World

ഇറാഖി 'വിപ്ലവ കവി' മുസഫര്‍ അല്‍ നവാബ് നിര്യാതനായി

ഇന്ത്യന്‍ വംശജനായ മുസഫര്‍ 1934ല്‍ ബാഗ്ദാദിലാണ് ജനിച്ചത്. അറബ് സ്വേച്ഛാധിപത്യത്തിനെതിരായ വിമര്‍ശന കവിതകളാല്‍ ചെറുപ്പംമുതലേ പ്രശസ്തനായിരുന്നു.

ഇറാഖി വിപ്ലവ കവി മുസഫര്‍ അല്‍ നവാബ് നിര്യാതനായി
X

ബാഗ്ദാദ്: 'വിപ്ലവ കവി' എന്നറിയപ്പെടുന്ന പ്രമുഖ ഇറാഖി കമ്യൂണിസ്റ്റ് കവി മുസഫര്‍ അല്‍ നവാബ് (88) നിര്യാതനായി. യുഎഇയിലെ ഷാര്‍ജയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യന്‍ വംശജനായ മുസഫര്‍ 1934ല്‍ ബാഗ്ദാദിലാണ് ജനിച്ചത്. അറബ് സ്വേച്ഛാധിപത്യത്തിനെതിരായ വിമര്‍ശന കവിതകളാല്‍ ചെറുപ്പംമുതലേ പ്രശസ്തനായിരുന്നു.

യൂനിവേഴ്‌സിറ്റി പഠനത്തിനുശേഷം അധ്യാപകനായി ജോലി ചെയ്ത അദ്ദേഹത്തെ രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് പിരിച്ചുവിട്ടു. കോളജ് പഠനകാലത്തുതന്നെ ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍

അംഗമായിരുന്നു. 1963ലെ കമ്യൂണിസ്റ്റ് വേട്ടയെത്തുടര്‍ന്ന് രാജ്യം വിടാന്‍ നിര്‍ബന്ധിതനായി. ഇറാനിലേക്ക് കടന്ന അദ്ദേഹത്തെ ഇറാഖിലേക്ക് തന്നെ നാടുകടത്തി. ഒരു കവിതയുടെ പേരില്‍ ഇറാഖി കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഇതിനിടെ, ജയില്‍ ചാടിയ മുസഫര്‍ അല്‍ നവാബ് രഹസ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഏറെ വര്‍ഷം വിവിധ രാജ്യത്തില്‍ ഒളിവിലായിരുന്നു. പ്രവാസ കാലഘട്ടങ്ങളിലും നിലപാടുകളില്‍ ഉറച്ചുനിന്നു. വിപ്ലവ കവിതകളും അറബ് ഏകാധിപതികളോടുള്ള വിമര്‍ശവുമാണ് നവാബിനെ ജനപ്രിയനാക്കിയത്.

2011ലാണ് അവസാനമായി ഇറാഖ് സന്ദര്‍ശിച്ചത്. യുഎഇയില്‍നിന്ന് മൃതദേഹം ഇറാഖിന്റെ ഔദ്യോഗിക വിമാനത്തില്‍ നാട്ടിലെത്തിച്ചു. ഇറാഖിലെ ജനറല്‍ യൂണിയന്‍ ഓഫ് ലിറ്ററേച്ചര്‍ ആന്‍ഡ് ബുക്‌സിന്റെ ആസ്ഥാനത്തു നിന്നാരംഭിച്ച വിലാപയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്. നജഫില്‍ മാതാവിന്റെ കബറിടത്തിനു സമീപമാണ് മുസഫര്‍ അല്‍ നവാബിനെയും അടക്കിയത്.

Next Story

RELATED STORIES

Share it