World

ഭീതി വിതച്ച് കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 56 ആയി; പുതുതായി 688 പേര്‍ക്ക് വൈറസ് ബാധ

വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈയില്‍ ഞായറാഴ്ച 13 പേരുടെ മരണമാണ് റിപോര്‍ട്ട് ചെയ്തത്. ഇവിടെ 323 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹുബൈയില്‍ ഇതുവരെ 52 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഷാന്‍ഹായില്‍ ആദ്യത്തെ മരണം ഇന്ന് റിപോര്‍ട്ട് ചെയ്തു.

ഭീതി വിതച്ച് കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 56 ആയി; പുതുതായി 688 പേര്‍ക്ക് വൈറസ് ബാധ
X

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. ഞായറാഴ്ച മാത്രം 15 പേരുടെ മരണം സ്ഥിരീകരിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രാജ്യത്താകെ 688 പുതിയ കേസുകളും പുതുതായി റിപോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈയില്‍ ഞായറാഴ്ച 13 പേരുടെ മരണമാണ് റിപോര്‍ട്ട് ചെയ്തത്. ഇവിടെ 323 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹുബൈയില്‍ ഇതുവരെ 52 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഷാന്‍ഹായില്‍ ആദ്യത്തെ മരണം ഇന്ന് റിപോര്‍ട്ട് ചെയ്തു. ചൈനയില്‍ ആകെ 1,975 പേര്‍ക്ക് വൈറസ് ബാധിച്ചെന്നാണ് ഔദ്യോഗികവിവരം. അനൗദ്യോഗിക കണക്കുപ്രകാരം രോഗബാധിതവരുടെ എണ്ണം ഇതിലും കൂടുതലാണ്.

ചൈനയിലെ 26 പ്രവിശ്യകളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 5.6 കോടി ജനങ്ങളുടെ യാത്രകള്‍ വിലക്കിക്കൊണ്ടു 18 നഗരങ്ങളില്‍ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ്കോങ്ങില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിദ്യാലയങ്ങള്‍ക്കു രണ്ടാഴ്ചകൂടി അവധി നല്‍കുകയും ചെയ്തു. ശനിയാഴ്ചയോടെ ചൈനയ്ക്കു പുറത്തു 12 രാജ്യങ്ങളിലാണ് രോഗബാധ കണ്ടത്. ഹോങ്കോങ്- 5, മക്കാവോ- 2, തായ്‌വാന്‍- 3 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. തായ്‌ലന്റ്, ജപ്പാന്‍, ദക്ഷിണ കൊറിയ, അമേരിക്ക, വിയറ്റ്‌നാം, സിംഗപ്പൂര്‍, മലേസ്യ, നേപ്പാള്‍, ഫ്രാന്‍സ്, ആസ്‌ത്രേലിയ എന്നിവിടങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ 14 പേരെ പരിശോധിച്ചെങ്കിലും ആരിലും രോഗബാധയില്ല. വുഹാനില്‍നിന്ന് എത്തിയ മൂന്നുപേരടക്കം നാലുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആസ്‌ത്രേലിയ അറിയിച്ചു.

അമേരിക്കയില്‍ രണ്ടുപേരില്‍ രോഗം കണ്ടെത്തി. നേപ്പാളില്‍ ഒരാള്‍ക്കും മലേസ്യയില്‍ നാലുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കാനഡയില്‍ ആദ്യകേസ് ഇന്നലെ റിപോര്‍ട്ട് ചെയ്തു. വൈറസ് ബാധിതരെ ചികില്‍സിച്ചിരുന്ന രണ്ടു ഡോക്ടര്‍മാര്‍ മരിച്ചു. 62 വയസുള്ള ലിയാങ് വുഡോംഗ് കൊറോണ വൈറസ് ബാധകൊണ്ടാണു മരിച്ചത്. ജിയാങ് ജിജുന്‍ എന്ന ഡോക്ടര്‍ ഹൃദ്രോഗം മൂലം മരിച്ചു. രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് പ്രസിഡന്റ് ഷീ ചിങ് പിങ് പ്രസ്താവനയില്‍ വ്യക്തമാക്കി. രോഗം പടരുന്നത് നിയന്ത്രിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ഗ്രൂപ്പ് ടൂറുകളും നിര്‍ത്തിവയ്ക്കാന്‍ ട്രാവല്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൈന അസോസിയേഷന്‍ ഓഫ് ട്രാവല്‍ സര്‍വീസസിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് പത്രമായ ചൈന ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു. വൈറസിന്റെ പ്രഭവകേന്ദ്രത്തില്‍ 11 ദശലക്ഷം ആളുകളുടെ പുറത്തേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. സ്വകാര്യ കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ഉപയോഗവും വുഹാന്‍ നിരോധിച്ചു. അംഗീകൃത വാഹനങ്ങള്‍ക്ക് മാത്രമാണ് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it