World

മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മോചിപ്പിച്ചു; വിട്ടയച്ചതിനു നന്ദി പറഞ്ഞ് സൗദി രാജകുമാരി

മനുഷ്യാവകാശ പ്രവര്‍ത്തകയും വ്യവസായിയുമായ 57കാരി ബസ്മ ബിന്ദ് സൗദ് തന്റെ മകളോടൊപ്പം തടവിലായിരുന്നു.

മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മോചിപ്പിച്ചു; വിട്ടയച്ചതിനു നന്ദി പറഞ്ഞ് സൗദി രാജകുമാരി
X

റിയാദ്: മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരിയെ അധികൃതര്‍ മോചിപ്പിച്ചു. സൗദി രാജകുടുംബാംഗം ബസ്മ ബിന്ദ് സൗദ് ആണ് മോചിതയായത്. മനുഷ്യാവകാശ പ്രവര്‍ത്തകയും വ്യവസായിയുമായ 57കാരി ബസ്മ ബിന്ദ് സൗദ് തന്റെ മകളോടൊപ്പം തടവിലായിരുന്നു.

അല്‍ക്വസ്റ്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് മോചനവിവരം ട്വീറ്റ് ചെയ്തത്. '2019 മാര്‍ച്ച് മുതല്‍ തടവിലുള്ള ബസ്മ ബിന്ദ് സൗദും അവരുടെ മകള്‍ സുഹൗദും മോചിപ്പിക്കപ്പെട്ടു,' ട്വീറ്റില്‍ പറയുന്നു.

അതേസമയം, ജയില്‍ മോചിതയായ ശേഷം സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി പറഞ്ഞുകൊണ്ട് രാജകുമാരി ആദ്യമായി പങ്കുവെച്ച ട്വീറ്റ് വൈറലായി.'കാരുണ്യവാനും കരുണാമയനുമായ ദൈവത്തിന്റെ നാമത്തില്‍ നമ്മുടെ ഭരണാധികാരിയായ മുഹമ്മദിനും അദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടാളികള്‍ക്കും പ്രാര്‍ഥനയും സമാധാനവും. ലോകനാഥനായ ദൈവത്തിന് സ്തുതി. സല്‍മാന്‍ രാജാവിനും കിരീടാവകാശിയായ ഹിസ് റോയല്‍ ഹൈനസ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും എന്റെ നന്ദി. ദൈവം അവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ'- രാജകുമാരി ട്വീറ്റ് ചെയ്തു.

പ്രത്യേകിച്ച് കുറ്റങ്ങളൊന്നും ചുമത്താതെ, വിചാരണ നടത്താതെയായിരുന്നു ഇവരെ സൗദി തലസ്ഥാനമായ റിയാദില്‍ തടവിലിട്ടിരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഭരണഘടനയിലൂന്നിയ ഭരണത്തിന് വേണ്ടിയും നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന ആക്ടിവിസ്റ്റ് കൂടിയാണ് ഇവര്‍. 2019 മാര്‍ച്ചിലാണ് ഇവര്‍ തടവിലടക്കപ്പെട്ടത്.

ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് ഇവരെ മോചിപ്പിക്കണമെന്ന് 2020 ഏപ്രിലില്‍ സല്‍മാന്‍ രാജാവിനും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനും മുന്നില്‍ നിരവധി അഭ്യര്‍ത്ഥനകള്‍ വന്നിരുന്നു.

ജയിലില്‍ കഴിയവെ ഇവര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ വരെ നിഷേധിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാനുഷിക വിഷയങ്ങളിലും ഭരണഘടനാ പരിഷ്‌കരണങ്ങളിലും സൗദ് ശബ്ദമുയര്‍ത്തിയതാകാം തടവിലേക്ക് നയിച്ചതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കൂടാതെ, സൗദി ഭരണകൂടം മതപരമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നതിനെതിരെയും സൗദിയിലെ സാമ്പത്തിക അസമത്വത്തിനെതിരെയും ബസ്മ വിമര്‍ശന മുന്നയിച്ചിരുന്നു. 2018 ജനുവരിയില്‍ ബിബിസി അറബിക്കിന് നല്‍കിയ അഭിമുഖത്തില്‍ യെമനില്‍ സൗദി സേന നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം ഇവരെ മുഖ്യധാരാ മാധ്യമങ്ങളില്‍ കണ്ടിട്ടില്ല.

ചികിത്സയുടെ ആവശ്യാര്‍ത്ഥം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകാനിരിക്കെയായിരുന്നു 2019 മാര്‍ച്ചില്‍ ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരുടെ അസുഖം എന്താണെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ബസ്മ ബിന്ദ് സൗദിനെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇവരുടെ കുടുംബം മുമ്പ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിനെയും സമീപിച്ചിരുന്നു. 1953 മുതല്‍ 1964 വരെ സൗദിയുടെ രാജാവായിരുന്ന സൗദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ഇളയ മകളാണ് ബസ്മ ബിന്ദ് സൗദ്.

Next Story

RELATED STORIES

Share it