World

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; ബ്രിട്ടനില്‍ പ്രധാനമന്ത്രിയും എംപിമാരും നിരീക്ഷണത്തില്‍

ആഷ്ഫീല്‍ എംപി ലീ ആന്‍ഡേഴ്‌സണ് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വയം നിരീക്ഷണത്തിലായത്.

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; ബ്രിട്ടനില്‍ പ്രധാനമന്ത്രിയും എംപിമാരും നിരീക്ഷണത്തില്‍
X

ലണ്ടന്‍: പാര്‍ലമെന്റ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കൂടുതല്‍ എംപിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആഷ്ഫീല്‍ എംപി ലീ ആന്‍ഡേഴ്‌സണ് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വയം നിരീക്ഷണത്തിലായത്. തുടര്‍ന്ന് ആറ് എംപിമാരും രണ്ട് രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരും ഐസൊലേഷനില്‍ പ്രവേശിച്ചതായി ബിബിസി അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കൊവിഡ് പോസിറ്റീവായ ഒരാളുമായി പ്രധാനമന്ത്രി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയതായും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. നിലവില്‍ തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും പക്ഷേ, കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്നും ഔദ്യോഗിക വസതിയിലിരുന്ന് താന്‍ ജോലികള്‍ ചെയ്യുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. താന്‍ പൂര്‍ണ ആരോഗ്യവാനാണ്. യാതൊരു പ്രശ്‌നങ്ങളും തന്നെ അലട്ടുന്നില്ല. തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രിലില്‍ സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ ജോണ്‍സണ്‍ മൂന്നുദിവസം തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് നിയമപ്രകാരം 10 ദിവസത്തെ സ്വയം നിരീക്ഷണം നവംബര്‍ 26ന് അവസാനിക്കുമെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it