World

നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി; അടുത്ത ഏപ്രിലില്‍ തിരഞ്ഞെടുപ്പ്

. ചൊവ്വാഴ്ച പുറപ്പെടുവിച്ച വിവാദ ഭരണഘടനാ കൗണ്‍സില്‍ നിയമവുമായി ബന്ധപ്പെട്ട് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ പ്രചണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍ എന്നിവരില്‍നിന്ന് കടുത്ത എതിര്‍പ്പാണ് ഒലി നേരിട്ടത്. പുതിയ ഭരണഘടനാ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് സമ്മര്‍ദമുണ്ടായിരുന്നു.

നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി; അടുത്ത ഏപ്രിലില്‍ തിരഞ്ഞെടുപ്പ്
X

കാഠ്മണ്ഡു: നേപ്പാളില്‍ പാര്‍ലമെന്റ്് പിരിച്ചുവിടാനുള്ള മന്ത്രിസഭയുടെ തീരുമാനം പ്രസിഡന്റ് ബിദ്യാ ദേവി ഭട്ടാരി അംഗീകരിച്ചു. ഞായറാഴ്ച രാവിലെ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭായോഗമാണ് 275 അംഗ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. അടുത്ത വര്‍ഷം ഏപ്രില്‍ 30നും മെയ് 10നുമിടയില്‍ രണ്ടുഘട്ടങ്ങളിലായി ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ നോട്ടീസ് പ്രകാരം ഏപ്രില്‍ 30ന് പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടവും മെയ് 10 ന് രണ്ടാംഘട്ടവും നടക്കും.

നേപ്പാള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 76 ലെ 1, 7 വകുപ്പും ആര്‍ട്ടിക്കിള്‍ 85 എന്നിവ പ്രകാരമാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടതെന്ന് നോട്ടീസ് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച പുറപ്പെടുവിച്ച വിവാദ ഭരണഘടനാ കൗണ്‍സില്‍ നിയമവുമായി ബന്ധപ്പെട്ട് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ പ്രചണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍ എന്നിവരില്‍നിന്ന് കടുത്ത എതിര്‍പ്പാണ് ഒലി നേരിട്ടത്. പുതിയ ഭരണഘടനാ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് സമ്മര്‍ദമുണ്ടായിരുന്നു.

മൂന്ന് അംഗങ്ങളുടെ സാന്നിധ്യത്തില്‍ പോലും മീറ്റിങ്ങുകള്‍ വിളിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശം പ്രധാനമന്ത്രിക്ക് നല്‍കുന്നതായിരുന്നു പുതിയ നിയമം. ഈ വിവാദങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗീയത പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്. തീരുമാനം തിടുക്കപ്പെട്ടായിരുന്നെന്നും മന്ത്രിസഭായോഗത്തില്‍ എല്ലാ മന്ത്രിമാരും പങ്കെടുത്തിട്ടില്ലെന്നും പാര്‍ട്ടി വക്താവ് നാരായണ്‍കാജി ശ്രേഷ്ഠ പറഞ്ഞു. ഇത് ജനാധിപത്യചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 275 അംഗ പാര്‍ലമെന്റിലേക്ക് 2017ലാണ് തിരഞ്ഞെടുപ്പ് നടന്നത്.

അന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി) വലിയ വിജയം നേടിയിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ ഉള്‍പ്പോര് പാരമ്യത്തിലെത്തിയതോടെയാണ് ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പ്രധാനമന്ത്രിയില്‍നിന്നും അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ ശര്‍മ ഒലി നേതൃത്വം നല്‍കുന്ന ഒരുവിഭാഗവും മുന്‍പ്രധാനമന്ത്രിയും പാര്‍ട്ടിയുടെ ഉന്നത നേതാവുമായ പ്രചണ്ഡയുടെ വിഭാഗവും തമ്മില്‍ മാസങ്ങളായി പോര് നടക്കുകയാണ്. തന്നെ അധികാരത്തില്‍നിന്ന് നീക്കാന്‍ ശ്രമം നടക്കുന്നതായി ഒലി നേരത്തെ ആരോപിച്ചിരുന്നു.

വിഭാഗീയത രൂക്ഷമായതോടെ ഒലി സ്ഥാനമൊഴിയണമെന്ന് പ്രചണ്ഡയും മാധവ് നേപ്പാളും നേതൃത്വം നല്‍കുന്ന വിഭാഗം ആവശ്യപ്പെട്ടിരുന്നു. പ്രധാന പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് (എന്‍സി) പാര്‍ട്ടിയും രാഷ്ട്രിയ ജനതാ പാര്‍ട്ടിയും ഞായറാഴ്ച അടിയന്തരയോഗം ചേര്‍ന്ന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ നീക്കമുണ്ടായത്.

Next Story

RELATED STORIES

Share it