World

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ റഷ്യന്‍ സൈന്യം ഖസാക്കിസ്താനില്‍

. പ്രതിഷേധക്കാര്‍ക്കെതിരേ അക്രമാസക്തമായ അടിച്ചമര്‍ത്തലുകള്‍ തുടരുന്നതിനിടെയാണ് രാജ്യത്തെ ഏകാധിപത്യ പ്രസിഡന്റിന്റെ അഭ്യര്‍ഥന മാനിച്ച് റഷ്യന്‍ നേതൃത്വത്തിലുള്ള സൈന്യം ഖസാക്കിസ്ഥാനിലെത്തിയത്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ റഷ്യന്‍ സൈന്യം ഖസാക്കിസ്താനില്‍
X

നൂര്‍ സുല്‍ത്താന്‍: രാജ്യത്ത് ദിവസങ്ങളായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ റഷ്യന്‍ നേതൃത്വത്തിലുള്ള സൈന്യം ഖസാക്കിസ്ഥാനിലെത്തി. പ്രതിഷേധക്കാര്‍ക്കെതിരേ അക്രമാസക്തമായ അടിച്ചമര്‍ത്തലുകള്‍ തുടരുന്നതിനിടെയാണ് രാജ്യത്തെ ഏകാധിപത്യ പ്രസിഡന്റിന്റെ അഭ്യര്‍ഥന മാനിച്ച് റഷ്യന്‍ നേതൃത്വത്തിലുള്ള സൈന്യം ഖസാക്കിസ്ഥാനിലെത്തിയത്.


ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധം ദിവസങ്ങളായി തുടരുന്ന രാജ്യത്തെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയില്‍ ഇന്നലെ വെടിവയ്പുണ്ടായി. ഇവിടുത്തെ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കത്തിനിടെ നിരവധി പ്രതിഷേധക്കാരെ വധിച്ചതായി ഖസാഖിസ്താനിലെ സുരക്ഷാ സേന അറിയിച്ചു. പ്രതിഷേധക്കാര്‍ നഗരത്തിലെ പോലീസ് സ്‌റ്റേഷനുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലിസ് നടപടിയെന്ന് പോലിസ് വക്താവ് അവകാശപ്പെട്ടു. പ്രതിഷേധക്കാര്‍ രാജ്യത്തെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് തീയിടുകയും നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു.

പോലിസുകാരും പ്രക്ഷോഭകരും കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തിനു പിന്നില്‍ വിദേശ പരിശീലനം സിദ്ധിച്ച 'ഭീകരരാണെന്നാണ്' പ്രസിഡന്റിന്റെ ആരോപണം. എന്നാല്‍, ഇക്കാര്യം തെളിയിക്കുന്ന യാതൊന്നും നല്‍കാതെയാണ് പ്രസിഡന്റിന്റെ ആരോപണം.

പ്രതിഷേധങ്ങളെ ശമിപ്പിക്കുന്നതിനുള്ള പിന്തുണയ്ക്കായി റഷ്യന്‍ നേതൃത്വത്തിലുള്ള കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷനോട് (സിഎസ്ടിഒ) അഭ്യര്‍ത്ഥിച്ചതായി ബുധനാഴ്ച സ്‌റ്റേറ്റ് ടിവിയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍, പ്രസിഡന്റ് കാസിം ജോമാര്‍ട്ട് തോകയേവ് വ്യക്തമാക്കിയിരുന്നു. റഷ്യ, ഖസാക്കിസ്താന്‍, ബെലാറസ്, താജിക്കിസ്ഥാന്‍, അര്‍മേനിയ എന്നിവയാണ് ഈ കൂട്ടായ്മയില്‍ ഉള്ളത്.


കസാക്കിസ്ഥാനിലേക്ക് അയച്ച വിദേശ സേനയില്‍ ഏകദേശം 2,500 സൈനികര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈനികര്‍ ഒരു സമാധാന സേനയാണെന്നും സര്‍ക്കാര്‍,

സൈനിക സ്ഥാപനങ്ങള്‍ സംരക്ഷിക്കുമെന്നും സിഎസ്ടിഒ പറയുന്നു. അവര്‍ കുറച്ച് ദിവസങ്ങളോ ആഴ്ചകളോ രാജ്യത്ത് തങ്ങുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ റിപോര്‍ട്ട് ചെയ്യുന്നു.


