World

ലിയോ പതിനാലാമന്‍ പുതിയ മാര്‍പാപ്പയായി ചുമതലയേറ്റു

ലിയോ പതിനാലാമന്‍ പുതിയ മാര്‍പാപ്പയായി ചുമതലയേറ്റു
X

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി ലിയോ പതിനാലാമന്‍ ചുമതലയേറ്റു. കത്തോലിക്കാ സഭയുടെ 267-ാമത് തലവനും അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പുമാണ് ലിയോ പതിനാലാമന്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര) ചടങ്ങുകള്‍ ആരംഭിച്ചത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കുളളിലാണ് ചടങ്ങുകള്‍ നടന്നത്. ലിയോ പതിനാലാമനെ ഔദ്യോഗികമായി മാര്‍പാപ്പയായി വാഴിക്കുന്ന ചടങ്ങില്‍ ലോകമെമ്പാടുമുളള വിശ്വാസികളും പ്രമുഖരും പങ്കെടുത്തു. മാര്‍പാപ്പ തുറന്ന വാഹനത്തിലെത്തി വിശ്വാസികളെ ആശിര്‍വദിച്ചു. സഭയുടെ ആദ്യ മാര്‍പാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ ലിയോ പതിനാലാമന്‍ പ്രാര്‍ത്ഥിച്ചു.

മാര്‍പാപ്പ കുര്‍ബാനമധ്യേ പാലിയവും സ്ഥാനമോതിരവും ഏറ്റുവാങ്ങി. പത്രോസിന്റെ തൊഴിലിനെ ഓര്‍മ്മപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധര്‍മ്മം ഓര്‍മ്മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭയും ഒന്നാണെന്നും ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടുപോകണമെന്നും മാര്‍പാപ്പ പറഞ്ഞു. ഇത് സ്നേഹത്തിന്റെ സമയമാണെന്നും ദൈവ സ്നേഹത്തിന്റെ വഴിയെ നടക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.



Next Story

RELATED STORIES

Share it