World

ട്രംപിന് കൊവിഡില്ല; രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്

മാര്‍ച്ച് പകുതിയോടെയാണ് ട്രംപിനെ ആദ്യമായി കൊവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കിയത്. കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതിനെത്തുടര്‍ന്നായിരുന്നു അന്നത്തെ പരിശോധന.

ട്രംപിന് കൊവിഡില്ല; രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്
X

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കൊവിഡ് 19 വൈറസ് ബാധയില്ലെന്ന് റിപോര്‍ട്ട്. ട്രംപിന്റെ രണ്ടാമത്തെ സ്രവ പരിശോധനാഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് ഡോക്ടര്‍ സീന്‍ കോണ്‍ലിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ പ്രസിഡന്റിനെ വീണ്ടും കൊവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കി. പെട്ടെന്ന് ഫലമറിയാനുള്ള പുതിയൊരു റാപ്പിഡ് ടെസ്റ്റാണ് അദ്ദേഹത്തിന് നടത്തിയത്. അദ്ദേഹം ആരോഗ്യവാനാണ്, രോഗലക്ഷണങ്ങളൊന്നുമില്ല. ഒരു മിനിറ്റിനുള്ളില്‍ സാംപിളെടുക്കുകയും 15 മിനിറ്റുകൊണ്ട് ഫലമറിയുകയും ചെയ്തു- സീന്‍ കോണ്‍ലി വ്യക്തമാക്കി.

മാര്‍ച്ച് പകുതിയോടെയാണ് ട്രംപിനെ ആദ്യമായി കൊവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കിയത്. കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതിനെത്തുടര്‍ന്നായിരുന്നു അന്നത്തെ പരിശോധന. ട്രംപുമായി അടുത്തിടപഴകുന്ന എല്ലാവരുടെയും ശരീരോഷ്മാവ് അളക്കാനാരംഭിച്ചതായി കഴിഞ്ഞമാസം വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. വൈറ്റ് ഹൗസിലെ തന്റെ ദൈനംദിന വാര്‍ത്താസമ്മേളനത്തില്‍ ട്രംപാണ് ഡോക്ടറുടെ പരിശോധനാ റിപോര്‍ട്ടിന്റെ പകര്‍പ്പ് പ്രസ് സെക്രട്ടറിക്ക് കൈമാറിയത്. രോഗംപടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്ക പ്രതിരോധനടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ നഴ്‌സിങ് ഹോമുകള്‍ക്ക് പ്രസിഡന്റ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നു. രാജ്യത്തെ 140 നഴ്‌സിങ് ഹോമുകളുടെ പരിധിയിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍. ന്യൂയോര്‍ക്ക് ഉള്‍പ്പെടെ രോഗംപടരുന്ന മേഖലകളില്‍ ഒരാള്‍പോലും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശവും ട്രംപ് നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ 245,066 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യവും അമേരിക്കയാണ്. ഇതുവരെ 6,075 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 9,001 പേര്‍ സുഖം പ്രാപിച്ചു.

Next Story

RELATED STORIES

Share it