World

കോവിഡ് 19: ചൈനയില്‍ മരണസംഖ്യ 2,946 ആയി; അമേരിക്കയില്‍ ആറ് മരണം

ദക്ഷിണ കൊറിയയില്‍ 4,335 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 26 പേര്‍ മരിച്ചു. ഇറാനില്‍ 66 ഉം ഇറ്റലിയില്‍ 52 ഉം അമേരിക്കയില്‍ ആറും മരണങ്ങളുണ്ടായി. കൂടുതല്‍ പ്രദേശങ്ങളില്‍ വൈറസ് എത്തിയതിനെത്തുടര്‍ന്നു യൂറോപ്യന്‍ യൂനിയന്‍ തീവ്ര മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് 19: ചൈനയില്‍ മരണസംഖ്യ 2,946 ആയി; അമേരിക്കയില്‍ ആറ് മരണം
X

ബെയ്ജിങ്: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടരുന്ന കോവിഡ് 19 ന്റെ (കൊറോണ) പ്രഭവകേന്ദ്രമെന്നു കരുതുന്ന ചൈനയില്‍ രോഗബാധയെത്തുടര്‍ന്നു മരിച്ചവരുടെ എണ്ണം 2,946 ആയി ഉയര്‍ന്നു. പുതുതായി 31 പേര്‍ കൂടി മരിക്കുകയും 125 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 80,302 പേര്‍ക്കാണിപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് രാജ്യത്തെ ഹെല്‍ത്ത് കമ്മിറ്റി അറിയിച്ചു. ലോകത്തെ 60 ഓളം രാജ്യങ്ങളില്‍ രോഗം പടരുകയാണെന്നാണു റിപോര്‍ട്ടുകള്‍. മെക്‌സിക്കോ, ബലാറസ്, ലിത്വേനിയ, ന്യൂസിലന്‍ഡ്, നൈജീരിയ, അസര്‍ബൈജാന്‍, ഐസ്‌ലന്‍ഡ്, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറത്ത് 8,700 പുതിയ കേസുകളും 120 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്.

ദക്ഷിണ കൊറിയയില്‍ 4,335 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 26 പേര്‍ മരിച്ചു. ഇറാനില്‍ 66 ഉം ഇറ്റലിയില്‍ 52 ഉം അമേരിക്കയില്‍ ആറും മരണങ്ങളുണ്ടായി. കൂടുതല്‍ പ്രദേശങ്ങളില്‍ വൈറസ് എത്തിയതിനെത്തുടര്‍ന്നു യൂറോപ്യന്‍ യൂനിയന്‍ തീവ്ര മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച നാലുപേര്‍കൂടി മരിച്ചതോടെയാണ് അമേരിക്കയില്‍ കോവിഡ് 19 മരണസംഖ്യ ആറായി ഉയര്‍ന്നത്. ആറ് മരണവും വാഷിങ്ടണിലാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണയെ നേരിടാന്‍ യുഎസിലെ ഫ്‌ളോറിഡ സംസ്ഥാനത്ത് ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഫ്‌ളോറിഡയില്‍ രണ്ടു കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശനിയാഴ്ചയാണ് അമേരിക്കയില്‍ കൊറോണയെ തുടര്‍ന്ന് ആദ്യമരണം റിപോര്‍ട്ട് ചെയ്തത്. 91 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലഫോര്‍ണിയയില്‍ മാത്രം 20 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ന്യൂ ഹാംപ്‌ഷെയറില്‍ ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍മാന്‍ സിനിമയുടെ ന്യൂയോര്‍ക്കിലെ ആദ്യപ്രദര്‍ശനം റദ്ദാക്കി. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളിലായി 90,294 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3,000 കവിഞ്ഞു. കോവിഡ് ബാധ രൂക്ഷമായ ഇറാന്‍, ഇറ്റലി, ദക്ഷിണകൊറിയ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് അമേരിക്ക കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it