World

ഇന്തോനീസ്യയിലെ വിമാനാപകടം: ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി; നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അധികൃതര്‍

ബ്ലാക്ക് ബോക്‌സ് പുറപ്പെടുവിക്കുന്ന രണ്ട് സിഗ്‌നലുകള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്തോനീസ്യന്‍ സായുധസേനാ മേധാവി ഹാദി താജാന്റോ പറഞ്ഞു. ബ്ലാക്ക് ബോക്‌സുകള്‍ ദേശീയ ഗതാഗത സുരക്ഷാ സമിതി പരിശോധിച്ച് വിമാനം അപകടത്തില്‍പ്പെടാനുള്ള കാരണം വൈകാതെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്തോനീസ്യയിലെ വിമാനാപകടം: ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി; നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അധികൃതര്‍
X

ജക്കാര്‍ത്ത: 62 പേരുമായി കടലില്‍ തകര്‍ന്നുവീണ ഇന്തോനീസ്യയിലെ സിരിവിജയ എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഇതില്‍നിന്ന് രണ്ടുസിഗ്‌നലുകള്‍ ലഭിച്ചതായും നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ബ്ലാക്ക് ബോക്‌സ് പുറപ്പെടുവിക്കുന്ന രണ്ട് സിഗ്‌നലുകള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്തോനീസ്യന്‍ സായുധസേനാ മേധാവി ഹാദി താജാന്റോ പറഞ്ഞു. ബ്ലാക്ക് ബോക്‌സുകള്‍ ദേശീയ ഗതാഗത സുരക്ഷാ സമിതി പരിശോധിച്ച് വിമാനം അപകടത്തില്‍പ്പെടാനുള്ള കാരണം വൈകാതെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.

തകര്‍ന്ന വിമാനത്തില്‍നിന്ന് കോക്ക്പിറ്റ് വോയ്‌സ്, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറുകളുടെ സ്ഥാനം അധികൃതര്‍ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. വിമാനത്തില്‍ 62 പേരുമായി തകര്‍ന്നുവീണ വിമാനത്തിന് എന്തുസംഭവിച്ചുവെന്ന് മനസ്സിലാക്കാന്‍ ഇതുവഴി കഴിയും. വിമാനത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും വസ്ത്രങ്ങളും നാവികര്‍ കണ്ടെടുത്തിട്ടുണ്ട്. തിരയല്‍ രക്ഷാപ്രവര്‍ത്തര്‍ രണ്ടു ബാഗുകള്‍ കരയിലെത്തിച്ചതായി ജക്കാര്‍ത്ത പോലിസ് പറഞ്ഞു. ഇതില്‍ ഒന്നില്‍ യാത്രക്കാരുടെ വസ്തുക്കളായിരുന്നു. മറ്റൊരു ബാഗില്‍ ശരീരഭാഗങ്ങളും. വിമാനത്തില്‍ യാത്ര ചെയ്ത ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നിഗമനം.

കടലില്‍ 75 അടി താഴ്ചയില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ്കലിമന്താനിലെ പോണ്ടിയാനക്കിലേക്കുപോയ ബോയിങ് 737-500 വിമാനമാണ് കാണാതായത്. ഉച്ചയ്ക്ക് 1.56 ഓടെ പുറപ്പെട്ട വിമാനത്തിന് 2.40ഓടെയാണ് എയര്‍ലൈന്‍സുമായുള്ള ബന്ധം നഷ്ടമായത്. വിമാനം തകര്‍ന്നുവീണതിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെങ്കിലും വന്‍പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെയും യാത്രക്കാരുടെയും കുടുംബവുമായി ബന്ധപ്പെട്ടതായും പ്രയാസകരമായ സാഹചര്യത്തില്‍ അവര്‍ക്കൊപ്പം നിലകൊള്ളുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it