World

യുക്രെയ്ന്‍ സൈന്യത്തിന്റെ വംശീയത മറനീക്കി പുറത്ത്; കടുത്ത വിവേചനമെന്ന് ഇന്ത്യന്‍, ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍

നാടണയാന്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്ന ആഫ്രിക്കന്‍, ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുക്രേനിയന്‍ സൈന്യത്തിന്റെയും ഉദ്യോഗസ്ഥരുടേയും വംശീയ വെറിക്ക് ഇരയാവുന്നത്.

യുക്രെയ്ന്‍ സൈന്യത്തിന്റെ വംശീയത മറനീക്കി പുറത്ത്; കടുത്ത വിവേചനമെന്ന് ഇന്ത്യന്‍, ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍
X

കീവ്: യുക്രെയ്‌നില്‍ റഷ്യ അധിനിവേശം തുടരുന്നതിനിടെ, രാജ്യത്തുനിന്ന് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന വെള്ളക്കാരല്ലാത്ത വിദേശികളോട് യുക്രേനിയന്‍ സുരക്ഷാ സേനയും അതിര്‍ത്തി ഉദ്യോഗസ്ഥരും വംശീയമായി പെരുമാറുന്നതായി റിപോര്‍ട്ട്.

നാടണയാന്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്ന ആഫ്രിക്കന്‍, ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുക്രേനിയന്‍ സൈന്യത്തിന്റെയും ഉദ്യോഗസ്ഥരുടേയും വംശീയ വെറിക്ക് ഇരയാവുന്നത്.

യുക്രെയ്ന്‍- പോളണ്ട് അതിര്‍ത്തിക്ക് ഇടയിലുള്ള ഒരു ചെക്ക്‌പോസ്റ്റില്‍ തന്നേയും വെള്ളക്കാരല്ലാത്ത മറ്റു വിദേശികളേയും പബ്ലിക് ട്രാന്‍സിറ്റ് ബസ്സില്‍ നിന്ന് ഇറക്കിവിട്ടതായി നൈജീരിയന്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥി റേച്ചല്‍ ഒനെഗ്ബുലെ സിഎന്‍എന്നിനോട് പറഞ്ഞു. യുക്രേനിയന്‍ പൗരന്മാരെ മാത്രം കയറ്റിയാണ് ബസ്സ് പുറപ്പെട്ടതെന്നും തങ്ങളോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും വിദ്യാര്‍ഥിനി ആരോപിച്ചു.

യുക്രേനിയന്‍ തലസ്ഥാനമായ കീവില്‍നിന്നു 400 കി.മീറ്റര്‍ അകലെയുള്ള അതിര്‍ത്തി പട്ടണമായ ശെഹാനിയില്‍ കുടുങ്ങിയിരിക്കുകയാണ് ലവീവിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഒനെഗ്ബുലെ.

സ്ത്രീകളും കുട്ടികളും പോളണ്ടില്‍ അഭയം തേടുമ്പോള്‍ യുക്രേനിയന്‍ അധികൃതരുടെ ഈ വിവേചനപരമായ പെരമാറ്റം ഞെട്ടലും അവിശ്വാസവും കൊണ്ടുവരുന്നതായി അവര്‍ ആരോപിച്ചു.

'10ലധികം ബസ്സുകള്‍ വന്നു, എല്ലാവരേയും കൊണ്ടു പോകുന്നത് തങ്ങള്‍ നോക്കിനില്‍ക്കുകയായിരുന്നു. എല്ലാ യുക്രേനിയക്കാരെയും കൊണ്ടുപോയതിന് ശേഷം തങ്ങളെ കൊണ്ടുപോകുമെന്നാണ് തങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍, നടന്നു പോവാനാണ് അവര്‍ ആവശ്യപ്പെട്ടത്. ഇനി ബസ്സുകളില്ലെന്നും നടന്നു പോവാനുമായിരുന്നു അവര്‍ തങ്ങളോട് ആവശ്യപ്പെട്ടത്'-ഒനെഗ്ബുലെ പറഞ്ഞു.

'തന്റെ ശരീരം തണുപ്പ് മൂലം തളര്‍ന്നിരുന്നു, തങ്ങള്‍ ഇപ്പോള്‍ ഏകദേശം 4 ദിവസമായി ഉറങ്ങിയിട്ടില്ല. ഓരോ പോയന്റില്‍വച്ചും സ്ത്രീകളും പുരുഷന്‍മാരുമായ ആഫ്രിക്കക്കാരേക്കാളും യുക്രെയ്ന്‍കാര്‍ക്ക് മുന്‍ഗണന ലഭിച്ചതായും അവര്‍ പറഞ്ഞു. എന്തുകൊണ്ടെന്ന് വിവേചനമെന്ന് ഞങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എനിക്ക് വീട്ടിലെത്തണം,' പോളണ്ടിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ വരിയില്‍ കാത്തിരിക്കുമ്പോള്‍ ഞായറാഴ്ച ഒരു ടെലിഫോണ്‍ കോളില്‍ ഒനെഗ്ബുലെ സിഎന്‍എന്നിനോട് പറഞ്ഞു.

അതിര്‍ത്തിയില്‍ വച്ച് യുക്രെയ്ന്‍ സൈന്യത്തിന്റെ വംശവെറിക്ക് ഇരയായതായി മലയാളികളായ എംബിബിഎസ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണമുയര്‍ത്തിയിരുന്നു. കൂട്ടംകൂടിനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് യുക്രെയ്ന്‍ സൈനികര്‍ വാഹനം ഓടിച്ച് കയറ്റാന്‍ ശ്രമിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it