World

കൊവിഡ് ചികില്‍സ: ഇസ്രായേലിലേക്ക് ഇന്ത്യ കയറ്റി അയച്ചത് അഞ്ച് ടണ്‍ മലേറിയ മരുന്ന്

പുതിയ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതാണെന്ന് ഇസ്രായേയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സിംഗ്ല പ്രതികരിച്ചതായി വൈ നെറ്റിനെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് ചികില്‍സ: ഇസ്രായേലിലേക്ക് ഇന്ത്യ കയറ്റി അയച്ചത് അഞ്ച് ടണ്‍ മലേറിയ മരുന്ന്
X

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് ചികില്‍സയ്ക്കായി ഇസ്രായേലിലേക്ക് ഇന്ത്യ കയറ്റി അയച്ചത് അഞ്ച് ടണ്‍ മലേറിയ മരുന്നുകളെന്ന് റിപോര്‍ട്ട്. മലേറിയ രോഗത്തിന് നല്‍കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറിക്വിന്‍ ഉല്‍പാദിപ്പിക്കാനുള്ള ചേരുവകകളാണ് ഇസ്രായേലിലേക്ക് ഇന്ത്യ കയറ്റി അയച്ചതെന്ന് ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മരുന്ന് വഹിച്ചുകൊണ്ടുള്ള വിമാനം ഇസ്രായേലില്‍ എത്തിച്ചേര്‍ന്നതായാണ് റിപോര്‍ട്ട്. കൊവിഡ് 19 ചികില്‍സയ്ക്ക് മലേറിയ മരുന്ന് ഫലപ്രദമാണെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പല രാജ്യങ്ങളും ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നത്.

ലോകമാകെ മഹാമാരിയായി കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മലേറിയ മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അമേരിക്കയിലേക്ക് മലേറിയ മരുന്ന് കയറ്റുമതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമേല്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ മലേറിയ മരുന്നിന്റെ കയറ്റുമതിക്ക് ഇളവുവരുത്തിയതിന് പിന്നാലെയാണ് ഇസ്രായേലിലേക്കും മരുന്നെത്തിച്ചിരിക്കുന്നത്. പുതിയ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതാണെന്ന് ഇസ്രായേയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സിംഗ്ല പ്രതികരിച്ചതായി വൈ നെറ്റിനെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലേക്ക് മരുന്ന് കയറ്റി അയച്ചതായും അദ്ദേഹം വ്യക്തമാക്കി.

മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെയും മാസ്‌കുകളുടെയും കയറ്റുമതി നിരോധനത്തില്‍നിന്ന് ഇസ്രായേലിനെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞമാസംതന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നതായാണ് മാധ്യമറിപോര്‍ട്ടുകള്‍. ഇതിന് മോദി അനുമതി നല്‍കിയിരുന്നതായും ആരോഗ്യമന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇറ്റാമര്‍ ഗ്രോട്ടോ വ്യക്തമാക്കുന്നു. മരുന്ന് ഉല്‍പാദനത്തിന്റെയും കയറ്റുമതിയുടെയും കാര്യത്തില്‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം മുന്നിലാണെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it