World

വ്യഭിചാരത്തിനും സ്വവര്‍ഗരതിക്കും കല്ലെറിഞ്ഞു കൊല്ലും, കട്ടാല്‍ കൈ വെട്ടും; ബ്രൂണെയില്‍ നിയമം കര്‍ശനമാക്കുന്നു

2019 ഏപ്രില്‍ മൂന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക

വ്യഭിചാരത്തിനും സ്വവര്‍ഗരതിക്കും കല്ലെറിഞ്ഞു കൊല്ലും, കട്ടാല്‍ കൈ വെട്ടും; ബ്രൂണെയില്‍ നിയമം കര്‍ശനമാക്കുന്നു
X

മലേസ്യ: ശരീഅത്ത് നിയമം നടപ്പാക്കുന്ന ബ്രൂണെയില്‍ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ നിയമ പരിഷ്‌കരിക്കുന്നു. വ്യഭിചാരത്തിലും സ്വവര്‍ഗരതിയിലും ഏര്‍പ്പെടുന്നവരെകല്ലെറിഞ്ഞു കൊല്ലുന്ന ശിക്ഷ നടപ്പാക്കാനാണു നിര്‍ദേശം. മോഷണക്കുറ്റത്തിന് ആദ്യതവണ പിടിക്കപ്പെട്ടാല്‍ വലതുകൈ വെട്ടിമാറ്റും. ആവര്‍ത്തിച്ചാല്‍ ഇടതുകാല്‍ മുറിക്കും. കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാന്‍ കടുത്ത ശിക്ഷകള്‍ വേണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യഭിചാരത്തിനും സ്വവര്‍ഗരതിക്കും കടുത്ത ശിക്ഷ ഏര്‍പ്പെടുത്താന്‍ ഭരണകൂടം നേരത്തെ തീരുമാനിച്ചത്.

2019 ഏപ്രില്‍ മൂന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. 2014 മുതല്‍ നിയമമുണ്ടെങ്കിലും പുതിയ ഭേദഗതികളോടെയുള്ള നിയമം ബ്രൂണെ അറ്റോര്‍ണി ജനറലിന്റെ വെബ്‌സൈറ്റിലാണ് പ്രഖ്യാപിച്ചത്. സുല്‍ത്താന്‍ ഹസനുല്‍ ബോല്‍ക്കിയ ഭരിക്കുന്ന ബ്രൂണെയില്‍ സ്വവര്‍ഗരതി നേരത്തേ നിയമവിരുദ്ധമാണ്. എന്നാല്‍ കഴിഞ്ഞ ഡിസംബറിലാണ് സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലുന്ന നിയമം നടപ്പാക്കാന്‍ നിര്‍ദേശമുയര്‍ന്നത്. ഇതനുസരിച്ച് ഭരണകൂടം പുതിയ നിയമങ്ങളും വകുപ്പുകളും നിര്‍മിച്ചു. ഏപ്രില്‍ മൂന്നിന് ഭേഗദതി ചെയ്ത നിയമങ്ങളെ കുറിച്ചുസുല്‍ത്താന്‍ പ്രഖ്യാപനം നടത്തും.

അതേസമയം, ഇത്തരം ശിക്ഷ നടപ്പാക്കുന്നതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ശിക്ഷാരീതികള്‍ മനുഷ്യത്വരഹിതമാണെന്നും രാജ്യത്തെ പിന്നോട്ടടിക്കുമെന്നും ഇവര്‍ വാദിക്കുന്നു. പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നത് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു. നാലര ലക്ഷം ജനസംഖ്യ മാത്രമുള്ള ബ്രൂണെയാണ് മേഖലയില്‍ ആദ്യമായി ശരീഅത്ത് നിയമം കൊണ്ടുവന്നത്.




Next Story

RELATED STORIES

Share it