World

ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍: രാജ്യങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണം; മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഡബ്ല്യുഎച്ച്ഒ

കൊവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതില്‍ വിജയിച്ച ദക്ഷിണ കൊറിയയില്‍ നൈറ്റ് ക്ലബ്ബുകള്‍ തുറന്നതിനുശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചിരുന്നുവെന്നും ഡബ്ല്യുഎച്ച്ഒയുടെ എമര്‍ജന്‍സീസ് പ്രോഗ്രാം തലവന്‍ ഡോ. മൈക് റയാന്‍ ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍: രാജ്യങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണം; മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഡബ്ല്യുഎച്ച്ഒ
X

ജനീവ: ലോകത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പല രാജ്യങ്ങളും പിന്‍വലിക്കാന്‍ ഒരുങ്ങവെ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന (ഡബ്യുഎച്ച്ഒ) രംഗത്ത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന രാജ്യങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ലോകവ്യാപകമായി രണ്ടാംഘട്ട കൊവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. ജര്‍മനിയില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനുശേഷം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപോര്‍ട്ടുകളണ്ടായിരുന്നു. കൊവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതില്‍ വിജയിച്ച ദക്ഷിണ കൊറിയയില്‍ നൈറ്റ് ക്ലബ്ബുകള്‍ തുറന്നതിനുശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചിരുന്നുവെന്നും ഡബ്ല്യുഎച്ച്ഒയുടെ എമര്‍ജന്‍സീസ് പ്രോഗ്രാം തലവന്‍ ഡോ. മൈക് റയാന്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് നിയന്ത്രണത്തിനുശേഷം പല രാജ്യങ്ങളും ലോക്ക് ഡൗണില്‍നിന്ന് പുറത്തുകടക്കുന്നതില്‍ പ്രതീക്ഷകളുണ്ടെന്ന് ഡോ. മൈക്ക് റയാന്‍ പറഞ്ഞു. എന്നാല്‍, രാജ്യങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. ക്ലസ്റ്ററുകളെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാതെ രോഗബാധ താഴ്ന്ന നിലയില്‍ തുടരുകയാണെങ്കില്‍, വൈറസ് വീണ്ടുമുണ്ടാവാനുള്ള സാധ്യതയുണ്ട്. ലോക രാജ്യങ്ങള്‍ അവരുടെ സമ്പദ്വ്യവസ്ഥ എങ്ങനെ വീണ്ടും തുറക്കാമെന്ന ചോദ്യവുമായി പൊരുതുകയാണ്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച ജര്‍മനിക്കും ദക്ഷിണ കൊറിയക്കും പുതിയ ക്ലസ്റ്ററുകളെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. എന്നാല്‍, കൊവിഡിന്റെ രണ്ടാം തരംഗം ഒഴിവാക്കുക പ്രധാനമാണ്. അതിന് രാജ്യങ്ങള്‍ നടത്തുന്ന നിരീക്ഷണത്തെ റയാന്‍ പ്രശംസിച്ചു. അടുത്ത മാസങ്ങളില്‍ പല രാജ്യങ്ങളും വൈറസ് വ്യാപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗൗരവം കാണിക്കാന്‍ സാധ്യതയില്ലെന്ന് താന്‍ ആശങ്കപ്പെടുന്നു.

കൊവിഡിന്റെ തീവ്രവ്യാപനമുണ്ടാവാതിരുന്ന മാര്‍ച്ച് മധ്യത്തില്‍ ബ്രിട്ടന്‍ സമ്പര്‍ക്കത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ കാണിച്ച അലംഭാവമാണ് വൈറസ് അതിവേഗം പടരാന്‍ ഇടയാക്കിയത്. ഇപ്പോള്‍ സമ്പര്‍ക്കത്തില്‍പ്പെടുന്നവരെ കണ്ടെത്തുന്നതിനായി ബ്രിട്ടന്‍ 18,000 പേരെ പുതുതായി നിയമിച്ചിരിക്കുകയാണെന്നും റയാന്‍ കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് സങ്കീര്‍ണവും പ്രയാസകരവുമാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് വ്യക്തമാക്കി. സാവധാനവും പിന്നെ സ്ഥിരമായും ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയെന്നത് ജീവിതത്തെയും ഉപജീവനത്തെയും സംരക്ഷിക്കുന്നതിനുള്ള ഒരേയൊരു താക്കോലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it