World

കാപിറ്റോള്‍ കലാപം: ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റില്‍ പരാജയപ്പെട്ടു; ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍

അഞ്ചുദിവസം നീണ്ടുനിന്ന കുറ്റവിചാരണയ്‌ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല. 43 നെതിരേ 57 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. കുറ്റം ചുമത്തി ശിക്ഷവിധിക്കാന്‍ സെനറ്റ് മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 67 വോട്ട് വേണമായിരുന്നു.

കാപിറ്റോള്‍ കലാപം: ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റില്‍ പരാജയപ്പെട്ടു; ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍
X

വാഷിങ്ടണ്‍: കാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. കുറ്റക്കാരനണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണ ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് പൂര്‍ത്തിയായത്. അഞ്ചുദിവസം നീണ്ടുനിന്ന കുറ്റവിചാരണയ്‌ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല. 43 നെതിരേ 57 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. കുറ്റം ചുമത്തി ശിക്ഷവിധിക്കാന്‍ സെനറ്റ് മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 67 വോട്ട് വേണമായിരുന്നു.

എന്നാല്‍ 7 റിപബ്ലിക്കന്‍ അംഗങ്ങള്‍ കുറ്റം ചുമത്താന്‍ അനുകൂലിച്ചു വോട്ടുചെയ്തതു ശ്രദ്ധേയമായി. ഇത് രണ്ടാം തവണയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുന്നത്. 2019 ഡിസംബറിലും ഈവര്‍ഷം ജനുവരി 13നും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197 നെതിരേ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഈ വര്‍ഷം ജനുവരി ആറിന് കാപിറ്റോളിന് നേരെയുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണം അദ്ദേഹത്തിന്റെ പ്രേരണയാലാണെന്ന ആരോപണമാണ് ജനപ്രതിനിധിസഭയുടെ മുന്നിലെത്തിയത്.

ട്രംപിന്റെ പ്രസ്താവനകളും കാപിറ്റോള്‍ കലാപത്തിന്റെ ദൃശ്യങ്ങളും നിരത്തി ശക്തമായ വാദം ഡെമോക്രാറ്റുകള്‍ ഉന്നയിച്ചെങ്കിലും ട്രംപിന് നേരിട്ട് കലാപത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഭൂരിഭാഗം റിപബ്ലിക്കന്‍ സെനറ്റര്‍മാരും ഉറച്ചുനിന്നു. ഇതോടെ ട്രംപിന് വീണ്ടും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും ഫെഡറല്‍ പദവി വഹിക്കാനും സാധിക്കും. ഡെമോക്രാറ്റിക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച് പോലിസുമായി ഏറ്റുമുട്ടുകയുമായിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ ട്രംപിന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യുകയാണെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ട്രംപിന്റെ പോസ്റ്റുകള്‍ അപകടകരമാണെന്ന് പറഞ്ഞ് അനിശ്ചിതകാലത്തേക്കാണ് ട്രംപിനെ വിലക്കുന്നതെന്ന് സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ട്വിറ്ററും ട്രംപിന്റെ ഹാന്‍ഡില്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഉക്രെയ്ന്‍ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരേ കേസന്വേഷണത്തിന് ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിനെ ആദ്യമായി കുറ്റവിചാരണ നടത്തിയത്. ബൈഡന്‍ ഡമോക്രാറ്റ് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുന്നതിന് മുമ്പായിരുന്നു ഇത്. വിചാരണയ്ക്കുശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സെനറ്റ് വോട്ടെടുപ്പ്ു നടത്തിയപ്പോള്‍ വിധി ട്രംപിന് അനുകൂലമായി.

Next Story

RELATED STORIES

Share it