World

കോടതിയില്‍ വികൃത ചിരിയുമായി ബ്രെന്റണ്‍ ടാറന്റ്

മാധ്യമങ്ങളുടെ നേരെ തുറിച്ചു നോക്കി ഒരു പരിഹാസ ചിരിയുമായായിരുന്നു കൊലയാളിയുടെ നില്‍പ്പ്. കൊലക്കുറ്റം ചുമത്തപ്പെട്ട ടാറന്റിനെ ക്രൈസ്റ്റ് ചര്‍ച്ചിലെ ജില്ലാ കോടതിയിലാണ് ഹാജരാക്കിയത്.

കോടതിയില്‍ വികൃത ചിരിയുമായി ബ്രെന്റണ്‍ ടാറന്റ്
X

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്റിലെ മുസ്ലിം പള്ളികളില്‍ 49 പേരെ നിഷ്‌കരുണം വെടിവച്ചുകൊന്ന ബ്രെന്റണ്‍ ടാറന്റ് ഒട്ടും ഭാവഭേദമില്ലാതെ കോടതിയില്‍. മാധ്യമങ്ങളുടെ നേരെ തുറിച്ചു നോക്കി ഒരു പരിഹാസ ചിരിയുമായായിരുന്നു കൊലയാളിയുടെ നില്‍പ്പ്. കൊലക്കുറ്റം ചുമത്തപ്പെട്ട ടാറന്റിനെ ക്രൈസ്റ്റ് ചര്‍ച്ചിലെ ജില്ലാ കോടതിയിലാണ് ഹാജരാക്കിയത്. കോടതി ഏപ്രില്‍ 5വരെ ഇയാളെ റിമാന്റ് ചെയ്തു. ഏപ്രില്‍ 5ന് ടാറന്റിനെ സൗത്ത് ഐലന്റ് സിറ്റി ഹൈക്കോടതിയിലാണ് ഹാജരാക്കുക.

കൈവിലങ്ങണിഞ്ഞ് പാദരക്ഷകളില്ലാതെ വെളുത്ത ജയില്‍വസ്ത്രമണിഞ്ഞെത്തിയ ടാറന്റ് ഒന്നും സംസാരിച്ചില്ല. കോടതി നിയോഗിച്ച അഭിഭാഷകന്‍ ജാമ്യ ഹരജിയോ പേര് പുറത്തുവിടരുതെന്ന അപേക്ഷയോ സമര്‍പ്പിച്ചില്ല. വെള്ളക്കാരുടെ മേധാവിത്വത്തിന് വേണ്ടി വാദിക്കുന്ന ഗ്രൂപ്പുകള്‍ ലോകവ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നം(തലകീഴായ ഒകെ ചിഹ്നം) ടാറന്റ് മാധ്യമപ്രവര്‍ത്തകരുടെ നേരെ കൈവിരലില്‍ ഉയര്‍ത്തിക്കാട്ടി.

ജഡ്ജ് പോള്‍ കെല്ലര്‍ പ്രതിയുടെ ഫോട്ടോ എടുക്കാന്‍ അനുവദിച്ചെങ്കിലും നീതിപൂര്‍വകമായ വിചാരണ ഉറപ്പാക്കുന്നതിന് മുഖം ബ്ലര്‍ ചെയ്ത് പ്രസിദ്ദീകരിക്കാന്‍ ഉത്തരവിട്ടു. മറ്റു രണ്ടുപേര്‍ കൂടി പോലിസിന്റെ കസ്റ്റിഡിലിയുണ്ട്. ക്രൂരമായ ആക്രമണത്തില്‍ ഇവരുടെ പങ്ക് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ആര്‍ക്കും ന്യൂസിലന്റിലോ ആസ്‌ത്രേലിയയിലോ ക്രിമിനല്‍ പശ്ചാത്തലമില്ല. പോലിസിന്റെ നിരീക്ഷണപ്പട്ടികയിലും ഇവരില്ല.

കൊലയ്ക്ക് ഉപയോഗിച്ചത് ലൈസന്‍സുള്ള തോക്ക്

മസ്ജിദില്‍ കൂട്ടക്കൊല നടത്തിയ ബ്രെന്റണ്‍ ടാറന്റ് ഉപയോഗിച്ചത് ലൈസന്‍സുള്ള തോക്കാണെന്ന വിവരം പുറത്തുവന്നു. രണ്ട് സെമിഓട്ടോമാറ്റിക് തോക്കുകളും രണ്ട് ഷോട്ട്ഗണ്ണുകളും ഉള്‍പ്പെടെ അഞ്ച് ആയുധങ്ങള്‍ ഇയാളുടെ പക്കലുണ്ടായിരുന്നു. തോക്കുകള്‍ക്ക് എളുപ്പത്തില്‍ ലൈസന്‍സ് കിട്ടുന്ന രാജ്യമാണ് ന്യൂസിലന്റ്. 50 ലക്ഷം പേരുള്ള രാജ്യത്ത് 15 ലക്ഷം ലൈസന്‍സുള്ള തോക്കുകളുണ്ട്. എന്നാല്‍, വെടിവച്ചുള്ള കൊലപാതകങ്ങള്‍ രാജ്യത്ത് വളരെ അപൂര്‍വ്വമാണ്. പുതിയ സാഹചര്യത്തില്‍ തോക്ക് നിയമത്തില്‍ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്‍ പറഞ്ഞു.

അതേ സമയം, ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ ഗ്രാഫ്റ്റനിലുള്ള ടാറന്റിന്റെ ബന്ധുക്കള്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തില്‍ വളരെ ചുരുക്കം സമയം മാത്രമേ ടാറന്റ് ആസ്‌ത്രേലിയയില്‍ ഉണ്ടായിരുന്നുള്ളു എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

Next Story

RELATED STORIES

Share it