World

ഗസയിലേക്ക് ഏത് നിമിഷവും കരയുദ്ധം ആരംഭിക്കാന്‍ ഇസ്രായേല്‍

ഗസയിലേക്ക് ഏത് നിമിഷവും കരയുദ്ധം ആരംഭിക്കാന്‍ ഇസ്രായേല്‍
X
ടെല്‍ അവീവ്: കരയുദ്ധം ഏത് നിമിഷവും ആരംഭിക്കുമെന്ന് വ്യക്തമാക്കി ഇസ്രായേല്‍. ഗസയ്ക്ക് ചുറ്റം സൈനീക വിന്യാസം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്നര ലക്ഷത്തോളം സൈനികരെയാണ് ഗസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ വിന്യസിച്ചിരിക്കുന്നത്. നിശ്ചയിക്കപ്പെട്ട ഉത്തരവാദിത്വം നടപ്പിലാക്കാന്‍ ഒരുങ്ങി കഴിഞ്ഞെന്ന് സൈനിക വക്താക്കള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്റെ സൈനിക ശേഷി പൂര്‍ണമായും തകര്‍ക്കുകയാണ് കരയുദ്ധത്തിലെ ദൗത്യം.

ഇതിനിടെ കരയുദ്ധം തുടങ്ങുന്നതിന് മുന്നോടിയായി മാനുഷിക ഇടനാഴിക്ക് ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. വെള്ളവും ഭക്ഷണവും മരുന്നും ഉള്‍പ്പെടെ എത്തിക്കാന്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് നേരത്തെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ഈജിപ്തില്‍ നിന്ന് ക്ക് മാനുഷിക ഇടനാഴി തുറക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം റഫ പാലം ആക്രമിക്കപ്പെട്ടത് ഈ നീക്കം ക്ലേശകരമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മരുന്നുകള്‍ ഉള്‍പ്പെടെ ഗസയിലെത്തിക്കാന്‍ ശ്രമമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെ കണക്കുകള്‍ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം, ഫലസ്തീന്‍ റെഡ്ക്രസന്റ് സെസൈറ്റി, ഇസ്രായേല്‍ സൈന്യം എന്നിവരുടെ കണക്ക് ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഗസയില്‍ 950 പേര്‍ കൊല്ലപ്പെടുകയും 5000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അനിധിവേശ വെസ്റ്റ്ബാങ്കില്‍ 23 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേലില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 3007 ആളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തതായാണ് കണക്ക്. ഇതിന് പുറമെ 1500 ഹമാസ് സായുധസംഘാംഗങ്ങളുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. ഇത് കൂടി കൂട്ടി മരണസംഖ്യ 3500 കവിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ ദുരിതമുനമ്പായി ഗാസ മാറി. ഗസ മുനമ്പിലെ ആശുപത്രികളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം നാളെയോടെ തീരുമെന്നാണ് ആരോഗ്യമന്ത്രി മായ് കായ്ല വ്യക്തമാക്കുന്നത്. വൈദ്യുതി നിലച്ച നിമിഷം മുതല്‍ ആശുപത്രികളിലെ സാഹാചര്യം ദാരുണമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനം ഇല്ലാതായതോടെ ഗസയിലെ വൈദ്യുത ഉത്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏതാനും മണിക്കൂറുകള്‍ക്കകം നിലയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് പോസ്റ്റ് ചെയ്ത വീഡിയോകള്‍ അഗാധമായ അസ്വസ്ഥതയുണ്ടാക്കുന്ന യുദ്ധക്കുറ്റമെന്ന് യൂറോ-മെഡ് മോനിറ്റര്‍ എന്ന മനുഷ്യാവകാശ സംഘടന. എക്സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ഇവര്‍ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പങ്കുവെച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഗസയില്‍ ഇസ്രായേല്‍ നിരോധിത ബോംബ് ഉപയോഗിച്ചെന്ന് ആരോപണം ഉയരുന്നുണ്ട്. അല്‍ കരാമയില്‍ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചിരിക്കുന്നത്. ഇസ്രായേലിലും ഗസയിലും യുദ്ധകുറ്റങ്ങള്‍ നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. അല്‍ കരമായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. യുഎന്‍ ഓഫീസിന്റെ ഒരുഭാഗം തകര്‍ന്നു.

ഇതിനിടെ തെക്കന്‍ ഇസ്രായേലില്‍ ഹമാസ് ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടെ കിബ്യൂട്ടുകളില്‍ കൂട്ടക്കുരുതി നടന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 40 കുഞ്ഞുങ്ങളും നിരവധി സ്ത്രീകളും വയോധികരും കൊല്ലപ്പെട്ടു.ഇതിനിടെ ഗസാ അതിര്‍ത്തിയിലെ ഇസ്രായേല്‍ കുടിയേറ്റ നഗരമായ അഷ്‌കലോണില്‍ ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. അഷ്‌കലോണില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കുടിയേറ്റക്കാര്‍ക്ക് ഹമാസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ സിറിയയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനില്‍ ഇസ്രായേല്‍ ഷെല്ലിങ്ങില്‍ മൂന്ന് ലെബനന്‍ ഷിയാ ഗ്രൂപ്പ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള വ്യക്തമാക്കി. ലെബനന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ രണ്ട് ഫലസ്തീന്‍ യോദ്ധാക്കളും ഇസ്രായേല്‍ കമാന്‍ഡറും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

RELATED STORIES

Share it