World

കൊവിഡ് വ്യാപനം; ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി യുകെ

കൊവിഡ് വ്യാപനം; ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി യുകെ
X

ലണ്ടന്‍: കൊവിഡ് രണ്ടാം തരംഗം ആശങ്ക പരത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ ബ്രിട്ടന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്പോള്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത് ധാര്‍മികമായി ശരിയല്ലെന്ന വിലയിരുത്തലിലാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച് എന്‍എച്ച്എസ് ഇംഗ്ലണ്ട് വിവിധ ട്രസ്റ്റുകള്‍ക്കും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ യുകെയിലേക്ക് പോവാനിരുന്ന നിരവധി നഴ്‌സുമാരുടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ബ്രിട്ടന്‍ യാത്രാവിലക്കേര്‍പ്പെടുത്തിയതോടെ പല ഏജന്‍സികളും സ്വന്തം നിലയില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് നഴ്‌സുമാരെ എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഹോട്ടല്‍ ക്വാറന്റൈനുള്ള തുക നല്‍കാന്‍ തയ്യാറായതോടെ ഇവരുടെ യാത്രകള്‍ സാധ്യമാവുമെന്ന് കരുതിയിരിക്കവെയാണ് താല്‍ക്കാലിക റിക്രൂട്ട്‌മെന്റ് മരവിപ്പിക്കാനുള്ള തീരുമാനം.

ഇനിയൊരു അറിയിപ്പുണ്ടാവും വരെയാണു നിരോധനം. എന്നാല്‍, നിലവില്‍ ജോലി വാഗ്ദാനം ലഭിച്ച ആരുടെയും അവസരം പാഴാകില്ല. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തി ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും ചെയ്യണമെന്ന് ട്രസ്റ്റുകള്‍ക്കും ഏജന്‍സികള്‍ക്കും എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരുംദിവസങ്ങളില്‍ യുകെയിലേക്ക് പോവാനിരിക്കുന്ന നഴ്‌സുമാര്‍ക്ക് ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നതുവരെ കാത്തിരിക്കേണ്ടിവരും.

Next Story

RELATED STORIES

Share it