേഷണത്തില്‍ കൗറിന്റെ ആദ്യഭര്‍ത്താവ് വിദേശത്താണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.






Next Story

RELATED STORIES

Share it