കഴിഞ്ഞ വര്‍ഷം അവസാനം രാജ്യത്തെ എണ്ണ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. ഇതിന് പിന്നാലെ എണ്ണ വില കുതിച്ചുയര്‍ന്നു. ഈ വര്‍ഷം ജനുവരി ആദ്യം തന്നെ എണ്ണവില ഇരട്ടിയായതാണ് ജനങ്ങളെ തെരുവിലിറക്കിയത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ സനോസന്നിലാണ് പ്രധാനമായും പ്രശ്‌നങ്ങളാരംഭിച്ചത്. രാജ്യത്തെ എണ്ണ ഖനനത്തിനു പേര് കേട്ട നഗരമാണ് സനോസെന്‍. ഇവിടെ പ്രധാനമായും ഇന്ധനവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് പ്രവര്‍ത്തിക്കുന്നത്.

സനോസന്നിലെ തൊഴിലാളികള്‍ തെരുവിലറങ്ങിയതിനു പിന്നാലെ രാജ്യത്തെ പ്രധാന പട്ടണങ്ങളിലെല്ലാം ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.

ഇതേ തുടര്‍ന്ന് പ്രതിഷേധം അടിച്ചമര്‍ത്താന്‍ പോലിസും പിന്നാലെ പട്ടാളവും നഗരങ്ങള്‍ വളഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സുരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിനാളുകള്‍ കൊല്ലപ്പെട്ടെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതിന്റെ വ്യക്തമായ കണക്കുകളില്ല. കലാപത്തില്‍ 1000 ഓളം പേര്‍ക്ക് പരിക്കേറ്റതായും 400 പേര്‍ ആശുപത്രിയിലും 62 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.


രൂക്ഷമായ കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി അസ്‌കര്‍ മാമിന്‍ എണ്ണ വില എടുത്തു കളഞ്ഞ തീരുമാനം പുനപരിശോധിക്കുമെന്നും നിലവിലെ വില വര്‍ദ്ധന റദ്ദാക്കിയതായും പ്രഖ്യാപിച്ചു.

എന്നാല്‍, ജനം ഇക്കാര്യം തള്ളുകളും കലാപം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുകയുമായിരുന്നു.

ഇതോടെ പ്രധാനമന്ത്രി അസ്‌കര്‍ മാമിന്‍ രാജി സമര്‍പ്പിക്കുകയും പ്രസിഡന്റിന് കാസിംജോമാര്‍ട്ട് തോകയേവ് രാജി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ തെരുവില്‍ കലാപത്തിന് ശമനമുണ്ടായില്ല. ഇതേ തുടര്‍ന്ന് രാജ്യത്തെ കലാപം നിയന്ത്രിക്കാന്‍ കസാഖിസ്ഥാന്‍ രാഷ്ട്രപതി റഷ്യയുടെ സഹായം തേടിയത്.

എണ്ണ വില നിയന്ത്രണം എടുത്ത് കളഞ്ഞതോടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില പുതുവത്സര ദിനത്തില്‍ കുത്തനെ കുടുകയായിരുന്നു. ഒറ്റയടിക്ക് ഇരട്ടിയോളം വില വര്‍ദ്ധനവുണ്ടായതാണ് ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. തൊളിലാളികള്‍ തങ്ങളുടെ വാഹനങ്ങള്‍ തെരുവില്‍ നിര്‍ത്തിയിട്ട് പോവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ചില നഗരങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. 1991ല്‍ കസാക്കിസ്ഥാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം കസാക്കിസ്ഥാനെ നയിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് പ്രസിഡന്റ് തോകയേവ്.കലാപം വ്യാപിച്ചതോടെ രാജ്യത്തെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ പരിമിതമാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ പല നഗരങ്ങളിലും നടക്കുന്നതെന്താണെന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖസാക്കിസ്താനിലെ പ്രധാന വിമാനത്താവളത്തിലെ ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നെവെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ നഗരമായ അക്‌ടോബില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ ചില നഗരങ്ങളില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും ഒരുമിച്ചായിരുന്നു കലാപത്തിലേര്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ സ്വേച്ഛാധിപതിയായിരുന്ന, 2019 വരെ രാജ്യത്തെ ഭരിച്ച പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവിന്റെ പ്രതിമകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടതായും റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it