World

മാല്‍ക്കം എക്‌സിന്റെ കൊലപാതകത്തില്‍ ന്യൂയോര്‍ക്ക് പോലിസിനും എഫ്ബിഐയ്ക്കും പങ്ക്; മുന്‍ പോലിസ് ഉദ്യോഗസ്ഥന്റെ കുറ്റസമ്മതം പുറത്ത്

പോലിസിലെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന റേ വുഡ് മരിക്കുന്നതിന് മുമ്പ് എഴുതിത്തയ്യാറാക്കിയ കുറ്റസമ്മത കത്താണ് കുടുംബം പുറത്തുവിട്ടത്. 2011 ലാണ് വയറ്റിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ചികില്‍സ നടന്നുകൊണ്ടിരിക്കവെ റേ വുഡ് കുടുംബത്തോട് കുറ്റം ഏറ്റുപറയുന്നത്. താന്‍ മരണപ്പെട്ടശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നാവശ്യപ്പെട്ട് റേ വുഡ് ബന്ധുവായ റെഗ്ഗി വുഡിനെ കത്ത് ഏല്‍പ്പിക്കുകയായിരുന്നു. നവംബറിലാണ് റേ വുഡ് മരണപ്പെടുന്നത്.

മാല്‍ക്കം എക്‌സിന്റെ കൊലപാതകത്തില്‍ ന്യൂയോര്‍ക്ക് പോലിസിനും എഫ്ബിഐയ്ക്കും പങ്ക്; മുന്‍ പോലിസ് ഉദ്യോഗസ്ഥന്റെ കുറ്റസമ്മതം പുറത്ത്
X

ന്യൂയോര്‍ക്ക്: വിഖ്യാതനായ അമേരിക്കന്‍ ഇസ്‌ലാമിക പ്രബോധകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായിരുന്ന മാല്‍കം എക്‌സിന്റെ കൊലപാതകത്തില്‍ ന്യൂയോര്‍ക്ക് സിറ്റി പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിനും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷ (എഫ്ബിഐ) നും പങ്കുണ്ടെന്ന് മുന്‍ പോലിസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നു. പോലിസിലെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന റേ വുഡ് മരിക്കുന്നതിന് മുമ്പ് എഴുതിത്തയ്യാറാക്കിയ കുറ്റസമ്മത കത്താണ് കുടുംബം പുറത്തുവിട്ടത്. 2011 ലാണ് വയറ്റിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ചികില്‍സ നടന്നുകൊണ്ടിരിക്കവെ റേ വുഡ് കുടുംബത്തോട് കുറ്റം ഏറ്റുപറയുന്നത്. താന്‍ മരണപ്പെട്ടശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നാവശ്യപ്പെട്ട് റേ വുഡ് ബന്ധുവായ റെഗ്ഗി വുഡിനെ കത്ത് ഏല്‍പ്പിക്കുകയായിരുന്നു. നവംബറിലാണ് റേ വുഡ് മരണപ്പെടുന്നത്.

ശനിയാഴ്ചയാണ് റെഗ്ഗി വുഡ് കുറ്റസമ്മതം അടങ്ങിയ കത്ത് മാല്‍ക്കം എക്‌സിന്റെ പെണ്‍മക്കളായ കുബിലിയ ഷബാസ്, ഇല്യാസ ഷബാസ്, ഗാമില ഷബാസ്, പൗരാവകാശ അഭിഭാഷകരായ ബെഞ്ചമിന്‍ ക്രുമ്പ്, റേ ഹാംലിന്‍, പോള്‍ നാപോളി എന്നിവര്‍ക്ക് മുമ്പാകെ പരസ്യമായി വെളിപ്പെടുത്തിയത്. 1965 ഫെബ്രുവരി 21നാണ് ഒരു പൊതുപരിപാടിയില്‍ കേവലം 39 വയസ് മാത്രം പ്രായമുണ്ടായിരിക്കെ മാല്‍ക്കം വെടിയേറ്റു മരിക്കുന്നത്. ഇസ്‌ലാം സ്വീകരിച്ച ശേഷം തന്റെ കര്‍മഭൂമിയായിരുന്ന നേഷന്‍ ഓഫ് ഇസ്‌ലാം പ്രസ്ഥാനത്തോട് 1964ല്‍ ആശയപരമായ വിയോജിപ്പുകള്‍ കാരണം മാല്‍ക്കം എക്‌സ് വിട പറഞ്ഞിരുന്നു. ഇതില്‍ കുപിതരായ പ്രസ്ഥാനപ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വ്യാപകമായി കരുതപ്പെട്ടിരുന്നത്.

എന്നാല്‍, കറുത്ത വര്‍ഗക്കാരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതിനുള്ള പ്രതികാരമായി അമേരിക്കന്‍ ഭരണകൂടം സിഐഎയെയും എഫ്ബിഐയെയും ഉപയോഗപ്പെടുത്തി ആസൂത്രണം ചെയ്തതാണ് മാല്‍ക്കം വധമെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ പില്‍ക്കാലത്ത് പുറത്തുവന്നു. ഇത് ശരിവയ്ക്കുന്ന കുറ്റസമ്മതമാണ് പോലിസ് ഉദ്യോഗസ്ഥനിലൂടെ അരനൂറ്റാണ്ടിനുശേഷം പുറത്തുവന്നിരിക്കുന്നത്. പൊതുപരിപാടി നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാര്‍ക്കം എക്‌സിന്റെ സുരക്ഷാകാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റുചെയ്യുന്നതിന് പിന്നില്‍ പോലിസും എഫ്ബിഐയും പ്രവര്‍ത്തിച്ചിരുന്നു. എനിക്കറിയാവുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയാല്‍ തന്റെ കുടുംബത്തിനും തനിക്കും എന്തുസംഭവിക്കുമെന്ന ഭയത്തിലാണ് 10 വര്‍ഷമായി ഈ കുറ്റസമ്മതം രഹസ്യമാക്കിവച്ചത്- റെഗ്ഗി വുഡ് ശനിയാഴ്ച പറഞ്ഞു.

