World

റിപബ്ലിക് ദിനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അമേരിക്കന്‍ തെരുവുകളിലും പ്രതിഷേധം

ചിക്കാഗോയിലാണ് സിഎഎയ്‌ക്കെതിരായ ഏറ്റവും വലിയ പ്രതിഷേധം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് അമേരിക്കന്‍ ഇന്ത്യക്കാര്‍ തടിച്ചുകൂടിയ പ്രതിഷേധ പരിപാടിയില്‍ മൈലുകള്‍നീണ്ട മനുഷ്യച്ചങ്ങലയും തീര്‍ത്തു. ഇന്ത്യയുടെ മതേതരത്വം ഭീഷണിയിലാണെന്നും സിഎഎ റദ്ദാക്കണമെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

റിപബ്ലിക് ദിനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അമേരിക്കന്‍ തെരുവുകളിലും പ്രതിഷേധം
X

വാഷിങ്ടണ്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഇന്ത്യയുടെ 71ാമത് റിപബ്ലിക് ദിനത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം. അമേരിക്കയുടെ 30 ഓളം പ്രധാന പട്ടണങ്ങളിലും നിയമത്തിനെതിരേ പ്രതിഷേധപരിപാടികളും മാര്‍ച്ചും അരങ്ങേറി. അതേസമയം, പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ടും ഒരുവിഭാഗം രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പൗരന്‍മാരെ ദോഷകരമായി ബാധിക്കില്ലെന്നും അയല്‍രാജ്യങ്ങളിലുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധത്തെ ഇവര്‍ നേരിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബാനറുകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യങ്ങളുമുയര്‍ത്തിയാണ് ജനം തെരുവുകളില്‍ പ്രതിഷേധറാലികളില്‍ പങ്കെടുത്തത്.

ചിക്കാഗോയിലാണ് സിഎഎയ്‌ക്കെതിരായ ഏറ്റവും വലിയ പ്രതിഷേധം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് അമേരിക്കന്‍ ഇന്ത്യക്കാര്‍ തടിച്ചുകൂടിയ പ്രതിഷേധ പരിപാടിയില്‍ മൈലുകള്‍നീണ്ട മനുഷ്യച്ചങ്ങലയും തീര്‍ത്തു. ഇന്ത്യയുടെ മതേതരത്വം ഭീഷണിയിലാണെന്നും സിഎഎ റദ്ദാക്കണമെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വാഷിങ്ടണ്‍ ഡിസിയില്‍ അഞ്ഞൂറിലധികം അമേരിക്കന്‍ ഇന്ത്യക്കാര്‍ വൈറ്റ് ഹൗസിനടുത്തുള്ള ഒരു പാര്‍ക്കില്‍നിന്ന് ഇന്ത്യന്‍ എംബസിക്ക് മുന്നിലുള്ള ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തി. ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ (ഐഎഎംസി), ഇക്വാലിറ്റി ലാബ്‌സ്, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ (ബിഎല്‍എം), ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് (ജെവിപി), ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്എഫ്എച്ച്ആര്‍) തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.

സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഫാഷിസ്റ്റ് അജണ്ടയ്‌ക്കെതിരേ നിരവധി സ്ത്രീകള്‍ തെരുവിലിറങ്ങാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പ്രതിഷേധയോഗത്തെ അഭിസംബോധന ചെയ്ത മാഗസാസെ പുരസ്‌കാര ജേതാവ് സന്ദീപ് പാണ്ഡെ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും ആത്യന്തികമായി സാധാരണക്കാരുടെ രക്ഷയ്‌ക്കെത്തുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ബിജെപി സര്‍ക്കാരിന്റെ മതേതര ഭരണഘടനയ്‌ക്കെതിരായ നിരന്തരമായ ആക്രമണത്തിനുള്ള പ്രതിരോധമാണ് തങ്ങളുടെ പ്രതിഷേധമെന്ന് കാലഫോര്‍ണിയയിലെ ബേ ഏരിയയിലെ റാലിയില്‍ ഐഎഎംസി പ്രസിഡന്റ് അഹ്‌സാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും നടക്കുന്ന പ്രതിഷേധം മോദി- അമിത് ഷാ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കുന്നുവെന്ന് ന്യൂയോര്‍ക്കില്‍നിന്നുള്ള ഡോ. ഷെയ്ക്ക് ഉബൈദ് പറഞ്ഞു. അമേരിക്കയില്‍ ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റ, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയിലാണ് ഒരുവിഭാഗം പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതിഷേധങ്ങളെ തള്ളിയും രംഗത്തെത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളികളുമായെത്തിയവര്‍ നിയമഭേദഗതി നടപ്പാക്കിയ മോദി സര്‍ക്കാരിന്റെ ധീരമായ നടപടിയെ അഭിനന്ദിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it