മുന്‍ രഞ്ജി താരം സി കെ ഭാസ്‌കരന്‍നായര്‍ അന്തരിച്ചു
കാന്‍സര്‍ ബാധിതനായിരിക്കെ അമേരിക്കയിലെ ഹൂസ്റ്റണില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. കേരളത്തില്‍നിന്ന് ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ച താരമായിരുന്നു സി കെ ഭാസ്‌കരന്‍നായര്‍ എന്ന ചന്ദ്രോത്ത് കല്യാടന്‍ ഭാസ്‌കരന്‍.

ഹൂസ്റ്റണ്‍: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ഡോ.സി കെ ഭാസ്‌കരന്‍നായര്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരിക്കെ അമേരിക്കയിലെ ഹൂസ്റ്റണില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. കേരളത്തില്‍നിന്ന് ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ച താരമായിരുന്നു സി കെ ഭാസ്‌കരന്‍നായര്‍ എന്ന ചന്ദ്രോത്ത് കല്യാടന്‍ ഭാസ്‌കരന്‍. സിലോണിനെതിരെയായിരുന്നു (ഇന്നത്തെ ശ്രീലങ്ക) മല്‍സരം.
മല്‍സരത്തില്‍ 18 ഓവറുകള്‍ എറിഞ്ഞ സികെ 51 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റുകളും വീഴ്ത്തിയിരുന്നു. അന്ന് സിലോണിന് ടെസ്റ്റ് പദവി ഇല്ലാതിരുന്നതിനാല്‍ ഈ ടെസ്റ്റ് അനൗദ്യോഗിക മല്‍സരമാവുകയായിരുന്നു. 1941 മെയ് അഞ്ചിന് തലശേരിയിലായിരുന്നു ജനനം. 1957 മുതല്‍ 1969 വരെ രഞ്ജി ട്രോഫിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മികച്ച ഫാസ്റ്റ് ബൗളറെന്ന് പേരെടുത്ത സികെ 16ാം വയസില്‍ 195-758 സീസണില്‍ ആന്ധ്രയ്ക്കെതിരെയാണ് കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1968-69 സീസണ്‍ വരെ കേരളത്തിനായി കളിച്ചു.
മൈസൂരിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മല്‍സരം. കേരളത്തിനായി 21 മല്‍സരങ്ങളിലെ 37 ഇന്നിങ്സുകളില്‍നിന്ന് 69 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ആന്ധ്രയ്ക്കെതിരേ 86 റണ്‍സ് വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. നാലുതവണ കേരളത്തിനായി അഞ്ചുവിക്കറ്റ് പ്രകടനം നടത്തി. 345 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ആന്ധ്രയ്ക്കെതിരേ നേടിയ 59 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.