കൊലപാതകം നടക്കുന്നതിനായി അവസാന പരിപാടിയില്‍ മാല്‍ക്കം എക്‌സിന് വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ലെന്ന് താനും ന്യൂയോര്‍ക്ക് പോലിസും യുഎസ് സര്‍ക്കാരും ഉറപ്പുവരുത്തിയെന്ന് കത്തില്‍ പറയുന്നു. എന്റെ സ്വന്തം കറുത്ത വംശജരുടെ പുരോഗതിക്ക് ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ താനും പങ്കെടുത്തു. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ ബോംബ് വയ്ക്കാനുള്ള ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മാല്‍ക്കം എക്‌സിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഖലീല്‍ സെയ്ദിനെയും വാള്‍ട്ടര്‍ ബോവിനെയും പോലിസ് അറസ്റ്റുചെയ്തു. മാല്‍ക്കത്തിന് സുരക്ഷയൊരുക്കുന്നതില്‍നിന്ന് ഇവരെ ഒഴിവാക്കാനുള്ള പോലിസിന്റെയും എഫ്ബിഐയുടെയും പദ്ധതിപ്രകാരമായിരുന്നു ഇത്. ഫെബ്രുവരി 16നാണ് ഇരുവരെയും പോലിസ് അറസ്റ്റുചെയ്യുന്നത്. റേ വുഡാണ് ഗൂഢാലോചന ആസൂത്രണം ചെയ്ത് അറസ്റ്റുചെയ്തതെന്ന് വാള്‍ട്ടര്‍ ബോവെ അന്നുതന്നെ ആരോപിച്ചിരുന്നു.

അരനൂറ്റാണ്ടിനുശേഷം പുറത്തുവന്ന വുഡിന്റെ കത്ത് ബോവിന്റെ അവകാശവാദത്തെ ശരിവയ്ക്കുകയാണ്. മാല്‍ക്കം എക്‌സിന്റെ കൊലപാതകത്തില്‍ ഖലീല്‍ ഇസ്‌ലാം എന്ന തോമസ് ജോണ്‍സണെ കുടുക്കാന്‍ സഹായിച്ചതായും വുഡ് കത്തില്‍ വെളിപ്പെടുത്തുന്നു. കൊലപാതകത്തിന് ജീവപര്യന്തം തടവ് അനുഭവിച്ച ഖലീല്‍ 2009 ല്‍ മരിക്കുന്നതുവരെ താന്‍ നിരപരാധിയാണെന്ന് പറഞ്ഞിരുന്നു. കൊലയ്ക്ക് പിന്നില്‍ പോലിസിന്റെയും എഫ്ബിഐയുടെയും പങ്ക് പുറത്തുപറയുമെന്ന ഭയത്താല്‍ സ്വയരക്ഷയ്ക്കുവേണ്ടിയാണ് ഖലീലിനെ കേസില്‍ കുടുക്കി അറസ്റ്റുചെയ്തത്. കറുത്ത വംശജരെ നശിപ്പിക്കാന്‍ സഹായിച്ചതിന്റെ പിന്നിലുള്ള ഇരുണ്ട രഹസ്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നെങ്കില്‍ പോലിസും എഫ്ബിഐയും തന്നോടും കുടുംബത്തോടും എന്തുചെയ്യുമെന്നതിനെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നു എന്നതിനാലാണ് മാല്‍ക്കം എക്‌സിന്റെ കൊലപാതകത്തില്‍ തന്റെ പങ്ക് പുറത്തുപറയാതിരുന്നതെന്ന് റെഗ്ഗി വുഡ് പറഞ്ഞു.

മനുഷ്യാവകാശ ഗ്രൂപ്പുകളെ തടയാന്‍ സഹായിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ തെളിയാതെ കിടക്കുന്ന മദ്യക്കടത്ത് കേസുകള്‍ തനിക്കെതിരേ ചുമത്തുമെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി റേ വുഡ് കത്തില്‍ പറഞ്ഞു. മാല്‍ക്കം എക്‌സിന്റെ കൊലപാതകത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ അതിന്റെ ഫലം അനുഭവിക്കുമെന്ന് മാല്‍ക്കം എക്‌സിന്റെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനായ റേ ഹാംലിന്‍ പറഞ്ഞു. ഈ ഭീകരമായ പ്രവൃത്തി നിയമപാലകരുടെയും നമ്മുടെ സര്‍ക്കാരിന്റെയും സഹായത്തോടെയും പിന്തുണയുമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും കുടുംബം നഷ്ടപരിഹാരത്തിനും നിയമപരമായ പ്രതികാരത്തിനും അര്‍ഹരാണെന്നാണ്. തന്റെ പിതാവിന്റെ കൊലപാതകത്തെക്കുറിച്ച് പുറത്തുവന്ന തെളിവുകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് മകള്‍ ഇല്യാസ ഷബ്ബാസ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it