World

ചെങ്കടലില്‍ തകര്‍ന്നത് ഇന്ത്യയിലേക്കുള്ള കേബിളുകള്‍

ചെങ്കടലില്‍ തകര്‍ന്നത് ഇന്ത്യയിലേക്കുള്ള കേബിളുകള്‍
X

സനാ: ചെങ്കടലില്‍ തകര്‍ന്ന മൂന്ന് കേബിളുകളും ഇന്ത്യ വഴി ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നത്. ചെങ്കടലിലെ ട്രാഫിക്കിന്റെ 25 ശതമാനം വരുന്ന യൂറോപ്പ് ഇന്ത്യ ഗേറ്റ്വേ (ഇ.ഐ.ജി), സീകോം, എ.എ.ഇ-1 എന്നീ കേബിളുകളായിരുന്നു തകര്‍ന്നത്.യു.കെ മുതല്‍ മുംബൈ വരെയുള്ളതാണ് ഇ.ഐ.ജി, സീകോം ഫ്രാന്‍സില്‍ നിന്ന് ചെങ്കടല്‍ വഴി ഇന്ത്യയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും നീളുന്നു. എ.എ.ഇ -1 ഇന്ത്യ, ദക്ഷിണ കിഴക്കന്‍ ഏഷ്യ, ഹോങ് കോങ് എന്നീ പ്രദേശങ്ങളെ ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് എന്നിവയുമായാണ് ബന്ധിപ്പിക്കുന്നത്. നിലവില്‍ ഈ കേബിളുകള്‍ വഴിയുള്ള ഇന്റര്‍നെറ്റ് മറ്റ് കേബിളുകളിലേക്ക് റീ-റൂട്ട് ചെയ്തിരിക്കുകയാണ്. തകര്‍ന്ന കേബിളുകള്‍ അടുത്ത കാലത്തൊന്നും ശരിയാക്കുവാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യെമന്റെ സമുദ്രപരിധിയില്‍ വരുന്ന പ്രദേശത്തേക്ക് കപ്പല്‍ എത്തിക്കുവാന്‍ അവരുടെ അനുമതി നേടണം എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൂത്തികളെ യു.എസ് തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അവര്‍ക്ക് മേല്‍ ബ്രിട്ടന്‍ ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഹൂത്തികളുമായി കമ്പനികള്‍ക്ക് വാണിജ്യ കരാറുകള്‍ സ്ഥാപിക്കാന്‍ കഴിയില്ല.റിപ്പയറിങ്ങിനുള്ള കപ്പല്‍ എത്തിക്കുന്നതിനുള്ള കാലതാമസവും വര്‍ധിച്ചുവരുന്ന ചെലവുമാണ് പിന്നോട്ടടിപ്പിക്കുന്ന മറ്റ് കാരണങ്ങള്‍. ഒരു ദിവസം 1,50,000 ഡോളര്‍ എങ്കിലും ചെലവ് വരുമെന്ന് വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


അതേസമയം കേബിളുകള്‍ ആരെങ്കിലും തകര്‍ത്തതാകാന്‍ സാധ്യതയില്ലെന്നും ആകസ്മികമായ അപകടമായിരിക്കുമെന്നും വാഷിങ്ടണിലെ ടെലി കമ്മ്യൂണിക്കേഷന്‍സ് സ്ഥാപനമായ ടെലി ജോഗ്രഫിയുടെ സീനിയര്‍ അനലിസ്റ്റ് പോള്‍ ബ്രോഡ്‌സ്‌കി പറഞ്ഞു. ഫെബ്രുവരി 18ന് ഹൂത്തികളുടെ മിസൈല്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള റൂബിമാര്‍ എന്ന കപ്പല്‍ മാര്‍ച്ച് രണ്ടിന് മുങ്ങിയിരുന്നു. മുങ്ങുന്നതിന് വടക്കോട്ട് നീങ്ങിയ റൂബിമാര്‍ കാരണമാകാം കേബിളുകള്‍ക്ക് തകരാറ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.




Next Story

RELATED STORIES

Share it