World

കുവൈത്ത് ലോക്ക് ഡൗണ്‍: ജിലീബ്, മഹബൂല താമസക്കാര്‍ക്ക് സൗജന്യഭക്ഷണത്തിന് സര്‍ക്കാരിന്റെ സമഗ്രപദ്ധതി

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജിലീബ് പ്രദേശത്ത് 3.8 ലക്ഷം പേരും മഹബൂലയില്‍ 1,98,500 പേരുമാണ് താമസക്കാരായുള്ളത്. ഇവര്‍ക്ക് മുഴുവനും ലോക്ക് ഡൗണ്‍ അവസാനിക്കുന്നതുവരെ ഭക്ഷണവും പാനീയവും സര്‍ക്കാര്‍വക സൗജന്യമായി അനുവദിക്കും.

കുവൈത്ത് ലോക്ക് ഡൗണ്‍: ജിലീബ്, മഹബൂല താമസക്കാര്‍ക്ക് സൗജന്യഭക്ഷണത്തിന് സര്‍ക്കാരിന്റെ സമഗ്രപദ്ധതി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ജിലീബ്, മഹബൂല പ്രദേശങ്ങളിലെ മുഴുവന്‍ താമസക്കാര്‍ക്കും സൗജന്യഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സമഗ്രപദ്ധതി ആവിഷ്‌കരിച്ചു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍റായ് ദിനപത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജിലീബ് പ്രദേശത്ത് 3.8 ലക്ഷം പേരും മഹബൂലയില്‍ 1,98,500 പേരുമാണ് താമസക്കാരായുള്ളത്. ഇവര്‍ക്ക് മുഴുവനും ലോക്ക് ഡൗണ്‍ അവസാനിക്കുന്നതുവരെ ഭക്ഷണവും പാനീയവും സര്‍ക്കാര്‍വക സൗജന്യമായി അനുവദിക്കും.

ഇക്കാര്യം ആഭ്യന്തരമന്ത്രാലയം പൊതുജനസമ്പര്‍ക്ക വിഭാഗം മേധാവി ബ്രിഗേഡിയര്‍ തൗഹീദ് അല്‍കന്ദറി സ്ഥിരീകരിച്ചു. രാജ്യത്തെ അഞ്ചേകാല്‍ ലക്ഷത്തോളം വിദേശികള്‍ക്ക് ലോക്ക് ഡൗണ്‍ കാലങ്ങളില്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതി അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് സബാഹിന്റെ പ്രത്യേകനിര്‍ദേശപ്രകാരമാണു നടപ്പാക്കുന്നത്. കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ വിദേശികള്‍ ഏറ്റവുമധികം താമസിക്കുന്ന രണ്ടുപ്രദേശങ്ങളായ ജിലീബ്, മഹബൂല എന്നിവിടങ്ങളില്‍ ഇന്നലെ മുതലാണു രണ്ടാഴ്ചത്തേയ്ക്ക് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

കുവൈത്ത് റേഡ് ക്രസന്റ് സൊസൈറ്റി ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ വഴിയായിരിക്കും ഇവയുടെ വിതരണം നടത്തുക. ഇതിനു പുറമേ പ്രദേശത്തെ മുഴുവന്‍ താമസക്കാരിലും കൊവിഡ് വൈറസ് പരിശോധന നടത്താനും സര്‍ക്കാര്‍ തയ്യാറെടുത്തുവരുന്നതായി പത്രം റിപോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ താമസക്കാര്‍ക്ക് വൈദ്യസേവനങ്ങള്‍ ഉറപ്പുവരുത്തുവാനും അനധികൃതതാമസക്കാരായി കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കാനും ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it