World

ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ആഗസ്ത് 21വരെ നീട്ടി കാനഡ

ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ആഗസ്ത് 21വരെ നീട്ടി കാനഡ
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി കാനഡ. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ക്കുള്ള വിലക്കാണ് കനേഡിയന്‍ സര്‍ക്കാര്‍ ആഗസ്ത് 21 വരെ നീട്ടിയത്. കൊവിഡ് രണ്ടാം തരംഗം അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. നിലവിലെ യാത്രാനിരോധനം ജൂലൈ 21ന് അവസാനിക്കാനിരിക്കെയാണ് ഒരുമാസം കൂടി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം. കൊവിഡ് രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളും ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതിനാലും ഏപ്രില്‍ 22ന് മുതല്‍ ഇത് നാലാം തവണയാണ് വിലക്ക് നീട്ടിനല്‍കുന്നത്.

പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനം നീട്ടുന്നതെന്ന് കനേഡിയന്‍ ആരോഗ്യവിഭാഗം അറിയിച്ചു. ഫൈസര്‍ ബയോടെക്, മോഡേണ, ആസ്ട്രാസെനെക്ക (കൊവിഷീല്‍ഡ്), ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നിവയാണ് കാനഡയില്‍ അടിയന്തര ഉപയോഗത്തിനായി അംഗീകാരമുള്ള വാക്‌സിനുകള്‍. നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കണമെന്ന് ഇന്ത്യ അടുത്തിടെ കനേഡിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.

ഒട്ടാവയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയമായ ഗ്ലോബല്‍ അഫയേഴ്‌സ് കാനഡയ്ക്ക് ഒരു കത്തും അയച്ചിരുന്നു. നേരത്തെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയും ഇന്ത്യയില്‍നിന്നുള്ള യാത്രികരുടെ വിലക്ക് നീട്ടിയിരുന്നു. നിലവിലെ സ്ഥിതി തുടരുമെന്നും മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ സര്‍വീസ് ഉണ്ടാവില്ലെന്നുമാണ് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചത്.

Next Story

RELATED STORIES

Share it